|    Jan 18 Wed, 2017 11:46 pm
FLASH NEWS

ഹിന്ദുത്വവീക്ഷണത്തിലെ രാഷ്ട്രം

Published : 28th March 2016 | Posted By: RKN

തനിക സര്‍ക്കാര്‍

എവിടെയാണ് ഭയമില്ലാത്ത മനസ്സുള്ളത്, എവിടെയാണ് തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്്, എവിടെയാണ് സ്വതന്ത്രമായ അറിവുള്ളത്, ആ സ്വാതന്ത്ര്യസ്വര്‍ഗത്തിലേക്ക് പിതാവേ എന്റെ രാജ്യം ഉണരേണമേ!’’ ആ സ്ഥലം സര്‍വകലാശാലയാണ്. മാത്രമല്ല, മൂല്യം നിലകൊള്ളുന്ന രാജ്യത്തെ ഏക സ്ഥലവും അവിടെയാണ്.രവീന്ദ്രനാഥ് ടാഗൂറിന്റേതാണ് മുകളില്‍ പറഞ്ഞ വരികള്‍. ഇപ്പോള്‍ അദ്ദേഹത്തെ ഉദ്ധരിച്ചതും രാജ്യദ്രോഹമായി മാറുമോ എന്നെനിക്കറിയില്ല. രാജ്യസ്‌നേഹമെന്ന പേരില്‍ പൊതുവായി മനസ്സിലാക്കപ്പെട്ടിട്ടുള്ള അര്‍ഥത്തില്‍ താനൊരു രാജ്യസ്‌നേഹിയായിരുന്നില്ലെന്ന് രവീന്ദ്രനാഥ ടാഗൂര്‍ പറഞ്ഞിരുന്നതായി ബോദിസത്വ അടുത്തിടെ എഴുതിയിരുന്നു. ദൈവത്തിന്റെ നീതിയെക്കാളും കരുണയെക്കാളും ഉന്നതിയില്‍ രാഷ്ട്രത്തെ കണക്കാക്കുന്നതിനുള്ള, ആത്മസമുന്നതിക്കുള്ള പ്രവണത ഉള്‍ക്കൊള്ളുന്ന ദേശീയതാ കാഴ്ചപ്പാടുകളെയും അദ്ദേഹം എതിര്‍ത്തിരുന്നതായി പറഞ്ഞിരുന്നു. ദേശീയതയുടെ വിനാശകരമായ രൂപമെന്ന നിലയില്‍ കൊളോണിയലിസത്തെയും അദ്ദേഹം തീവ്രമായി വിമര്‍ശിച്ചിരുന്നു. അതേസമയം, കോളനിവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍നിന്നു വിദേശശക്തികളെ പുറത്താക്കുന്നതിനു മുമ്പ് സ്വയം തിരുത്തുക എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സാമൂഹിക തിന്മകളായ തൊട്ടുകൂടായ്മയ്ക്കും കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയ്ക്കും അന്ത്യംകുറിക്കുന്നതിനു മുമ്പ് ഇന്ത്യക്കാര്‍ ബ്രിട്ടിഷുകാരില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുകയായിരുന്നെങ്കില്‍ വിദേശഭരണത്തിനു പകരമായി അധര്‍മമായൊരു സ്വയംഭരണം നിലവില്‍ വരുമായിരുന്നു. അത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മൗലികമായ അന്തരമുണ്ടായിരുന്നിട്ടും ഗാന്ധിജിയും നെഹ്‌റുവും ടാഗൂറിനെ ബഹുമാനിച്ചിരുന്നു. അദ്ദേഹം തിരിച്ചും. മഹാന്മാരായ ആളുകള്‍ ജീവിച്ചിരുന്ന പഴയകാലത്തെ നല്ല സമയങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വത്തില്‍ ഞാന്‍ കിടന്നുമറിയുന്നില്ല. കാരണം, വര്‍ത്തമാനകാലം അത്രത്തോളമോ അതിലധികമോ തന്നെ നമ്മെ അതിശയിപ്പിക്കുന്നുണ്ട്. ഹൈദരാബാദ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു), ജാദവ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു മഹത്തായ പ്രസ്ഥാനം വളര്‍ന്നുവരുകയും പ്രചരിച്ചുകൊണ്ടിരിക്കുകയുമാണ്- ദേശീയമാധ്യമങ്ങളില്‍നിന്നുള്ളവരും അന്താരാഷ്ട്ര പണ്ഡിതന്‍മാരും ഗ്രാമങ്ങളില്‍നിന്നും ചെറുനഗരങ്ങളില്‍നിന്നുമുള്ള ദലിതരും പാവപ്പെട്ടവരും ഇവിടെ സംയോജിച്ചിരിക്കുകയാണ്. സര്‍വകലാശാലകള്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തില്‍ നിന്നുപോലും ആളുകളെ ആകര്‍ഷിക്കുന്നു. ഇവിടെ യുദ്ധം ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ്, അസഹിഷ്ണുതയും മതേതരത്വവും തമ്മിലാണ്, അധികാരശ്രേണിയുടെയും സമത്വത്തിന്റെയും തത്ത്വങ്ങള്‍ തമ്മിലാണ്. അടുത്തിടെയുണ്ടായ രോഹിത് വെമുലയുടെ മരണം, കനയ്യകുമാറിനെതിരേയുള്ള കൈയേറ്റം, എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള നിരന്തര ആക്രമണം, ബൗദ്ധികമായ സ്വാതന്ത്ര്യത്തിന്റെയും സംവാദത്തിന്റെയും പേരില്‍ കീര്‍ത്തിയാര്‍ജിച്ച സ്ഥാപനത്തെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവ യഥാര്‍ഥത്തില്‍ എന്താണ് രാജ്യത്ത് അപകടത്തിലായതെന്നാണു സൂചിപ്പിക്കുന്നത്.  ഞാന്‍ പരാമര്‍ശിക്കുന്നത് ദേശരാഷ്ട്രത്തെയല്ല, രാജ്യത്തെയാണ്. ഒരു പ്രത്യേക സ്ഥലത്ത്, ഒരു ദേശമെന്ന ഘടനയ്ക്കു കീഴില്‍, പരമ്പരാഗതമായി വിവിധ കാരണങ്ങള്‍കൊണ്ട് ആളുകള്‍ ഒരുമിച്ചുജീവിക്കുന്നതാണു രാജ്യം; ഒരു പ്രദേശം, ഒരു ജനത. എന്നാല്‍, ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനുശേഷവും ഇവ രണ്ടും ഗുരുതരമായ അപകടത്തിലാണുള്ളത്. രാജ്യത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും പാവപ്പെട്ടവരുമാണ്. പ്രധാനമായും കീഴ്ജാതിയില്‍പ്പെട്ടവരോ സ്ത്രീകളോ മതന്യൂനപക്ഷത്തില്‍പ്പെട്ടവരോ ആണവര്‍. സമൂഹത്തില്‍ സ്ഥാനമുള്ള സജീവരും സാമൂഹിക പ്രതിബദ്ധതയുമുള്ള ആളുകള്‍ അവരെ സഹായിക്കുമ്പോള്‍ അവര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നു.ഉദാഹരണമായി, ഇപ്പോള്‍ ഛത്തീസ്ഗഡില്‍ അതാണു നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി സുരക്ഷിതത്വത്തിന് ചെറുപ്രാധാന്യംപോലും കല്‍പിക്കാതെയും പ്രദേശത്തെ സമൂഹത്തെയോ ജനജീവിതത്തെയോ കണക്കിലെടുക്കാതെയും തങ്ങളുടെ ഇഷ്ടപ്രകാരം ചൂഷണം നടത്താന്‍ ഭരണകൂടം വന്‍കിട കുത്തക മുതലാളിമാര്‍ക്കു മുമ്പില്‍ സംസ്ഥാനം തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. ഭൂമിയെക്കുറിച്ചും വനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും നല്ല ജ്ഞാനമുള്ള ആക്റ്റിവിസ്റ്റുകള്‍ പരിസ്ഥിതിക്കു സംഭവിച്ച കേടുപാടുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണെങ്കില്‍ തങ്ങളുടെ നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് അവകാശംപോലുമില്ല. അതാണ് പ്രിയ പിള്ളയ്ക്കു സംഭവിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ബലാല്‍സംഗങ്ങളിലും കൊലപാതകങ്ങളിലും തീവയ്പിലും ഒരാളെപ്പോലും ശിക്ഷിക്കുന്നില്ല. പോലിസ് ആരെയും കുറ്റക്കാരായി കാണുന്നില്ല. ഇതാണ് അടുത്തിടെ മുസഫര്‍നഗറില്‍ നടന്നത്.ദലിത് വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായപ്രകടനങ്ങള്‍ നടത്താനും തുടങ്ങിയപ്പോള്‍ അവരെ നിയമത്തിനു മുമ്പില്‍ കുറ്റക്കാരാക്കുകയും പിന്നീട് മരണം മാത്രമേ തങ്ങള്‍ക്കു മുമ്പില്‍ വഴിയുള്ളൂ എന്ന സ്ഥിതിയിലാക്കുകയും ചെയ്യുന്നു. അതാണ് രോഹിത് വെമുലയ്ക്കു സംഭവിച്ചത്. വിദ്യാര്‍ഥികള്‍ പട്ടിണിയും ജാതിയും പുരുഷമേധാവിത്വവും ചുഴറ്റിയെറിയാന്‍ ശ്രമിക്കുമ്പോള്‍, പോലിസുകാര്‍ അവരെ പിടികൂടുന്നു. രാജ്യസ്‌നേഹികളായ’അഭിഭാഷകര്‍ ജനനായകന്‍മാരെപ്പോലെ അവരെ കോടതിക്കു പുറത്ത് ഭീകരമായി മര്‍ദ്ദിക്കുന്നു. അതാണ് കനയ്യകുമാറിനു സംഭവിച്ചത്. മുസ്‌ലിം പേരുള്ള ഒരു വിദ്യാര്‍ഥി മുദ്രാവാക്യങ്ങളുയര്‍ത്തുമ്പോള്‍- വീഡിയോദൃശ്യങ്ങളില്‍ കാണുന്നതുപോലെ ഫെബ്രുവരി 9ന്, ആരാണ് ശബ്ദമുയര്‍ത്തിയതെന്നോ എന്താണെന്നോ നമുക്ക് ഒരിക്കലും അറിയില്ല- ഒരു വിഭാഗം മാധ്യമങ്ങള്‍ അവനെ ഭീകരനെന്നു മുദ്രകുത്തി. അതാണ് ഉമര്‍ ഖാലിദിനു സംഭവിച്ചത്. ഒരു വിചാരണത്തടവുകാരനെയും മാധ്യമപ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ അഭിഭാഷകര്‍ കോടതിയുടെ പരിശുദ്ധിയെയും തങ്ങളുടെ തൊഴിലിന്റെ മഹത്ത്വത്തെയും മലിനപ്പെടുത്തി. അതിനെ അവര്‍ പരസ്യമായി ശ്ലാഘിച്ചു. ഒരു എംപിയും സമാനരീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉടനെത്തന്നെ അയാള്‍ക്ക് ജാമ്യം ലഭിച്ചു. തുടര്‍ന്ന്് മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍ അവര്‍ക്കു നേരെയും ഭീഷണിയുണ്ടായി. ഉമര്‍ ഖാലിദിന്റെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ചിലര്‍ പറഞ്ഞു. ഭരണവ്യവസ്ഥ ആകെ പൊട്ടിപ്പൊളിഞ്ഞു എന്ന രീതിയിലാണ് ലോകം നോക്കിക്കാണുന്നത്. അവയെല്ലാം ചെയ്തുകൂട്ടുന്നതോ, ദേശീയതാല്‍പര്യം, ദേശീയ സുരക്ഷ, ദേശാഭിമാനം എന്നിവയുടെ പേരിലും.  ഒരിക്കലും ദേശവിരുദ്ധമല്ലാത്തതെന്താണെന്നു നമുക്കു നോക്കാം. നിര്‍ഭയയുടെ കൊലപാതകികളെയോ ഖൈര്‍ലാഞ്ചിയില്‍ പൈശാചിക കൃത്യങ്ങള്‍ നടത്തിയവരെയോ ദേശവിരുദ്ധരായി കണക്കാക്കിയിരുന്നില്ല. ബംഗാള്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി ഉച്ചഭക്ഷണം കുറഞ്ഞുപോയതിന്റെ പേരില്‍ പരാതി പറഞ്ഞപ്പോള്‍ അവനെ കെട്ടിടത്തിന്റെ മുകളില്‍നിന്നു താഴേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു കുട്ടിയുടെ പിതാവ് വളരെ ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ടതുമൂലം മരിച്ചു. പക്ഷേ, ഇതൊന്നും ദേശവിരുദ്ധതയായി കണക്കാക്കപ്പെടുന്നില്ല. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന ദലിതരായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ തന്നെ ജീവനെടുക്കേണ്ട അവസ്ഥ വന്നു. കാരണം, അവര്‍ക്കുള്ള വിദ്യാഭ്യാസത്തിനായി കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും മാതാപിതാക്കള്‍ക്കു നല്‍കേണ്ടിവന്നു. അതും രാജ്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്നില്ല. പ്രക്ഷോഭം മൂലം സിആര്‍പിഎഫിലെ ഒരുപാട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും വലിയ അളവില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ആരും അക്രമികളെ ദേശവിരുദ്ധരെന്നു വിളിക്കുന്നില്ല. ഹിന്ദുത്വ അധികാരികളുടെ അഭിപ്രായത്തില്‍ പിന്നെയാരാണ് രാജ്യത്തിന്റെ ശത്രുക്കള്‍? ബ്രിട്ടിഷുകാരാവാന്‍ വഴിയില്ല. കാരണം, രാഷ്ട്രീയ സ്വയം സേവക് സംഘ് നയിക്കുന്ന നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ബ്രിട്ടിഷ് വിരുദ്ധ പ്രസ്ഥാനങ്ങളില്‍ ഒന്നില്‍പ്പോലും പങ്കാളികളായിട്ടില്ല. അക്കാലത്ത് സംഘശാഖകള്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യവസ്ഥാപിതമായി രോഷം വളര്‍ത്തുകയും മുസ്‌ലിംവിരുദ്ധ കലാപങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയുമായിരുന്നു. തങ്ങള്‍ക്കെതിരേ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നെന്ന ആരോപണത്തില്‍ ഉള്‍പ്രദേശങ്ങളില്‍ പോലുമുള്ള എല്ലാ ശാരീരിക പരിശീലനകേന്ദ്രങ്ങളും ബ്രിട്ടിഷുകാര്‍ വ്യവസ്ഥാപിതമായി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ശാഖകളിലെ കായികപരിശീലനത്തിനെതിരേ ഒരു നീക്കങ്ങള്‍ക്കും അവര്‍ മുതിര്‍ന്നില്ലെന്നതു കാണിക്കുന്നത് ആര്‍എസ്എസ് ഒരുതരത്തിലുമുള്ള ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല എന്ന വസ്തുതയാണ്. ആര്‍എസ്എസോ അതിന്റെ രാഷ്ട്രീയ ജോടിയായ ഹിന്ദുമഹാസഭയോ ബ്രിട്ടിഷ് ഭരണകാലത്ത് ഒരുതവണപോലും നിരോധിക്കപ്പെട്ടിരുന്നില്ല. അക്കാലത്ത് കഠിനമായ അടിച്ചമര്‍ത്തലുകള്‍ക്കു വിധേയമാവേണ്ടിവന്ന കോണ്‍ഗ്രസ്സില്‍നിന്നു നേരെ വിഭിന്നമായ അവസ്ഥയാണിത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വിധിയും ആര്‍എസ്എസില്‍നിന്നു വിഭിന്നം തന്നെ. പാര്‍ട്ടിയുടെ ആരംഭകാലമായ 1925നും 47നും ഇടയില്‍ ബ്രിട്ടിഷ് അധികാരത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിചാരണ നേരിട്ടിട്ടുണ്ടാവും. ഇന്നു ശത്രുവായി കണക്കാക്കപ്പെടുന്ന കൊളോണിയലിസം അന്ന് ആര്‍എസ്എസിനു ശത്രുവായിരുന്നില്ല. ഒരു നിര്‍വചനത്തിനായി ഹിന്ദുത്വത്തിന്റെ ആദര്‍ശസ്ഥാപകനായ വി ഡി സവര്‍ക്കര്‍ എന്തു പറയുന്നു എന്നു നമുക്കു നോക്കാം. ഇന്ത്യാരാജ്യത്തിന്റെ സാംസ്‌കാരിക സാരാംശം ഹിന്ദുമതമാണെന്നും വിശ്വാസം ഈ മണ്ണില്‍നിന്നുതന്നെ രൂപപ്പെട്ട ആളുകളാണ് നിയമപ്രകാരം അതിന്റെ അവകാശികളെന്നും സവര്‍ക്കര്‍ പറയുന്നു. ആ നിര്‍വചനത്തോടെ മതന്യൂനപക്ഷങ്ങള്‍ പുറത്താവുന്നു. ആ യുക്തി പ്രകാരം ക്രിസ്തുമതം പടിഞ്ഞാറ് ഉദ്ഭവിക്കാത്തതിനാല്‍, പാശ്ചാത്യ രാജ്യത്തുനിന്നുള്ള ഒരു പൗരനും ക്രിസ്ത്യാനിയായിരിക്കരുത്.വിജയകരമായ ഒരു രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ സാഹചര്യങ്ങളെക്കുറിച്ചും സവര്‍ക്കര്‍ പറയുന്നുണ്ട്. ശത്രുവിന്റെ സാമീപ്യമല്ലാതെ ഒരു രാജ്യത്തെ ഏകീകരിപ്പിക്കുന്ന മറ്റൊന്നില്ലെന്നും അദ്ദേഹം പറയുന്നു. സവര്‍ക്കറുടെ രാഷ്ട്രം നിരന്തര ശത്രുതയിലാണ് സ്ഥാപിക്കപ്പെടുന്നത്.   കോളനിവിരുദ്ധ ദേശീയത എന്നതിലുപരി രാജ്യത്തിന് വേറെയും രാഷ്ട്രദര്‍ശനങ്ങളുണ്ട്. ഇടതുപക്ഷ വിഭാഗത്തിന്റെ സാമ്രാജ്യത്വവിരുദ്ധത രൂപപ്പെട്ടത് ഫ്യൂഡലിസത്തോടും ആധുനിക മുതലാളിത്തത്തോടുമുള്ള എതിര്‍പ്പില്‍നിന്നായിരുന്നു. (ഇവരണ്ടും ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്തു). ഫുലെ, അംബേദ്കര്‍, പെരിയാര്‍ പാരമ്പര്യം പൗരസമൂഹത്തില്‍ അത്യന്താപേക്ഷിതമായ സാമൂഹികനീതിയിലാണ് മുഖ്യമായും ശ്രദ്ധയൂന്നിയത്. ജാതിവ്യവസ്ഥയ്ക്ക് പവിത്രതയുണ്ടെന്ന വാദം ഹിന്ദുമതത്തിനുള്ളില്‍ത്തന്നെയുണ്ടായ ചില പ്രസ്ഥാനങ്ങള്‍ നിഷേധിച്ചിരുന്നു. അംബേദ്കറും പെരിയാറും ഫുലെയും ജാതിവ്യവസ്ഥയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനു മുമ്പ് ജാതിവ്യവസ്ഥയ്‌ക്കെതിരേ അതിനെ നശിപ്പിക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ ഉണ്ടായിട്ടില്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഒരു പോരാട്ടംപോലും നടന്നിട്ടില്ല. മൂന്നു നേതാക്കന്മാരും ബ്രാഹ്മണകുലത്തിന്റെ അധികാരം കൈയാളലിനെതിരേയും താഴ്ന്ന ജാതികളില്‍നിന്നു വരുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരേയും സമരം ചെയ്തു. ജാതിവ്യവസ്ഥ പരിഷ്‌കരിക്കുന്നതിന് എതിരായിരുന്നു അംബേദ്കര്‍. ജാതിവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തൊട്ടുകൂടായ്മ ഇല്ലാതാക്കാമെന്ന ഗാന്ധിയന്‍ ആശയത്തെയും അദ്ദേഹം വിമര്‍ശിച്ചു. ജാതിവ്യവസ്ഥയെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതില്‍ കുറയാത്ത നടപടിയായിരുന്നു അംബേദ്കര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ദര്‍ശനങ്ങള്‍ ഹിന്ദുത്വവുമായി അത്ര പെട്ടെന്ന് ചേര്‍ന്നുപോവില്ലായിരുന്നു. പശ്ചിമേന്ത്യയിലും ദക്ഷിണേന്ത്യയിലും ബ്രാഹ്മണേതര പ്രസ്ഥാനങ്ങള്‍ വളരെ വേഗം രൂപപ്പെട്ടു. ഹിന്ദു-മുസ്‌ലിം ഐക്യവുമായി ബന്ധപ്പെട്ട ഗാന്ധിയന്‍ ആശയങ്ങള്‍ ശക്തിപ്പെടുകയും പുരോഗതി കൈവരിക്കുകയും അത് ലോകചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജനകീയ വിപ്ലവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തു. ചെറിയതോതിലാണെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ കര്‍ഷകലഹളയിലൂടെയും തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ചും ഇടതുപക്ഷം സാമ്രാജ്യത്വത്തിനെതിരേ ശബ്ദമുയര്‍ത്തി. ആദിവാസി പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചേര്‍ന്ന് കാട്ടിലും മണ്ണിലുമുള്ള തങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ സംഘടനകള്‍ വൈവിധ്യത കൈവരിച്ച് സ്ത്രീ-പുരുഷ സമത്വങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. അതേപോലെത്തന്നെ കോളനിവിരുദ്ധ പോരാട്ടത്തിലും ദലിത്-ഇടത് പ്രസ്ഥാനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുന്ന അക്കാലത്താണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെടുന്നത്. എന്നാല്‍, സംഘവും അതിന്റെ കക്ഷികളും അതില്‍നിന്നെല്ലാം വിട്ടുനിന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ഗാമിരൂപമായ ഭാരതീയ ജനസംഘ് പ്രായപൂര്‍ത്തി വോട്ടവകാശത്തെ തുടക്കത്തില്‍ എതിര്‍ക്കുകയാണുണ്ടായത്. ഒരുകഷണം ഇറച്ചി ഒരുകൂട്ടം കാക്കകള്‍ക്ക് ഇട്ടുകൊടുക്കുന്നതിനോടാണ് ഗോള്‍വാള്‍ക്കര്‍ അതിനെ താരതമ്യപ്പെടുത്തിയത്. പക്ഷേ, അതു തടയുക സാധ്യമല്ലെന്നുവന്നപ്പോള്‍ വിശാലമായൊരു നിയോജകമണ്ഡലം രൂപീകരിക്കാന്‍ താഴ്ന്ന വിഭാഗക്കാരുമായി അനുനയത്തിനു ശ്രമിച്ചു. മേല്‍ജാതികള്‍ക്കും നഗരവാസികളായ മധ്യവര്‍ഗത്തിനും ഭൂരിപക്ഷമുണ്ടായിരുന്ന സംഘത്തിന് അതു വേണ്ടിയിരുന്നു. ജാതി, സമ്പത്ത്, ലിംഗം എന്നീ വിഷയങ്ങളിലുള്ള വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതു ചിന്താഗതിക്കാരും സ്ത്രീപക്ഷവാദികളും ദലിതരും ഏകീകൃതമായ ഹിന്ദുമതം എന്ന ആശയത്തെ വെല്ലുവിളിച്ചു. ന്യൂനപക്ഷങ്ങളെ എതിരാളികളാക്കി ഹിന്ദു രാജ്യമെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് ഹിന്ദുമതത്തെ ഐക്യപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചു, സമാന്തരമായി അംബേദ്കെറ ആദരിക്കുന്നുവെന്നും ഭാവിച്ചു. ഹിന്ദുമതത്തിനുള്ളിലെ ചെകുത്താന്മാരായ ദലിതരെയും പാവപ്പെട്ടവരെയും മറച്ചുവയ്ക്കാന്‍ ന്യൂനപക്ഷങ്ങളെ ഹിന്ദുരാഷ്ട്രത്തിനു പുറത്തുള്ള ശത്രുവായി ചിത്രീകരിക്കുന്നു.എന്നിരുന്നാലും അതിശയിപ്പിക്കുന്നതരത്തില്‍ താഴ്ന്ന വിഭാഗങ്ങളില്‍നിന്നും പൊതുസര്‍വകലാശാലകളില്‍നിന്നും ബൗദ്ധികവും രാഷ്ട്രീയവുമായ അറിവ് സമാഹരിച്ചുകൊണ്ട് പുതുതലമുറ വളര്‍ന്നുവരുന്നു. ഇതാണ് ഹിന്ദുത്വത്തിന് യഥാര്‍ഥ പ്രതിസന്ധിയാവുന്നത്. ഇപ്പോള്‍ നമുക്ക് രോഹിത് വെമുലയുടെയും കനയ്യകുമാറിന്റെയും ഒരിക്കലും മറക്കാനാവാത്ത ചില വാക്കുകള്‍ ശ്രദ്ധിക്കാം. ഒരുപാട് പ്രതികൂലമായ സാമ്പത്തിക-സാമൂഹിക പശ്ചാത്തലത്തില്‍നിന്നാണ് അവരും വരുന്നത്. അവര്‍ പറയുന്നു:”വിശക്കുന്നവര്‍ക്കും പാവപ്പെട്ടവനും തൊഴിലാളികള്‍ക്കും ഒരു രാജ്യത്ത് സ്ഥാനമില്ലെങ്കില്‍ അതൊരു രാജ്യമല്ല. ഞങ്ങള്‍ ഈ രാജ്യത്തുള്ളവരാണ്. ഇന്ത്യന്‍ മണ്ണിനെ സ്‌നേഹിക്കുന്നവര്‍. ഈ രാജ്യത്ത് പാവപ്പെട്ടവരായ 80 ശതമാനത്തോളം വരുന്ന ആളുകള്‍ക്കുവേണ്ടി ഞങ്ങള്‍ പോരാടും. ദേശഭക്തിയെന്നാല്‍ ഞങ്ങള്‍ക്കിതാണ്”’-കനയ്യകുമാര്‍.“””മനുഷ്യന്റെ മൂല്യം ഒരു വോട്ടില്‍ മാത്രം ചുരുങ്ങിയിരിക്കുകയാണ്. ഒരു അക്കത്തിലേക്ക്. ഒരു കാര്യത്തിലേക്ക്. ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും മനുഷ്യന്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. താരധൂളികൊണ്ട് നിര്‍മിക്കപ്പെട്ട മഹിതാസ്തിത്വമാണത്”’-രോഹിത് വെമുല.ഇതാണു യഥാര്‍ഥ “രാജ്യദ്രോഹം.’ പക്ഷേ, അവര്‍ വെല്ലുവിളിക്കുന്നത് ഹിന്ദുത്വരാഷ്ട്രത്തെയാണ്. (ദ ഫ്രണ്ട്‌ലൈന്‍)പരിഭാഷ: ഷിനില മാത്തോട്ടത്തില്‍ $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക