|    Aug 15 Wed, 2018 6:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിന്ദുത്വ വികാരം ഉയര്‍ത്താന്‍ ഗ്രാമങ്ങളുടെ പേര് മാറ്റുന്നു; രാജസ്ഥാനില്‍ വിവാദ പേരുമാറ്റവുമായി ബിജെപി സര്‍ക്കാര്‍

Published : 11th August 2018 | Posted By: kasim kzm

ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍ എന്നാക്കിയതിനു സമാനമായി രാജസ്ഥാനില്‍ ഗ്രാമങ്ങളുടെ പേരുമാറ്റം. ഇസ്മായീല്‍പുര്‍, മുസ്‌ലിംകളുടെ വീട് എന്നര്‍ഥമുള്ള മിയോം കാ ബാര തുടങ്ങിയ ഗ്രാമങ്ങളുടെ പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റുന്നത്. ഇതിനായുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാസം അവശേഷിക്കവേ ഹിന്ദുത്വവികാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഗ്രാമങ്ങളുടെ പേരുമാറ്റം. സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു നേട്ടത്തിനായി മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടാനും മുസ്‌ലിംകളെ മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പേരുമാറ്റമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിയുടെ മുസ്‌ലിം വിരുദ്ധ മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാജീവ് ഗുപ്ത അഭിപ്രായപ്പെട്ടു.
ജുന്‍ജുനു ജില്ലയിലെ ഇസ്മായീല്‍പുര്‍ ഗ്രാമത്തിന്റെ പേര് പിചാന്‍വാ ഖുര്‍ദ് എന്നാണ് മാറ്റുന്നത്. ബാര്‍മര്‍ ജില്ലയിലെ മിയോം കാ ബാരയുടെ പേര് മഹേഷ് നഗര്‍ എന്നാക്കും. ജലോര്‍ ജില്ലയില്‍ നര്‍പാര എന്ന ഗ്രാമത്തിന്റെ പേര് നര്‍പുര എന്നാക്കാനും രാജസ്ഥാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു. ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ശിവക്ഷേത്രത്തിന്റെ സാന്നിധ്യം കാരണമാണ് മഹേഷ് നഗര്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന് പ്രദേശത്തെ ബിജെപി എംഎല്‍എ ഹമീര്‍സിങ് ബയാല്‍ പറഞ്ഞു. 10 വര്‍ഷത്തോളമായി ഗ്രാമവാസികള്‍ പേരുമാറ്റത്തിനായി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നതായും എംഎല്‍എ പറഞ്ഞു.
മുഹമ്മദ്പുര, നവാബ്പുര, ആജാംപുര്‍ എന്നീ ഗ്രാമങ്ങളുടെ പേരുകളും സര്‍ക്കാര്‍ മാറ്റാന്‍ ശ്രമിക്കുന്നതായി അനൗദ്യോഗിക വിവരമുണ്ട്. മേദി ക ഖേദ എന്നായാണ് മുഹമ്മദ്പുരയുടെ പേര് മാറ്റുന്നത്. ആജാംപുരിന്റെ പേര് സീതാറാംജീ കാ ഖേദ എന്നാക്കാനാണ് നീക്കം. നയീ സര്‍താല്‍, രാംപുര എന്നീ പേരുകളാണ് നവാബ്പുരയ്ക്കായി പരിഗണിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss