|    Jul 20 Fri, 2018 12:33 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹിന്ദുത്വ അജണ്ട തന്നെയിത്

Published : 29th October 2016 | Posted By: SMR

അഹ്മദ്  ശരീഫ്  പി

രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന വാദം വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കെ, മുസ്‌ലിം പൊതുമനസ്സിലും മതേതര-ഇടതുകേന്ദ്രങ്ങളിലും ഇതിനെതിരേ വൈകാരിക തലത്തിലുള്ള പ്രതികരണങ്ങളാണ് ചൂടുപിടിച്ചിരിക്കുന്നത്. ഇത്തരം മത-വൈകാരിക സമീപനങ്ങള്‍ സംഘപരിവാര അജണ്ടയ്ക്ക് വഴി എളുപ്പമാക്കുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള ഏക സിവില്‍കോഡ് വാദം മുസ്‌ലിം സമുദായത്തെ പരിഷ്‌കരിച്ചു നേരെയാക്കിക്കളയാം എന്ന സദുദ്ദേശ്യത്തോടെയല്ലെന്ന് തീര്‍ച്ച. നിവേദിത മേനോന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു, മുസ്‌ലിം സമുദായത്തെ തങ്ങളുടെ ഔദാര്യത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന രണ്ടാം തരം പൗരന്മാരാക്കി നിര്‍ത്തുക എന്ന സംഘപരിവാര അജണ്ടയാണ് ഇതിനു പിന്നിലുള്ളതെന്ന്.
80 വര്‍ഷമായി ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ഒരു വിഭാഗം ആളുകള്‍ ഇന്ത്യയില്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പാടുപെടുന്നത് സംഘപരിവാര ചിന്താഗതിക്കാരായ ബ്രാഹ്മണ ന്യായാധിപന്മാരാണ്. അവര്‍ ഇടയ്ക്കിടെ മുസ്‌ലിം വ്യക്തിനിയമത്തില്‍ കയറിപ്പിടിക്കും. മുസ്‌ലിം വ്യക്തിനിയമം സമ്പൂര്‍ണ ശരീഅത്തല്ലെന്നും അതില്‍ തിരുത്തലുകള്‍ വേണ്ടതുണ്ടെന്നും എല്ലാവരും സമ്മതിക്കും. പക്ഷേ, തിരുത്തല്‍ നീക്കം വ്യക്തിനിയമങ്ങള്‍ തന്നെ ഇല്ലാതാക്കാനും വ്യക്തിനിയമപ്രകാരം ജീവിക്കാനുള്ള അവകാശങ്ങള്‍ എടുത്തുകളയാനുമാണ് ഉപയോഗിക്കപ്പെടുന്നത്.
ഏക സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് സഹായകമാവില്ലെന്നും നിവേദിത മേനോന്‍ സമര്‍ഥിക്കുന്നു. ആര്‍ക്കാണ് ഇതിന്റെ ഗുണം? മുസ്‌ലിം വ്യക്തിനിയമമല്ല, ഹിന്ദു നിയമങ്ങളാണ് പിന്തിരിപ്പനെന്നും ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വവും വിവാഹമോചനങ്ങളും ഹിന്ദുക്കളിലാണെന്നും ഹിന്ദു ബഹുഭാര്യത്വത്തിനു നിയമസാധുതയില്ലാത്തതിനാല്‍ അവര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹവേളയില്‍ ലഭിക്കുന്ന മഹ്ര്‍ അടക്കമുള്ള പല ആനുകൂല്യങ്ങളുമുണ്ട്. മഹ്ര്‍ തിരിച്ചുനല്‍കേണ്ടതില്ല. ഏക സിവില്‍കോഡിനു പകരം ഹിന്ദു സ്ത്രീകള്‍ക്കും മഹ്ര്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു.
സ്ത്രീപീഡനത്തിന് 2005ലെ ഗാര്‍ഹിക പീഡനവിരുദ്ധ സംരക്ഷണ നിയമപ്രകാരമോ 1986ലെ വിവാഹമോചിത മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമപ്രകാരമോ കേസ് കൊടുക്കാന്‍ കഴിയുമെന്നിരിക്കെ ഇപ്പോള്‍ മുത്വലാഖും ബഹുഭാര്യത്വവും പറഞ്ഞ്, യഥാര്‍ഥത്തില്‍ മുത്വലാഖ് നടത്തിയ നരേന്ദ്ര മോദി മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ എന്തിനെന്നു തിരിച്ചറിയണം.
ഇത് ബീഫ് നിരോധനം പോലെ, കാലികളെ മേയ്ക്കുന്നവരെ കൊന്നു കെട്ടിത്തൂക്കിയപോലെ, ചത്ത പശുവിന്റെ തൊലിയുരിച്ചതിനു ദലിത് യുവാക്കളെ നഗ്നരാക്കി മര്‍ദിച്ചതുപോലെ ഹിന്ദുത്വ അജണ്ടയാണ്. ബാബരി മസ്ജിദ് തകര്‍ത്തപോലെ നശീകരണം മാത്രമാണിതിലും. പുനര്‍നിര്‍മാണമില്ല.  1954-56 കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ, നിയമമന്ത്രി ഡോ. അംബേദ്കര്‍ കൊണ്ടുവന്ന ഹിന്ദു പരിഷ്‌കരണ ബില്ലിനെ നഖശിഖാന്തം എതിര്‍ത്ത് അദ്ദേഹത്തിന്റെ രാജിക്ക് ഇടയാക്കിയത് അന്നു കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയുള്ള വലതുപക്ഷ ശക്തികളായിരുന്നു.
ഹിന്ദു കോഡ് പ്രകാരം സ്ത്രീകള്‍ അനു ഭവിക്കുന്ന പലതരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിനു പകരം മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാന്‍ വരുന്നത് ‘കള്ളന്‍, കള്ളന്‍’ എന്നു വിളിച്ച് മുമ്പേ ഓടുന്ന മോഷ്ടാവിന്റെ സ്വഭാവമത്രേ. ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നടത്തിയ ഒരു വ്യാജ സര്‍വേയുടെ മറപിടിച്ചാണ് ഇപ്പോള്‍ സുപ്രിംകോടതിയിലെ ചില ജഡ്ജിമാര്‍ മുസ്‌ലിം വ്യക്തിനിയമത്തെ തെരുവിലേക്കു വലിച്ചിഴയ്ക്കുന്നത്.
നിലവിലുള്ള നിയമപ്രകാരം തന്നെ മൂന്നും ചൊല്ലി ഒരു മുസ്‌ലിം പുരുഷനും ഒളിച്ചോടാനാവില്ല. പഴയതുപോലെ 125ാം വകുപ്പു പ്രകാരം വിധിക്കുന്ന 100 രൂപ പ്രതിമാസ ജീവനാംശമല്ല, 1986ലെ മുസ്‌ലിം വനിതാ സംരക്ഷണ നിയമപ്രകാരം ലക്ഷക്കണക്കിനു രൂപയാണ് ഇപ്പോള്‍ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീകള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ളത് വിവിധ മത-ജാതിവിഭാഗങ്ങള്‍ക്കായി 300ഓളം വ്യക്തിനിയമങ്ങളാണ്. അതു മുഴുവന്‍ ഏകീകരിക്കുക അസാധ്യമാണ്. അപ്പോള്‍ ഈ കാടിളക്കല്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ളതാണ് എന്നേ കരുതാനാവൂ.
1985-86 കാലഘട്ടത്തിലെ ശരീഅത്ത് വിവാദ കാലത്ത്, ഷാബാനു കേസില്‍ ഖുര്‍ആന്‍ തിരുത്തണമെന്നും മറ്റുമുള്ള കോടതിവിധിയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ മുസ്‌ലിം സംഘടനകളും അസാധാരണമാംവിധം യോജിച്ചു പോരാട്ടം നടത്തുകയുണ്ടായി. തദ്ഫലമായി ഉടലെടുത്ത മുസ്‌ലിം വിവാഹമോചിത സംരക്ഷണ നിയമം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടപ്പാക്കിയ മുസ്‌ലിം പ്രീണനമാണെന്നു പ്രചരിപ്പിക്കപ്പെട്ടു.
ഈ കുപ്രചാരണങ്ങള്‍ക്ക് ഇടതുപക്ഷവും മാധ്യമങ്ങളും ഹിന്ദുത്വവാദികളും ഒരേപോലെ കൂട്ടുനിന്നപ്പോള്‍ ബിജെപി വന്‍നേട്ടങ്ങളാണ് കൊയ്‌തെടുത്തത്. ഒരു ഭാഗത്ത്  ഇല്ലാത്ത മുസ്‌ലിം ഏകീകരണം ചൂണ്ടിക്കാട്ടി ഹൈന്ദവ ഏകീകരണം സുസാധ്യമാക്കി. മറുവശത്ത് 1987ല്‍ ഇതേ രാജീവ് ഗാന്ധിയെ കൊണ്ടുതന്നെ അയോധ്യയില്‍ ‘ശിലാന്യാസ്’ നടത്തിച്ചു. ഈ ശിലാന്യാസിന്റെ ബലത്തില്‍ ശ്രീരാമജന്മഭൂമി പ്രസ്ഥാനം ആളിക്കത്തിച്ച് വെറും രണ്ടു സീറ്റില്‍ നിന്ന് 120 സീറ്റിലേക്ക് ബിജെപി കുതിച്ചുകയറി. ഇപ്പോള്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്കും.
പ്രബല മുസ്‌ലിം സംഘടനകള്‍ 1985ലെ അതേ മട്ടിലുള്ള വൈകാരിക ശാക്തീകരണത്തിനു ശ്രമിക്കുകയാണ് ഇപ്പോഴും. അന്നത്തെ സാഹചര്യമല്ല നിലവിലുള്ളത്. ശരീഅത്തിന്റെ പ്രശ്‌നം വന്നുവെന്നു പറയുമ്പോള്‍ സമുദായത്തെ മൊത്തം കുടക്കീഴിലാക്കാന്‍ എളുപ്പമായിരിക്കാം. എന്നാല്‍, ഏക സിവില്‍ കോഡിനെതിരായ പോരാട്ടം മുസ്‌ലിം സമുദായത്തിലേക്ക് ഒതുക്കുകയും അതു മുസ്‌ലിം ബാധ്യത മാത്രമാക്കി മാറ്റുകയും ചെയ്യുന്ന പ്രവണത ഒട്ടും അഭികാമ്യമല്ല.
പുത്തന്‍ ഏക സിവില്‍കോഡ് വാദത്തിനു പിന്നിലെ ഗൂഢതാല്‍പര്യങ്ങള്‍ തിരിച്ചറിയാന്‍ രാജ്യത്തെ മതേതര മനസ്സുള്ള മുഴുവന്‍ ആളുകള്‍ക്കും കഴിയുന്നുണ്ടെന്നിരിക്കെ, കേവല സാമുദായിക പോരാട്ടത്തിന്റെ തലത്തില്‍ നിന്ന് ഇതിനെ ഇന്ത്യന്‍ ബഹുസ്വരതക്കെതിരായ വെല്ലുവിളിയായും വ്യക്തിസ്വാതന്ത്ര്യനിഷേധമായും തന്നെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
2015 ഒക്ടോബര്‍ 16നു സുപ്രിംകോടതി ജഡ്ജിമാരായ എ കെ ഗോയലും അനില്‍ ആര്‍ ദവെയും ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ വിധി പറയുമ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത ‘മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹം’ സംബന്ധമായി സ്വമേധയാ കേസെടുക്കുകയെന്ന അസാധാരണമായ നടപടി സ്വീകരിച്ചതാണ് പ്രശ്‌നം. ഹിന്ദു പിന്തുടര്‍ച്ചാവകാശ കേസില്‍ എന്തിനാണ് മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹം  ജസ്റ്റിസുമാര്‍ കൂട്ടിച്ചേര്‍ത്തത്?
ഇപ്പോള്‍ രണ്ടു പത്രഫീച്ചറുകളെ അടിസ്ഥാനപ്പെടുത്തി (അതിലൊന്ന് നേരത്തേ പറഞ്ഞ മഹിളാ ആന്ദോളന്റെ സര്‍വേയായിരുന്നു) യാണ് ജസ്റ്റിസുമാര്‍ സ്വമേധയാ  കേസെടുത്തത്. അന്നേ വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകളെ കക്ഷിചേര്‍ക്കാന്‍ ഹിന്ദുത്വ അഭിഭാഷകര്‍ നടത്തിവന്ന ശ്രമങ്ങള്‍ ഫലം കാണാന്‍ ഒരു വര്‍ഷമെടുത്തു. ഉത്തരാഖണ്ഡിലെ കാശിപൂരില്‍ നിന്നു ശായറാബാനു എന്ന 35കാരിയെ അവര്‍ കക്ഷിചേര്‍ത്തതോടെ ‘മുത്വലാഖ്’ ആക്കി മാറ്റി വിഷയം.
2008ല്‍ ഡോ. താഹിര്‍ മഹ്മൂദിന്റെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഏക സിവില്‍കോഡ് പറഞ്ഞിട്ടില്ല. എന്നാല്‍, ആ പേരില്‍ ഇതു നടപ്പാക്കാനുള്ള ദുരുപദിഷ്ടമായ ചോദ്യാവലിയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. നിയമ കമ്മീഷനില്‍ കുത്തിത്തിരുകിയ രണ്ടു പേര്‍, ഗുല്‍ബര്‍ഗ കൂട്ടക്കൊല പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന അഭയ് ഭരദ്വാജ്, ബാബരി കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ സത്യപാല്‍ ജയിന്‍ എന്നീ അഭിഭാഷകരാണ് ഏക സിവില്‍കോഡ് വാദവുമായി രംഗത്തുള്ളത്.
മുത്വലാഖും ഏക സിവില്‍കോഡും കൂട്ടിക്കുഴക്കുക വഴി മതേതര ചേരിയെയും മുസ്‌ലിം വ്യക്തിനിയമവാദികളെയും രണ്ടു തട്ടിലാക്കുകയാണ് ചെയ്യുന്നത്. ഇതു തിരിച്ചറിയാന്‍ ഇരുകൂട്ടരും തയ്യാറാകാതിരുന്നാല്‍, ഫലത്തില്‍ ഹിന്ദുത്വ അജണ്ടയുടെ വിജയത്തിലാണത് കലാശിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss