|    Jan 21 Sat, 2017 11:53 am
FLASH NEWS

ഹിന്ദുത്വവല്‍ക്കരണത്തിനല്ല യോഗ

Published : 17th June 2016 | Posted By: mi.ptk

അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വീണ്ടും എതിര്‍പ്പിനു കാരണമാവുകയാണ്. രാജ്യാന്തര തലത്തില്‍ യോഗാ ദിനത്തിന് തുടക്കം കുറിച്ച കഴിഞ്ഞ വര്‍ഷം ദിനാചരണത്തിന്റെ ഭാഗമായി സൂര്യനമസ്‌കാരം നിര്‍ബന്ധമാണെന്ന പ്രഖ്യാപനമാണ് വിവാദങ്ങള്‍ക്കു വഴിവച്ചത്. ശക്തമായ പ്രതിഷേധം കാരണം ആ ഹിന്ദുത്വ ഒളിയജണ്ടയില്‍ നിന്നു പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇത്തവണ ഓം മന്ത്രോച്ചാരണത്തോടെ യോഗാ ദിനാചരണം ആരംഭിക്കണമെന്ന നിര്‍ദേശമാണ് പ്രശ്‌നമാവുന്നത്. യോഗാ ദിനാചരണം സംബന്ധമായി കേന്ദ്ര ആയുഷ് മന്ത്രാലയം തയ്യാറാക്കിയ പ്രോട്ടോകോളിലാണ് ഈ നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നത്. ഓം മന്ത്രോച്ചാരണത്തിനു ശേഷം മറ്റ് മന്ത്രോച്ചാരണങ്ങള്‍ക്കും പ്രതിജ്ഞയ്ക്കും നിര്‍ദേശമുണ്ട്. ഓംകാരം മുഴക്കലും മന്ത്രോച്ചാരണവും ഹൈന്ദവ ധര്‍മത്തിന്റെ മാത്രം ഭാഗമാണ്. വിവിധ മതവിശ്വാസികളായ ഇന്ത്യന്‍ സമൂഹം പൊതുവായി സ്വീകരിക്കേണ്ട പരിപാടികളില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസാചാരങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ ഭരണഘടനയുടെ ആത്മാവ് തന്നെ ചോദ്യം ചെയ്യുന്നതാണ്. സമൂഹത്തില്‍ ഭിന്നിപ്പും ഛിദ്രതയും വര്‍ധിപ്പിക്കുന്ന അത്തരം നീക്കങ്ങള്‍ രാജ്യത്തെ സംഘര്‍ഷങ്ങളിലേക്കു തള്ളിവിടും.കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി നടപ്പാക്കുന്ന കാവിവല്‍ക്കരണ പദ്ധതികളില്‍ ഇപ്പോള്‍ യോഗകൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. തങ്ങള്‍ക്കു കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലേക്കും സിബിഎസ്ഇ അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത് ആയുഷ് മന്ത്രാലയം തയ്യാറാക്കിയ കോമണ്‍ യോഗ പ്രോട്ടോകോളിന് അനുസൃതമായി രാജ്യാന്തര യോഗാ ദിന പരിപാടികള്‍ സംഘടിപ്പിക്കാനാണ്. ആറാം ക്ലാസും അതിനു മുകളിലുമുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ പ്രോട്ടോകോള്‍ പ്രകാരം യോഗാ ദിനാചരണം സംഘടിപ്പിക്കാനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിന് റിപോര്‍ട്ട് കാര്‍ഡില്‍ സിസിഇ (തുടര്‍ മൂല്യനിര്‍ണയം) യില്‍ ഒരു പ്രവര്‍ത്തനമായി യോഗ ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നുണ്ട്. മതകീയമായ ഒരു കര്‍മം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ വിദ്യാര്‍ഥി സംഘടനകളും മതപണ്ഡിതരും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്‌കൂളുകളില്‍ വ്യായാമ മുറകള്‍ക്ക് സംവിധാനം ആവിഷ്‌കരിച്ചിരുന്നുവെങ്കിലും പ്രായോഗിക പ്രശ്‌നങ്ങള്‍ കാരണം അതു നിലച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതു ശ്ലാഘനീയമാണ്. എന്നാല്‍ ഒളിയജണ്ടകളുമായല്ല രാജ്യത്തിന്റെ കെട്ടുറപ്പിനും മതേതര സംവിധാനത്തിന്റെ നിലനില്‍പ്പിനും ഉതകുന്ന തരത്തിലാണ് അതു നടപ്പാക്കേണ്ടത്. വിദ്യാഭ്യാസപരമായ ഒരു പ്രസക്തിയുമില്ലാത്ത അസംബന്ധ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിനു സിബിഎസ്ഇ തയ്യാറാവണം. ഒരു വ്യായാമ മുറ എന്ന നിലയ്ക്ക് യോഗ ശീലിക്കാനും അതു വേണ്ടെന്നു വയ്ക്കാനും പൗരന്‍മാര്‍ക്ക് അവകാശമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 128 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക