|    Mar 30 Thu, 2017 8:02 pm
FLASH NEWS

ഹിസ്‌ബെ ഇസ്‌ലാമിയുമായി സമാധാന കരാര്‍ ഒപ്പുവച്ചു

Published : 30th September 2016 | Posted By: SMR

കാബൂള്‍: ഗുല്‍ബുദ്ദീന്‍ ഹിക്മതിയാറുടെ നേതൃത്വത്തിലുള്ള ഹിസ്‌ബെ ഇസ്‌ലാമി സായുധ സംഘടനയും അഫ്ഗാന്‍ സര്‍ക്കാരും സമാധാന കരാറില്‍ ഒപ്പുവച്ചു. തലസ്ഥാനമായ കാബൂളില്‍ നടന്ന ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കരാറില്‍ ഒപ്പുവച്ചു. ചടങ്ങ് അഫ്ഗാന്റെ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തു. ചടങ്ങില്‍ വീഡിയോ  വഴിയാണ് ഹിക്മതിയാര്‍ പങ്കെടുത്തത്.
2011ല്‍ താലിബാനുമായി യുദ്ധം ആരംഭിച്ച ശേഷം അഫ്ഗാന്‍ സര്‍ക്കാര്‍ ഇതാദ്യമായാണ് ഒരു സായുധസംഘടനയുമായി സമാധാന കരാറിലെത്തുന്നത്. കൂടുതല്‍ സംഘടനകളുമായി സമാനമായ കരാറിലെത്താന്‍ ഇനി അഫ്ഗാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ഭാവിയില്‍ താലിബാനുമായി സമാധാന കരാറിലെത്തുന്നതിനുള്ള വഴി തുറന്നിരിക്കുകയാണെന്നും ഹിസ്‌ബെ ഇസ്‌ലാമിയുമായുള്ള കരാറിനെ സ്വാഗതം ചെയ്ത ലോകരാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു.
ഇത് താലിബാനും മറ്റു സായുധ സംഘടനകള്‍ക്കും അവരുടെ തീരുമാനമെന്തെന്ന് വ്യക്തമാക്കാനുള്ള സന്ദര്‍ഭമാണെന്ന് കരാര്‍ ഒപ്പുവച്ച ശേഷം ടെലിവിഷനിലൂടെ നടത്തിയ പ്രഭാഷണത്തില്‍ അഷ്‌റഫ് ഗനി അഭിപ്രായപ്പെട്ടു. ഹിക്മതിയാറിനെതിരായ അന്താരാഷ്ട്ര ഉപരോധം എടുത്തുമാറ്റുന്നതിനായി യുഎന്നിലും യുഎസിനോടും സമ്മര്‍ദം ചെലുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഗനി വ്യക്തമാക്കി.
അല്‍ഖാഇദയുമായും താലിബാനുമായും ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹിക്മതിയാറിനെ യുഎസിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഒഴിവാക്കിയാല്‍ ഹിക്മാതിയാറിന് അഫ്ഗാനിസ്താനിലേക്ക് തിരിച്ചെത്താനാവും. 20 വര്‍ഷം മുമ്പ് അഫ്ഗാനില്‍നിന്നു നാടുകടത്തിയ ഹിക്മതിയാര്‍ ഇപ്പോള്‍ പാകിസ്താനിലുണ്ടെന്നാണ് കരുതുന്നത്. ഉപരോധങ്ങള്‍ ആഴ്ചകള്‍കുള്ളില്‍തന്നെ നീക്കപ്പെടാനാണ് സാധ്യതയെന്ന് ഹിസ്‌ബെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘാംഗമായ അമീന്‍ കരീം പറഞ്ഞു.
ഹിക്മതിയാര്‍ 80കളില്‍ സോവിയറ്റ് വിരുദ്ധ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്നു. 1992-96 കാലത്തെ ആഭ്യന്തരയുദ്ധത്തില്‍ ആയിരക്കണക്കിനു സിവിലിയന്‍മാരെ കൊലപ്പെടുത്തിയെന്ന ആരോപണവും ഹിക്മതിയാറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്‌ക്കെതിരേ നിലനില്‍ക്കുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day