|    Jan 21 Sun, 2018 10:37 am
FLASH NEWS
Home   >  Editpage  >  Article  >  

ഹിരോഷിമാനന്തര കാലത്തെ ജനാധിപത്യം

Published : 6th August 2017 | Posted By: fsq

ബാബുരാജ് ബി എസ്

മൂന്നുവര്‍ണങ്ങളിലാണ് അതു സംഭവിച്ചത്. കറുപ്പ്, ചുവപ്പ്, കാപ്പി. കനത്ത ബോംബ് സ്‌ഫോടനം സൂര്യനെ മറച്ചപ്പോള്‍ കറുത്തനിറത്തില്‍ ലോകം ഇരുട്ടിലമര്‍ന്നു. പരന്നൊഴുകിയ രക്തവും ആര്‍ത്തുയര്‍ന്ന തീജ്വാലകളും ലോകത്തെ ചുവപ്പിച്ചു. ഹിരോഷിമ ബാങ്കിലെ 19കാരി അകികോ തകാകുറയുടെ തലച്ചോറില്‍ മൂന്നു നിറങ്ങളിലാണ് ആ ദുരന്തം എഴുതപ്പെട്ടത്. പക്ഷേ, അവള്‍ ജീവിച്ചിരുന്നു. മരണത്തിന്റെ കടുംവര്‍ണങ്ങള്‍ ലോകത്തിനു പകര്‍ന്നുനല്‍കാന്‍ മാത്രം. യുദ്ധം നോവലായും സിനിമയായും മാത്രം ജീവിതത്തിലേക്കു കടന്നുവന്ന ജനതയാണ് നമ്മുടേത്. സ്‌കൈലാബാണ് നമ്മെ ഭയപ്പെടുത്തിയതില്‍ വച്ച് ‘ഭീകരം.’ അതാവട്ടെ അമേരിക്ക വിക്ഷേപിച്ച ഒരു കൃത്രിമോപഗ്രഹം മാത്രവും. സ്‌കൈലാബ് എങ്ങാനും വീണെങ്കിലോ എന്നു കരുതി സ്‌കൂളില്‍ പോവാന്‍ മടിച്ച ഒരു തലമുറ യുവത്വം വിട്ടതേയുള്ളൂ. തീവണ്ടിയോഫിസില്‍ മിലിട്ടറി കൂപ്പയിലേക്ക് ഭയത്തോടെ നോക്കിയ അവര്‍ക്ക് അതിര്‍ത്തിയില്‍നിന്നു വരുന്ന വീരസ്യത്തിന്റെ പട്ടാളക്കഥകളായിരുന്നു ഏക യുദ്ധാനുഭവം. പുറത്തെ കഥ തികച്ചും വ്യത്യസ്തം. ഒന്നാം ലോകയുദ്ധം അവസാനിക്കുമ്പോഴേക്കും അതു ലോകത്താകെ 4.5 കോടി ജനങ്ങളെ ബാധിച്ചുകഴിഞ്ഞിരുന്നു. 1.70 കോടി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരുടെയും കാണാതായവരുടെയും എണ്ണം ഏതാനും കോടികള്‍ വരും. രണ്ടാം ലോകയുദ്ധത്തിന്റെ കണക്ക് അതിനേക്കാള്‍ ഭീകരം. ആറുകോടി പേരാണ് മൊത്തം മരിച്ചത്. അവരില്‍ 38 മുതല്‍ 55 ശതമാനം വരെ പൊതുജനങ്ങള്‍. ഒന്നരക്കോടിയോളംപേര്‍ അസുഖബാധിതരായി. യുദ്ധത്തില്‍ തോറ്റുപോയിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് അമേരിക്ക ആ രാജ്യത്തിനു മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കി. രണ്ടു കാരണങ്ങളാലാണ് ഹിരോഷിമാനന്തരയുഗം വ്യത്യസ്തമാവുന്നത്. ഒന്നാമതായി മൂത്തുപഴുത്ത് പൊട്ടിത്തെറിക്കുന്ന ലോകയുദ്ധത്തെക്കുറിച്ചുള്ള ഭാവനകള്‍ക്കു വിരാമമായി. ലോകം നിരന്തരയുദ്ധത്തിലേക്കു കൂപ്പുകുത്തി. മൂന്നാം ലോകയുദ്ധമെന്ന സങ്കല്‍പം തന്നെ, ഇനിയുള്ള കാലം അപ്രസക്തമാണ്. യുദ്ധം ഒരു സാധാരണനിലയും സമാധാനം ഒറ്റപ്പെട്ടതുമായി മാറുകയാണ്. യുദ്ധകാലമൊന്നൊന്നില്ലതന്നെ. യുദ്ധത്തിന്റെ കേന്ദ്രം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറിപ്പോവുകയാണ്. യുദ്ധം ഒരു മാര്‍ഗം മാത്രമല്ല, ലക്ഷ്യംകൂടിയാണ്. ലോകത്തേക്കു വച്ച് ഏറ്റവും ലാഭകരമായ സ്ഥാപനം.  യുദ്ധം അതിന്റെ പഴയ വേഷം എപ്പോഴേ ഉപേക്ഷിച്ചുകഴിഞ്ഞു. ഇന്നതിന് അതിര്‍ത്തിയിലേക്കു വണ്ടികയറേണ്ടതില്ല. കമ്പിവേലിക്കു പുറത്തെ നോമാന്‍സ് ലാന്‍ഡിലേക്ക് കണ്ണയക്കുകയും വേണ്ട. അത് നമുക്കു ചുറ്റിലുമുണ്ട്. അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടിത്തന്നെ. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്താകമാനം വലിയതോതിലുള്ള 284 സായുധനീക്കങ്ങളുണ്ടായി. അതില്‍ 201ഉം അമേരിക്കന്‍ പിന്തുണയോടെയായിരുന്നു. അമേരിക്കക്കാര്‍ കൊന്നൊടുക്കിയവരുടെ എണ്ണം മൂന്നുകോടി വരും. അതില്‍ 90 ശതമാനവും കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാര്‍. നാത്‌സികള്‍ നടത്തിയ കൂട്ടക്കൊലകളേക്കാള്‍ അധികം. സൈനിക-സൈനികേതര നിര്‍വചനങ്ങളില്‍ വന്ന മാറ്റമാണ് ഈ കാലഘട്ടത്തെ ഏറ്റവും ഭീകരയാഥാര്‍ഥ്യം. പാരാമിലിട്ടറി ഫോഴ്‌സ് മിലിട്ടറി ഫോഴ്‌സിനെ താമസിയാതെ കവച്ചുവയ്ക്കുമെന്ന് സൈനിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഒരുപക്ഷേ, യുദ്ധമെന്ന സ്ഥാപനം രൂപംകൊടുത്ത ഏറ്റവും നശീകരണക്ഷമമായ ആശയവും ഇതായിരിക്കും. പൗരന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സോഫ്റ്റായ ടാര്‍ജറ്റാണല്ലോ. രാഷ്ട്രങ്ങള്‍ ബോധപൂര്‍വം വളര്‍ത്തിയെടുത്തതോ രൂപംകൊണ്ടതോ ആയ സുരക്ഷാഭീഷണിയെക്കുറിച്ചുള്ള ആശങ്കകളും ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധവും ഈ ആശയത്തിന് നിയമാനുസൃതത്വം നേടിക്കൊടുക്കുന്നു.  ലോകത്ത് ഏറ്റവും കൂടുതല്‍ പാരാമിലിട്ടറി യോദ്ധാക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ഇന്ത്യയിലെ നല്ലൊരു ശതമാനം സംസ്ഥാനങ്ങളും ആഭ്യന്തരസുരക്ഷയുടെ പേരില്‍ ഇന്ന് പാരാമിലിട്ടറി വിഭാഗങ്ങളുടെ കൈപ്പിടിയിലാണ്. കശ്മീര്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരെ നമുക്കിതു കാണാം. അവരെ സംബന്ധിച്ചിടത്തോളം ഭരണകൂടം അധിനിവേശ ഭരണകൂടവും നിയമം യുദ്ധനിയമവുമാണ്. ദണ്ഡകാരണ്യത്തില്‍ ബോംബിങ് നടത്താന്‍ തുടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം പൗരത്വത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ് കാറ്റില്‍പറത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day