|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍: വ്യാപക അക്രമം

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വിലക്കു ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംഘപരിവാരം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഹര്‍ത്താല്‍ അനുകൂലികള്‍, രോഗികളുമായി പോയ ആംബുലന്‍സുകള്‍ വരെ തടഞ്ഞിട്ടു. വിവിധ അക്രമസംഭവങ്ങളിലായി മാധ്യമപ്രവര്‍ത്തകയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി പേര്‍ കുടിവെള്ളം പോലും ലഭിക്കാതെ പെരുവഴിയിലായി. വ്യാപക കല്ലേറിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
രോഗിയെ സന്ദര്‍ശിക്കാനായി ഭര്‍ത്താവുമായി പോവുകയായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ സാനിയോ മനോമിയെയും ഭര്‍ത്താവും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെ മകനുമായ ജൂലിയസ് നികിതാസിനെയും കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ വാഹനം തടഞ്ഞുനിര്‍ത്തി ഒരു സംഘം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലേക്കു പോകും വഴി ഇവരെ വീണ്ടും അക്രമിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ കടയടപ്പിക്കാനെത്തിയവരും നാട്ടുകാരുമായുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ തലശ്ശേരി മല്‍സ്യ മാര്‍ക്കറ്റില്‍ കയറിയ അക്രമികള്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗങ്ങള്‍ നശിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു പണം അപഹരിച്ചതായും പരാതിയുണ്ട്. തിരൂരില്‍ പുലര്‍ച്ചെ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും ഏഴംഗ സംഘം മര്‍ദിച്ചു. പരിക്കേറ്റ ഡ്രൈവര്‍ കുറുകത്താണി കൈതക്കല്‍ നിയാസ് (28), കണ്ടക്ടര്‍ കോഴിയകത്ത് ജംഷീര്‍ (20) എന്നിവര്‍ ചികില്‍സയിലാണ്. പരിക്കേറ്റ അക്രമിസംഘത്തിലെ രണ്ടു പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. കോഴിക്കോട് കാരന്തൂരില്‍ ലോറിക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലരാമപുരത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സിപിഎം പൊതുസമ്മേളനത്തിനു നേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. എറണാകുളം വരാപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി.
ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇരുനൂറോളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചാലക്കുടി പോലിസ് സ്‌റ്റേഷനു മുന്നില്‍ നാമജപ ഉപരോധം നടത്തി. ഹര്‍ത്താല്‍ ആരംഭിച്ചപ്പോള്‍ തന്നെ തിരുവനന്തപുരം നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി.
വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തിയതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധി തീര്‍ത്ഥാടകര്‍ വഴിയില്‍ കുടുങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss