|    Jul 22 Sun, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം : ചെന്നിത്തല

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരം പ്രസംഗങ്ങള്‍ നിരന്തരം നടത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ്  വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ശശികലയ്ക്ക് ധൈര്യം നല്‍കുന്നത്. ഗൗരി ലങ്കേഷിനെപ്പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍ കൊല്ലപ്പെടാമെന്നാണ് ശശികല ഭീഷണി മുഴുക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംഘപരിവാര നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നിരന്തരം ഉണ്ടാവുന്നുണ്ട്. വര്‍ഗീയ ഫാഷിസത്തിനെതിരായി വാചകക്കസര്‍ത്തല്ലാതെ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നതിന്റെ തെളിവാണ് ആവര്‍ത്തിക്കപ്പെടുന്ന വിദ്വേഷ പ്രസ്താവനകള്‍. സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഇവര്‍ക്കെതിരേ  സര്‍ക്കാര്‍ കേസെടുക്കാത്തത്  അദ്ഭുതപ്പെടുത്തുന്നുവെന്നും  ചെന്നിത്തല പറഞ്ഞു. വായില്‍ തോന്നുന്നത് പറയാന്‍ മൗനാനുവാദം നല്‍കുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന യുജിസി ഐഐസിടി നിര്‍ദേശം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്യത്തിനു വേണ്ടി വലിയ സംഭാവനകള്‍ നല്‍കിയ നമ്മുടെ ദേശീയ നേതാക്കളെ തമസ്‌കരിക്കാനും പുതിയ ചില ആളുകളെ ദേശീയ നേതാക്കളായി വാഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്  നീക്കങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss