|    Nov 19 Mon, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹിന്ദുരാഷ്ട്ര വാദത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കാതോലിക്കാ സഭ

Published : 7th September 2017 | Posted By: fsq

 

തൃശൂര്‍: സംഘപരിവാരത്തിന്റെ ഹിന്ദുരാഷ്ട്രവാദത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരേ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രം കാതോലിക്കാസഭയുടെ പുതിയ ലക്കം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പുതിയ ഇന്ത്യയെന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായിട്ടാണു വിമര്‍ശനം. അടുത്ത അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ രാജ്യം പുതിയ ഇന്ത്യയായി മാറുമെന്നായിരുന്നു ചെങ്കോട്ടയില്‍നിന്നു രാജ്യത്തെ ജനങ്ങളോട് മോദി പറഞ്ഞത്. ബിജെപിയും ആര്‍ എസ്എസ്- സംഘപരിവാരങ്ങളും കൂടി അഞ്ചുവര്‍ഷംകൊണ്ട് രൂപപ്പെടുത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ആ പുതിയ ഇന്ത്യയില്‍ ദലിത്, ന്യൂനപക്ഷങ്ങള്‍ക്ക് എന്തായിരിക്കും സ്ഥാനമെന്നാണ് സപ്തംബര്‍ ലക്കം കാതോലിക്കാസഭയുടെ മുഖ്യവാര്‍ത്ത ഉന്നയിക്കുന്ന ചോദ്യം. ക്വിറ്റ് ഇന്ത്യാദിനത്തെപ്പറ്റി അദ്ദേഹം നടത്തിയ പ്രതിമാസ റേഡിയോ പ്രഭാഷണത്തിലും 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ബിജെപി സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പുതിയ ഇന്ത്യയെക്കുറിച്ചു വിശദീകരിച്ചിരുന്നു. ഈ പ്രഖ്യാപനം ശ്രദ്ധിച്ചപ്പോഴും ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന ചോദ്യവും  ഇതാണ്. ജൂണ്‍ 14 മുതല്‍ 18 വരെ ഗോവയില്‍ ഏതാനും തീവ്രഹിന്ദുത്വ സംഘടനകള്‍ പാസാക്കിയ പ്രമേയവും ഈ ജനവിഭാഗങ്ങളില്‍ ഉളവാക്കിയിട്ടുള്ള ആശങ്ക ചെറുതല്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. 2023ഓടെ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഗോമാംസം ഭക്ഷിക്കുന്നവരെ പരസ്യമായി തൂക്കിലേറ്റുമെന്നും വ്യക്തമാക്കിയിരുന്നു. തീവ്രഹിന്ദുത്വ വാദത്തിന്റെ ആചാര്യനായ വീര്‍ സവര്‍ക്കറുടെ ഹിന്ദുത്വ ഹിന്ദുരാഷ്ട്ര’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി വര്‍ഷമാണ് 2022. നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന 2022ലെ പുതിയ ഇന്ത്യയും ഹിന്ദുത്വവാദികളും ഹിന്ദുരാഷ്ട്രവും 2022 ലക്ഷ്യമിടുമ്പോള്‍ രണ്ടും ഒന്നാവാതെയിരിക്കട്ടെയെന്നാണ് ദലിത്, ന്യൂനപക്ഷവിഭാഗങ്ങളുടെ മൂകമായ അഭ്യര്‍ഥനയെന്നും പ്രസിദ്ധീകരണത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ദലിത്, മുസ്്‌ലിം വിഭാഗങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളോ 23ലധികം പേരെ ഗോരക്ഷാപ്രവര്‍ത്തകര്‍ തല്ലിക്കൊന്നതോ മോദി സൂചിപ്പിച്ചിട്ടില്ല. ഈ അക്രമങ്ങളും പട്ടാപ്പകലുള്ള തല്ലിക്കൊല്ലലും നടന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന യുപി, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണെന്നതും അദ്ദേഹം മറന്നു. ഭരണത്തിലേറി നാലുവര്‍ഷമാവുമ്പോഴും നരേന്ദ്രമോദിയെന്ന മുന്‍ ആര്‍എസ്എസ് നേതാവ് താന്‍ ഇന്ത്യയുടെ മുഴുവന്‍ പ്രധാമന്ത്രിയാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കാതോലിക്കാസഭ ആവശ്യപ്പെടുന്നത്. പുതിയ ഇന്ത്യയെന്ന മേച്ചില്‍പ്പുറത്തേക്കുള്ള അദ്ദേഹത്തിന്റെ കൈചൂണ്ടല്‍ വിശ്വസിക്കണമെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും ദലിതരെയും വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. അതില്ലാത്തിടത്തോളം പുതിയ ഇന്ത്യ അവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷം നീളുന്ന കാളരാത്രികളുടെ പേടിസ്വപ്‌നമായി നിലകൊള്ളുമെന്നും പ്രസിദ്ധീകരണം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss