|    Apr 27 Fri, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിന്ദുത്വ ഭീകരത ഫണം വിടര്‍ത്തിയാടുമ്പോള്‍

Published : 14th October 2015 | Posted By: RKN

രാജ്യത്ത് ഹിന്ദുത്വ ഭീകരത അപകടകരമാംവിധം വര്‍ധിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണു ദിനേന പുറത്തുവരുന്നത്. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കുക എന്ന ലക്ഷ്യം വച്ച് സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ക്കു തുടക്കംകുറിച്ചതായി സമീപകാല സംഭവങ്ങള്‍ സൂചനനല്‍കുന്നു. ബീഫ് നിരോധനം, സംവരണ പ്രക്ഷോഭങ്ങള്‍, സംവരണം എടുത്തുകളയാനുള്ള നീക്കം തുടങ്ങി ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വധം മുതല്‍ ഒടുവില്‍ ദാദ്രി അടിച്ചുകൊല്ലല്‍ വരെയായി പട്ടിക നീളുകയാണ്. ഗോവിന്ദ് പന്‍സാരെ വധവുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ഥയുടെ മുഴുസമയ പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്‌വാദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു രാജ്യത്തു ചെറുതും വലുതുമായി ഹിന്ദുത്വ തീവ്രവാദി സംഘടനകള്‍ ആസൂത്രിതവും സംഘടിതവുമായി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ചില മാധ്യമങ്ങള്‍ ഇതുസംബന്ധമായി ഞെട്ടിക്കുന്ന വാര്‍ത്തകളാണു പുറത്തുവിട്ടത്.2023 ഓടെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ഥ നടത്തുന്ന കുറ്റകൃത്യങ്ങളുടെ ഭീതിജനകമായ വിവരണങ്ങള്‍ രാജ്യത്തു കേട്ടുകേള്‍വിയില്ലാത്തതാണ്. കൊല, കൊള്ളിവയ്പ്, ബലാല്‍സംഗം തുടങ്ങിയവയോടൊപ്പം ആളുകളെ കൂടെനിര്‍ത്താന്‍ ഹിപ്‌നോട്ടിസവും ഉപയോഗിക്കുന്നു. ഈ തന്ത്രം പ്രയോഗിച്ചു യുവതികളെയടക്കം ഒട്ടേറെ പേരെ സംഘടന വലയിലാക്കിയിട്ടുണ്ട്. സംഘടനയുടെ സ്ഥാപകനായ ഡോ. ജെ ബി അത്താവ്‌ലെ അറിയപ്പെടുന്ന ഹിപ്‌നോട്ടിക് വിദഗ്ധനാണ്. ഈ വിദ്യ ഉപയോഗിച്ച് മനുഷ്യനെ അടിമയെപ്പോലെ നിയന്ത്രിക്കുന്നതില്‍ വിദഗ്ധനാണ് അദ്ദേഹം. 25  വര്‍ഷത്തോളമായി ഈ രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് അത്താവ്‌ലെ. ഭാര്യ കെ ജെ അത്താവ്‌ലെയുമൊത്ത് ഇദ്ദേഹം രചിച്ച ‘ക്ലിനിക്കല്‍ ഹിപ്‌നോസിസില്‍’ ഇതുസംബന്ധിച്ചു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ഒരാളെ വരുതിയിലാക്കിക്കഴിഞ്ഞാല്‍ പ്രത്യേക വ്യക്തിയുടെ ശബ്ദത്തിലൂടെ മാത്രം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചെന്ന പോലെ പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് അതില്‍ പറയുന്നു. മറ്റൊരു വ്യക്തിക്കോ, എന്തിന് ഒരു ഹിപ്‌നോട്ടിക് വിദഗ്ധനു പോലുമോ അയാളെ പിന്നീട് നിയന്ത്രിക്കാനാവില്ലത്രെ. പ്രത്യേക വ്യക്തിയുടെ ശബ്ദം ഒരു പാസ്‌വേര്‍ഡ് പോലെ അയാളെ നിയന്ത്രിക്കും. പന്‍സാരെ കൊലക്കേസില്‍ അറസ്റ്റിലായ സമീര്‍ ഗെയ്ക്‌വാദ് ഏറെക്കാലം അത്താവ്‌ലെയുടെ ശിഷ്യനായിരുന്നു. പോലിസ് അറസ്റ്റ് ചെയ്തശേഷവും ഒരുകാര്യവും വ്യക്തമായി പറയാത്ത ഗെയ്ക്‌വാദിന്റെ നടപടി പോലിസ് വൃത്തങ്ങളില്‍ ഏറെ അദ്ഭുതമുളവാക്കുകയുണ്ടായി. ഭൂതകാലത്തെ ഓര്‍മകളെ തീരെ മായ്ച്ചുകളയാനുള്ള ശക്തിയെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു. സംഘടന രൂപീകരിക്കുന്നതിന് ഏഴുവര്‍ഷം മുമ്പ് രചിച്ച ഈ പുസ്തകത്തിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി അഖില ഭാരതീയ അന്ധവിശ്വാസ നിര്‍മാര്‍ജനസമിതി അധ്യക്ഷനായിരുന്ന ശ്യാം മാനവ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരുന്ന ആര്‍ ആര്‍ പാട്ടീലിന് സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിനല്‍കിയിരുന്നു. എ.ടി.എസ്. തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ, എന്‍.സി.പി. നേതാവ് ശരത് പവാര്‍ എന്നിവരെയും ഇതുസംബന്ധിച്ചു കണ്ടിരുന്നതായി ശ്യാം മാനവ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. എങ്കിലും ഭരണാധികാരികളുടെ അനാസ്ഥകാരണം നടപടികള്‍ ഒന്നുമുണ്ടായില്ല. തൊണ്ണൂറുകളിലാണു സനാതന്‍ സന്‍സ്ഥ രൂപം കൊണ്ടത്. എന്നാല്‍ 2008ല്‍ ഗോവന്‍ ഒബ്‌സര്‍വര്‍ പത്രം പ്രസിദ്ധീകരിച്ച ചില ചിത്രങ്ങളാണ് സംഘടനയെക്കുറിച്ച് പുറംലോകമറിയാന്‍ കാരണമായത്. സന്‍സ്ഥയുടെ ധര്‍മശക്തിസേന വിഭാഗം തലവനായിരുന്ന വിനയ് പാന്‍വാല്‍ക്കര്‍ എയര്‍ ഗണ്ണടക്കമുള്ള ആയുധങ്ങളുമായി പരിശീലനം നടത്തുന്ന ചിത്രമാണ് അന്നു പുറത്തു വന്നത്. സന്‍സ്ഥയുടെ മുഖ്യ കേന്ദ്രമായ പോണ്ട ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു ഈ രംഗം ചിത്രീകരിച്ചത്.

തൊട്ടുപിന്നാലെ 2009ല്‍ നടന്ന മഡ്ഗാവ് സ്‌ഫോടനത്തില്‍ സന്‍സ്ഥ പ്രവര്‍ത്തകനായ മല്‍ഗോണ്ട പാട്ടീല്‍ പിടിയിലായി. ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിലും മല്‍ഗോണ്ട പാട്ടീലിനു പങ്കുള്ളതായി പോലിസ് സംശയിക്കുന്നുണ്ട്. 2010ല്‍ ഗോവ പോലിസ് നല്‍കിയ റിപോര്‍ട്ട് പ്രകാരം ഹിന്ദുരാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ഈ സംഘടന ലൈംഗികചൂഷണങ്ങള്‍, കൊലപാതകങ്ങള്‍, ഹിപ്‌നോട്ടിസം തുടങ്ങിയവ നടത്തുന്നതായി പറയുന്നു. ഇവരുടെ പരിശീലനങ്ങളിലും രഹസ്യനീക്കങ്ങളിലും സംശയംപൂണ്ട ബണ്ടോറ-പോണ്ട ഗ്രാമവാസികള്‍ നല്‍കിയ പരാതിപ്രകാരമാണ് പോലിസ് ആദ്യമായി ഇവര്‍ക്കെതിരേ അന്വേഷണത്തിനു തയ്യാറായത്. തുടര്‍ന്നു സംസ്ഥാന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരെ നടത്തിയ അന്വേഷണത്തില്‍ സനാതന്‍ സന്‍സ്ഥ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു കോപ്പുകൂട്ടുന്നുണ്ടെന്നു കണ്ടെത്തി. പ്രാദേശിക പോലിസുമായി ചേര്‍ന്നു നടന്ന അന്വേഷണത്തില്‍ ബോംബ് നിര്‍മാണ പരിശീലനം, ആയുധപരിശീലനം തുടങ്ങി ഒട്ടേറെ അക്രമപ്രവര്‍ത്തനങ്ങളുടെ ചുരുളഴിഞ്ഞു. അന്വേഷണമധ്യേ തന്റെ മുന്നില്‍വച്ചുപോലും ഒരു മുതിര്‍ന്ന വ്യക്തിയുടെ കൈ തല്ലിയൊടിക്കുന്നതു കണ്ടതായി ഒരു പോലിസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പോലിസുകാരെ പോലും ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇരുണ്ട മുറിയില്‍ അരണ്ട വെളിച്ചത്തില്‍ പലരെയും പാര്‍പ്പിച്ചതായും മര്‍ദ്ദിക്കുന്നതായും കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭരണമേഖലയില്‍ ഇവര്‍ക്കുള്ള വന്‍ സ്വാധീനം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഗോവ പോലുള്ള സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണം നടത്തി വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്ന ഈ സംഘടനയ്‌ക്കെതിരേ താന്‍ രണ്ടുതവണ നല്‍കിയ റിപോര്‍ട്ട് എസ്.പി. ഓഫിസ് വഴി ഡി.ജി.പിക്ക് അയച്ചിരുന്നുവെങ്കിലും പരിഗണിച്ചതേയില്ലെന്ന് ഈ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.  അവസാനിക്കുന്നില്ല

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss