|    Feb 27 Mon, 2017 8:00 am
FLASH NEWS

ഹിലരിയുടെ തോല്‍വിക്ക് കാരണങ്ങള്‍ ഏറെ

Published : 10th November 2016 | Posted By: Navas Ali kn

hillary-clinton-012

ന്യൂയോര്‍ക്ക്: സ്ത്രീവിരുദ്ധവും ലൈംഗികച്ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുവന്ന ബെര്‍ണീ സാന്റേഴ്‌സിന്റെ കടുത്ത വിമര്‍ശനങ്ങള്‍ ഇവയൊക്കെയാണ് ഹിലരി ക്ലിന്റന്റെ ദയനീയമായ തോല്‍വിക്കു കാരണമെന്നു വിലയിരുത്തല്‍. മൊത്തം വോട്ടുകളില്‍ ഹിലരിക്ക് നേരിയ ഭൂരിപക്ഷമുണ്ടെങ്കിലും ഇലക്ടറല്‍ വോട്ടുകളില്‍ ഭൂരിപക്ഷം ഡോണള്‍ഡ് ട്രംപിനായിരുന്നു. 2000ത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ അല്‍ഗോറിന് എതിര്‍സ്ഥാനാര്‍ഥിയായ ജോര്‍ജ് ബുഷിനേക്കാള്‍ കൂടുതല്‍ വോട്ടു കിട്ടിയിരുന്നുവെങ്കിലും ഇലക്ടറല്‍ കോളജിന്റെ ഭൂരിപക്ഷം ബുഷിനായിരുന്നതിനാല്‍ ബുഷാണ് വൈറ്റ്ഹൗസിലെത്തിയത്. ഒരു സംസ്ഥാനത്തുനിന്നുള്ള ഇലക്ടറല്‍ വോട്ടുകള്‍ അവിടെ ഭൂരിപക്ഷം നേടുന്ന സ്ഥാനാര്‍ഥിക്കു മൊത്തം ലഭിക്കുന്നതാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമം. ഇതുകാരണം ചില ലോബികള്‍ക്കു പലപ്പോഴും ഭൂരിപക്ഷ വോട്ടിനെ മറികടക്കാന്‍ കഴിയും.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കുറവ് ജനപ്രീതിയുള്ള സ്ഥാനാര്‍ഥിയായിരുന്നു ഹിലരി. ക്ലിന്റണ്‍ അധികാരത്തിലിരുന്ന കാലത്തുയര്‍ന്നുവന്ന ലൈംഗികാപവാദം റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത് അതിനൊരു കാരണമായി. ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണവിഭാഗം ബില്‍ ക്ലിന്റണുമായി ശാരീരികബന്ധം പുലര്‍ത്തിയ മോണിക്ക ലെവിന്‍സ്‌കിയെയും ഹിലരിയെയും താരതമ്യംചെയ്യുന്ന പരാമര്‍ശങ്ങളാണു സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ട്രംപിന്റെ വിമര്‍ശനങ്ങളും വളരെ നിലവാരം കുറഞ്ഞതായിരുന്നു. സ്വന്തം ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനാവാത്ത ഹിലരിക്ക് രാജ്യത്തെ തൃപ്തിപ്പെടുത്താനാവുമോ എന്നായിരുന്നു ട്രംപിന്റെ ഒരു ചോദ്യം.
ഭര്‍ത്താവ് ക്ലിന്റനെ പോലെ ഹിലരി വലിയ ഫീ വാങ്ങുന്ന പ്രഭാഷണ പരിപാടികള്‍ നടത്തിയതും വലിയ വിമര്‍ശനത്തിനു വഴി വച്ചു. അവര്‍വാള്‍ സ്ട്രീറ്റിന്റെ ഓമനയായിരുന്നെന്നായിരുന്നു പ്രചാരണം. ആര്‍ക്കന്‍സസില്‍ ഉണ്ടായ ഒരു സ്വത്തിടപാടില്‍ അവര്‍ക്കുണ്ടായിരുന്ന പങ്കിനെ പറ്റിയുള്ള വാര്‍ത്തകളും ഒട്ടും സഹായകമായിരുന്നില്ല. മാത്രമല്ല ബില്ലുമായുള്ള വിവാഹം ഹിലരിക്ക് തൊഴിലിലും രാഷ്ട്രീയത്തിലും മുന്നേറാനുള്ള ഏണിപ്പടി എന്ന നിലയ്ക്കായിരുന്നു പല മാധ്യമങ്ങളും വിലയിരുത്തിയത്. തന്റേടിയായ ഒരു വനിത എന്ന നിലയ്ക്കുള്ള വിലയിരുത്തലുകളും അനല്‍പ്പമായ സ്ത്രീവിരോധമുള്ള വലതുപക്ഷക്കാരെ കുപിതരാക്കിയിരുന്നു. വിവാദങ്ങളില്‍ ചെന്നുവീഴാനുള്ള വൈദഗ്ധ്യം തിരഞ്ഞെടുപ്പിന്റെ അവസാനനാളുകളില്‍ അവര്‍ക്കു വലിയ വിനയായി. വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് സ്വകാര്യ ഇ-മെയില്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു സന്ദേശങ്ങള്‍ കൈമാറിയതായിരുന്നു ഒരു വിഷയം. കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ അതുസംബന്ധിച്ച് 250 പേജുള്ള ഒരു റിപോര്‍ട്ട് തയ്യാറാക്കിയതില്‍ ഹിലരിയുടെ മേല്‍ കുറ്റം ചാര്‍ത്തിയിരുന്നില്ല. എന്നാല്‍ മറ്റു സമ്മര്‍ദങ്ങള്‍ക്കു വിധേയമായി എന്നു കരുതപ്പെടുന്നു. എഫ്ബിഐ ഒരാഴ്ച മുമ്പ് അത് വീണ്ടും വിവാദമാക്കി. പിന്നീട് നവംബര്‍ ഏഴിനാണ് ഹിലരി കുറ്റക്കാരിയല്ലെന്നു പറഞ്ഞ് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി രംഗത്തുവരുന്നത്. എന്നാല്‍ അതിനകം കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
ലിബിയയില്‍ നാല് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ട സംഭവത്തിലും ഹിലരിയെ ആക്രമിക്കാന്‍ വലതുപക്ഷം ശ്രമിച്ചിരുന്നു. വെള്ളക്കാരായ ഏഴ് അമേരിക്കന്‍ പുരുഷന്‍മാരില്‍ ആറുപേര്‍ ട്രംപിന് വോട്ടുചെയ്യുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. സ്ത്രീകളാവട്ടെ, അവസാനഘട്ടത്തിലാണു ഹിലരിക്ക് വേണ്ടി വ്യാപകമായി രംഗത്തുവന്നത്. ഒരേയവസരം വലതുപക്ഷത്ത് ട്രംപിനെയും ഇടതുപക്ഷത്തെ സാന്റേഴ്‌സിനെയും നേരിടേണ്ടിവന്നതാണു യേല്‍ സര്‍വകലാശാലയില്‍ നിന്നു പ്രശസ്തമായ നിലയില്‍ അഭിഭാഷകബിരുദം നേടിയ, വാഷിങ്ടണ്‍ എസ്റ്റാബ്ലിഷ്‌മെന്റിലെ ഇന്‍സൈഡര്‍ എന്നു പറയാവുന്ന സ്ഥാനാര്‍ഥിയെ നിലംപരിശാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 235 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day