|    Nov 17 Sat, 2018 5:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിരോഷിമ: പൊള്ളുന്ന ഓര്‍മകള്‍ക്ക് 73 വര്‍ഷം

Published : 7th August 2018 | Posted By: kasim kzm

ടോക്കിയോ: ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ഹിരോഷിമ ആണവദുരന്തത്തിന് 73 വര്‍ഷം തികഞ്ഞു. ലോകത്ത് അണ്വായുധം ഉപയോഗിച്ച ഒരേയൊരു യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. 1945 ആഗസ്ത് 6നു രാവിലെ 8:15നായിരുന്നു ജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ജപ്പാന്റെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അധ്യായമായ അണുബോംബ് വര്‍ഷത്തില്‍ 1,40,000 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.
1945ല്‍ 250 കോടി ഡോളര്‍ മുടക്കിയാണ് അമേരിക്ക ‘ലിറ്റില്‍ ബോയ്’ (ചെറിയ കുട്ടി) എന്നു പേരുള്ള അണുബോംബ് നിര്‍മിച്ചത്. അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്റ്റിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ വര്‍ഷിച്ചത്. ജനറല്‍ പോള്‍ ടിബറ്റ്‌സ് പറപ്പിച്ച എനോല ഗേ 29 എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ വര്‍ഷിച്ചത്. അത് 13 ചതുരശ്ര കിലോമീറ്റര്‍ ജനവാസമേഖലയെ ചാരക്കൂമ്പാരമാക്കിമാറ്റി. ഉയര്‍ന്നുപൊങ്ങിയ കൂണ്‍മേഘങ്ങളില്‍ ഹിരോഷിമാ നഗരം ഉരുകിത്തിളച്ചു. രണ്ടാം ലോകയുദ്ധം ആരംഭിച്ചിട്ട് അന്നേക്ക് ആറുവര്‍ഷമായിരുന്നു.
ബോംബ് വര്‍ഷത്തിന്റെ അണുപ്രസരണം മൂലം ഒന്നരലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് അംഗവൈകല്യം ബാധിച്ചു. ഇന്നും അണുവികിരണത്തിന്റെ പരിണത ഫലങ്ങള്‍ ഇവിടത്തെ ജനങ്ങളെ വേട്ടയാടുന്നു. മൂന്നുദിവസത്തിനു ശേഷം ആഗസ്ത് 9ന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിച്ചു ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ആത്രയും ആളുകള്‍ നാഗസാക്കിയിലും കൊല്ലപ്പെട്ടു. അതോടെ 1939ല്‍ ആരംഭിച്ച രണ്ടാം ലോകയുദ്ധം 1945 ആഗസ്ത് 15ന് ജപ്പാന്റെ കീഴടങ്ങലിലൂടെയും സപ്തംബര്‍ 2ന് ഒപ്പുവച്ച കരാറിലൂടെയും അവസാനിച്ചു.
അണുവിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റം ബോംബുണ്ടാക്കിയവരും പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം പിന്നീട് തെറ്റ് ഏറ്റുപറഞ്ഞു. ആ നഗരത്തില്‍ ജനിച്ചുവീണ കുഞ്ഞുങ്ങള്‍പോലും ദുരന്തങ്ങളുടെ നോവുപേറി. പക്ഷേ, ഹിരോഷിമ വീണ്ടും പഴയ പ്രൗഢി തിരിച്ചുപിടിച്ചു. 73 വര്‍ഷത്തിനിപ്പുറം ഒരു ജനതയുടെ നീണ്ട അര്‍പ്പണത്തിന്റെ സാക്ഷ്യപത്രമായി ലോകത്തെ സുന്ദരനഗരങ്ങളിലൊന്നായി ഇന്നും നിലകൊള്ളുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss