|    Dec 12 Wed, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിന്ദുത്വര്‍ പോലിസുകാരനെ കല്ലെറിഞ്ഞുകൊന്നു

Published : 4th December 2018 | Posted By: kasim kzm

ലഖ്‌നോ: പശുക്കളെ കശാപ്പു ചെയ്തുവെന്ന പ്രചാരണത്തെ തുടര്‍ന്ന് യുപിയിലെ ബുലന്ദ്ഷഹറില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം കലാപമായി. അക്രമത്തില്‍ ഒരു പോലിസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബജ്‌രംഗ്ദള്‍, ഹിന്ദു യുവവാഹിനി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അക്രമികള്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഉദ്യോഗസ്ഥനെ എറിഞ്ഞുകൊല്ലുകയായിരുന്നു.
കല്ലേറില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുബോധ് കുമാര്‍ സിങ് ആശുപത്രിയിലാണ് മരിച്ചത്. പോലിസുകാര്‍ക്കും അക്രമിസംഘത്തിലെ നിരവധി പേര്‍ക്കും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകര്‍മസേനയെ വിന്യസിച്ചു.
ഗ്രാമത്തിനു പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് അക്രമം തുടങ്ങിയത്. മുസ്‌ലിംകള്‍ പശുക്കളെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം കലാപമായി പടരുകയായിരുന്നു. രാവിലെ 11 മണിയോടെ ചിത്രാവതി ക്രോസിങിനു സമീപത്തെ ശ്യാന മേഖലയിലാണ് നൂറുകണക്കിന് ആളുകള്‍ റോഡ് തടസ്സപ്പെടുത്തി പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്.
സംഘം ചേര്‍ന്നു വഴി തടയുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസുകാര്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് ഝാ പറഞ്ഞു. തുടര്‍ന്നു റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം പോലിസിനെതിരേ കല്ലെറിയുകയായിരുന്നു.
തുടര്‍ന്ന് അക്രമികള്‍ പോലിസ് സ്‌റ്റേഷനും വാഹനങ്ങള്‍ക്കും തീയിട്ടതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് വെടിയുതിര്‍ത്തു. പോലിസ് വാഹനങ്ങളിലെ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടം പോലിസ് സ്‌റ്റേഷനു തീവച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സുമിത് എന്ന യുവാവാണ് വെടിവയ്പില്‍ കൊല്ലപ്പെട്ട പ്രദേശവാസിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ പ്രദേശം പോലിസ് നിയന്ത്രണത്തിലാണെന്ന് എഡിജിപി വ്യക്തമാക്കി.
തബ്‌ലീഗ് ജമാഅത്തിന്റെ ത്രിദിന ഇസ്‌ലാമിക സമ്മേളനം കഴിഞ്ഞ ദിവസമാണ് ഇവിടെ നടന്നത്. വിദേശത്തുനിന്ന് ഉള്‍പ്പെടെ ലക്ഷക്കണക്കിനു പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തിരിച്ചുപോകുന്ന വഴികളില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇവര്‍ക്കെതിരേ അക്രമങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss