|    Dec 11 Tue, 2018 1:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിന്ദുത്വ നേതാവ് വനിതാ മതില്‍ മുഖ്യ സംഘാടകന്‍

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായും സാമൂഹിക മാധ്യമങ്ങളിലും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ മുഖ്യ ആസൂത്രകന്‍. വൈക്കം സ്വദേശിനിയായ ഡോ. അഖില ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയ ആയപ്പോള്‍, ഹാദിയയെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും അശ്ലീല ഭാഷയിലുള്ള അവഹേളനവുമായി രംഗത്തുവന്നയാളാണ് സി പി സുഗതന്‍.
ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്നായിരുന്നു 2017 ഒക്ടോബര്‍ 10ന് സുഗതന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടാതെ മ്ലേച്ഛമായ ഭാഷയില്‍ അസഭ്യവര്‍ഷവും നടത്തിയിരുന്നു.
ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രിംകോടതി വിധിക്കെതിരേ സംഘപരിവാരം സംഘര്‍ഷം സൃഷ്ടിച്ചപ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ തടയുന്നതിലും സുഗതന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. സ്ത്രീത്വത്തെ അപഹസിക്കുന്ന സുഗതനെ വനിതാ മതില്‍ ജോയിന്റ് കണ്‍വീനറാക്കിയതിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമായാണ് സംഘാടക സമിതി. സമിതി രൂപീകരണത്തിനു ശേഷം വെള്ളാപ്പള്ളി നടേശനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് സുഗതന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയെയും സുഗതന്‍ പരിഹസിക്കുന്നുണ്ട്. “അച്ഛന്‍ മതില്‍ പണിയും മകന്‍ ഉള്‍പ്പെടുന്ന സഖ്യത്തെ തടയാന്‍. കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കുന്നത് എങ്ങനെയാണെന്നു ഹിന്ദു പാര്‍ലമെന്റ് ഇതാ കാണിച്ചുതന്നിരിക്കുന്നു (മുഖ്യമന്ത്രിയുടെ സഹായത്തോടെയാണെങ്കിലും)’ തുടങ്ങിയ വാക്കുകളിലൂടെ രൂക്ഷമായി പരിഹസിക്കുകയാണ് സുഗതന്‍. സുഗതനെ നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ പങ്കെടുപ്പിച്ചതിനും വനിതാ മതില്‍ നടത്തിപ്പിന്റെ മുഖ്യസംഘാടകനാക്കിയതും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്്.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ അയോധ്യയില്‍ നടന്ന കര്‍സേവയില്‍ പങ്കെടുക്കുകയും അത് അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്ത കടുത്ത ഹിന്ദുത്വവാദിയാണ് സുഗതന്‍. അതേസമയം, കഴിഞ്ഞ ദിവസത്തെ മീറ്റിങിലും ശബരിമല വിഷയത്തില്‍ തങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്നതായി സുഗതന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അവസാന സുപ്രിംകോടതി വിധി വരുന്നതുവരെ യുവതികള്‍ അവിടെ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ നിലപാട്. തന്നോട് അഭിപ്രായം ചോദിക്കാതെയാണ് തന്റെ പേരും ദേവദാസിന്റെ പേരും പ്രഖ്യാപിച്ചതെന്നും കുറിപ്പില്‍ പറയുന്നു. തങ്ങളെ ഒഴിവാക്കണമെന്നു പറഞ്ഞിട്ടുണ്ട്. ശബരിമലയുമായി ബന്ധമില്ലാത്ത നവോത്ഥാന ചരിത്ര പരിപാടി ആയതുകൊണ്ടാണ് എന്ന വിശദീകരണമാണ് തന്നത്. എന്തായാലും കമ്മിറ്റിയില്‍ തന്റെ പേര് വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സുഗതന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത സംഘടനകളില്‍ ഭൂരിഭാഗവും ഹിന്ദു പാര്‍ലമെന്റില്‍പ്പെട്ട സംഘടനകളാണെന്നും അവരെ സംഘടിപ്പിച്ചു നല്‍കിയതു താനാണെന്നും സുഗതന്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ, മനുഷ്യസ്‌നേഹിയായ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. ഇതു മുസ്‌ലിമായതു കൊണ്ടാണെന്ന് വിഷം വമിപ്പിച്ച വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിലിന്റെ ചെയര്‍മാന്‍ എന്നതും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss