|    Aug 24 Thu, 2017 2:23 pm
Home   >  Editpage  >  Lead Article  >  

ഹിന്ദുത്വരെ നിര്‍മിക്കുന്ന വിദ്യാഭാരതി

Published : 24th October 2016 | Posted By: SMR

കെ എ മുഹമ്മദ് ഷമീര്‍

1946ല്‍ എം എസ് ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ ഗീത സ്‌കൂളും 1952ല്‍ നാനജി ദേശ്മുഖിന്റെ നേതൃത്വത്തില്‍ സരസ്വതി ശിശുഭവനും തുടങ്ങുമ്പോഴും പിന്നീട് 1977ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പലപ്പോഴായി തുടങ്ങിയ നൂറുകണക്കിന് സ്‌കൂളുകള്‍ ഏകോപിപ്പിച്ച് അഖില ഭാരതീയ ശിക്ഷാ സന്‍സ്ഥാന്‍ എന്ന വിദ്യാഭാരതി രൂപീകരിക്കുമ്പോഴും ആര്‍എസ്എസിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്കു കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു.
ബ്രാഹ്മണമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഹൈന്ദവരാഷ്ട്രത്തിന്റെ സംസ്ഥാപനം സംജാതമാവണമെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു പൊതുകാഴ്ചപ്പാടായി തലമുറകളിലേക്കു പകരണമെന്നും സ്ഥൂല-സൂക്ഷ്മതലത്തില്‍ അതു നടപ്പില്‍വരുത്തണമെങ്കില്‍ ചെറിയ കുട്ടികളുടെ മനസ്സിലേക്ക് ഹിന്ദുത്വ ആശയം കുത്തിവയ്ക്കണമെന്നുമുള്ള ചിന്തയില്‍നിന്നാണ് വിദ്യാഭാരതി ഉദയംകൊള്ളുന്നത്.
യൂറോപ്പിലെ ഫാഷിസ്റ്റ് പരിശീലനതന്ത്രങ്ങള്‍ പഠിക്കാന്‍ പോയ ബി എസ് മുഞ്ചെ പരിശീലനതന്ത്രങ്ങളില്‍ ഏറ്റവും മികച്ചതായി പരിഗണിച്ചതും ഫലപ്രദമായി നടപ്പാക്കിയതും കുട്ടികള്‍ക്കുള്ള പരിശീലന പദ്ധതികളായിരുന്നു. ‘നിങ്ങള്‍ കുട്ടികളെ എനിക്ക് തരൂ; 18 വയസ്സാവുമ്പോഴേക്കും അവനെ ലക്ഷണമൊത്ത നാത്‌സിയാക്കാം’ എന്നു ഹിറ്റ്‌ലര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ ആഹ്വാനം ശ്രവിക്കാന്‍ ഇന്ത്യയിലായിരുന്നു കൂടുതല്‍ പേരുണ്ടായിരുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു രാജ്യത്തുടനീളം ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കുന്നത് ഭൂരിഭാഗവും വളരെ ചെറിയ കുട്ടികളാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വക്താക്കളാക്കുന്നതിന്റെ പ്രായോഗികതന്ത്രങ്ങളാണ് ശാഖകളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
‘ഒരു ലക്ഷ്യം അനേകം സംരംഭങ്ങള്‍’ എന്നതാണ് സംഘപരിവാര കാഴ്ചപ്പാട്. മതേതര സാമൂഹികപ്രസ്ഥാനങ്ങള്‍ കടന്നുചെല്ലാത്ത ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍പ്പോലും ഹിന്ദുത്വ ആശയം പ്രചരിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതി അവര്‍ ആവിഷ്‌കരിച്ചത് അതുകൊണ്ടുതന്നെ.
ആര്‍എസ്എസ് ആദ്യമായി സ്ഥാപിച്ച ഗീത സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടിരുന്ന ദീനാനാഥ് ബത്ര തന്നെയായിരുന്നു പിന്നീട് വിദ്യാഭാരതിയുടെയും മുഴുസമയ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടത്. നിലവില്‍ വിദ്യാഭാരതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കേന്ദ്രതലത്തില്‍ മാത്രം 56 സംഘാടകരുണ്ട്. പോഷകസംഘടനകളില്‍ ഏറ്റവും കൂടുതല്‍ മുഴുസമയ പ്രചാരകന്മാര്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭാരതിക്കു വേണ്ടിയാണ്. ആര്‍എസ്എസ് വിദ്യാഭ്യാസമേഖലയ്ക്കു കൊടുക്കുന്ന പ്രാധാന്യം അതില്‍നിന്നു ബോധ്യമാവും. ഗാന്ധിവധത്തോടുകൂടി ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ നിരവധി സ്വയംസേവകര്‍ സുരക്ഷിതമേഖലയെന്ന നിലയില്‍ അധ്യാപനത്തിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ചേക്കേറിയിരുന്നു. ഇവരെ ഉപയോഗിച്ചായിരുന്നു ആര്‍എസ്എസിന്റെ വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച.
വിവിധ സംസ്ഥാനങ്ങളിലായി 32 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്ന 12,363 സ്‌കൂളുകളും 12,001 ഏകാധ്യാപക വിദ്യാലയങ്ങളും 10,000 കോളജുകളും ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനമാണു വിദ്യാഭാരതി. വിദ്യാഭാരതിയുടെ സ്‌കൂളുകള്‍ ഭൂരിഭാഗവും സിബിഎസ്ഇയുമായാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. വിദ്യാഭാരതിയുടെ കേരള പതിപ്പായ ഭാരതീയ വിദ്യാനികേതന് കീഴില്‍ സംസ്ഥാനത്ത് താഴെത്തട്ടില്‍ 500ഓളം സ്ഥാപനങ്ങളുണ്ട്. കൂടാതെ പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ സരസ്വതി വിദ്യാനികേതന്‍ എന്ന പേരില്‍ വേറെ സ്ഥാപനങ്ങളും. ഇത്തരം സ്‌കൂളുകളിലെ സംസ്‌കൃതി ഹിന്ദുമതത്തിന്റേതാണ്.
സൂര്യനമസ്‌കാരത്തോടെയും സരസ്വതീമന്ത്രത്തോടെയുമാണ് സ്‌കൂളിന്റെ ദിനചര്യ തുടങ്ങുന്നത്. പഞ്ചാംഗശിക്ഷണം എന്ന പേരില്‍ ആറു വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കോര്‍ പാഠ്യപദ്ധതി കൂടി വിദ്യാഭാരതിക്കുണ്ട്. സാധാരണ സിലബസിനു പുറത്താണത്. കായികപരിശീലനം, യോഗ, സംഗീതം, സംസ്‌കൃതം, സനാതന ധര്‍മബോധനം, സംസ്‌കാരം എന്നീ ആറു ഭാഗങ്ങളിലൂടെയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലതുപക്ഷ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസജടിലവും യുക്തിരഹിതവുമായ കാര്യങ്ങളാണ് പഞ്ചാംഗശിക്ഷണത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ സംസ്‌കാരങ്ങളും പ്രചോദനം ഉള്‍ക്കൊണ്ടത് വര്‍ണാശ്രമധര്‍മ നാഗരികതയില്‍നിന്നാണെന്നുള്ള അബദ്ധജടിലമായ പരാമര്‍ശങ്ങള്‍ കൂടി ഈ ഭാഗങ്ങളിലുണ്ട്. വിദേശമതങ്ങളോടുള്ള വിരോധമാണ് പാഠഭാഗങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.
1996ല്‍ എന്‍സിഇആര്‍ടി നടത്തിയ പാഠപുസ്തക പരിശോധനയില്‍ വിദ്യാഭാരതിയുടെ സ്‌കൂളുകളും ഉള്‍പ്പെടുത്തിയിരുന്നു. അന്ന് വിദ്യാഭാരതിക്ക് കീഴില്‍ ഉണ്ടായിരുന്ന 12 ലക്ഷം കുട്ടികള്‍ പഠിക്കുന്ന 6000 സ്‌കൂളുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഭൂരിഭാഗം വിദ്യാഭാരതി ടെക്സ്റ്റ്ബുക്കുകളും പരമതവിരോധവും മതഭ്രാന്തും പ്രചരിപ്പിക്കുന്നുവെന്നാണ്. എന്നാല്‍, വിദ്യാഭാരതിക്കെതിരേ നടപടിയെടുക്കാന്‍ ഭരണകൂടം മുതിര്‍ന്നില്ല. അതിനു നിയമപരമായ തടസ്സങ്ങളുമുണ്ടായിരുന്നു.
പരിശോധനയില്‍ എന്‍സിഇആര്‍ടി കണ്ടെത്തിയ മറ്റൊരു കാര്യം സന്‍സ്‌കൃതി ജ്ഞാന പരീക്ഷ, പ്രശ്‌നോത്തരി എന്നീ പേരുകളില്‍ വിതരണം ചെയ്തിരുന്ന ചെറുപുസ്തകങ്ങളില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതും പരമതവിരോധം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നതാണ്. ഉദാഹരണത്തിന് 1528നും 1914നും ഇടയില്‍ 77 പ്രാവശ്യം രാമജന്മഭൂമിക്ക് നേരെ അധിനിവേശം നടന്നിട്ടുണ്ടെന്നും അതില്‍ 3.5 ലക്ഷം വിശ്വാസികള്‍ ജീവന്‍ ഹോമിച്ചെന്നും ഇന്ത്യാവിഭജനത്തിനു പിന്നില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഗൂഢാലോചന ഉണ്ടെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ അവയിലുണ്ട്.
അസമില്‍ 2016 ജൂണ്‍ ഒന്നിന് നാലുലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ ഒന്നാംസ്ഥാനത്ത് സര്‍ഫറാസ് ഹുസയ്ന്‍ എന്ന മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു. വിദ്യാഭാരതിക്ക് കീഴിലുള്ള ശങ്കര്‍ദേവ് ശിശുനികേതന്‍ സ്‌കൂളിലായിരുന്നു സര്‍ഫറാസ് പഠിച്ചിരുന്നത്. വിദ്യാഭാരതി സ്‌കൂളുകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവായി ആര്‍എസ്എസ് ആ വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. സര്‍ഫറാസിനെ പ്രവേശിപ്പിക്കുന്ന സമയത്ത് മറ്റു കുട്ടികളുടെ കൂടെ ശ്ലോകങ്ങളും മന്ത്രങ്ങളും സരസ്വതീവന്ദനവും ചെയ്യുന്നതില്‍ തനിക്കു തടസ്സമില്ലെന്ന് പിതാവില്‍നിന്ന് അനുമതി വാങ്ങിയിരുന്നു. വിദ്യാര്‍ഥിയായ സര്‍ഫറാസ് ഹുസയ്‌നുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ അഭിമുഖത്തില്‍ ബിജെപി സര്‍ക്കാര്‍ ഏറ്റവുമാദ്യം പൂര്‍ത്തിയാക്കേണ്ട മൂന്നു ദൗത്യങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി, അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശികളെ പുറത്താക്കുക എന്നായിരുന്നു. ആര്‍എസ്എസിന്റെ പല കാഴ്ചപ്പണ്ടങ്ങളിലൊന്നായിരുന്നു പയ്യന്‍.
വിദ്യാഭാരതി സ്ഥാപനങ്ങളുടെ മതേതരത്വത്തിനു തെളിവായി മറ്റു ചില വാര്‍ത്തകളും പ്രചരിപ്പിക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ 1200 വിദ്യാഭാരതി സ്‌കൂളുകളിലായി 7000 മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്നതായും നരേന്ദ്ര മോദി സര്‍ക്കാര്‍ കയറിയതിനുശേഷം മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 30% വര്‍ധന ഉണ്ടായെന്നുമായിരുന്നു പ്രചാരണം. അങ്ങനെ സംഭവിച്ചിരിക്കാനും സാധ്യതയുണ്ട്. ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും പ്രലോഭിപ്പിച്ച് ഇത്തരം വിദ്യാലയങ്ങളില്‍ ചേര്‍ത്തി ഹിന്ദുത്വമിത്തുകളും ചിന്തകളും പകരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. വനവാസി കല്യാണ്‍ പരിഷത്ത് ഗോത്രവര്‍ഗക്കാരായ കുട്ടികളെ ബലമായി കൊണ്ടുവന്ന് തങ്ങളുടെ ഹോസ്റ്റലുകളില്‍ അടച്ചിട്ട് മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നത് സമീപകാലത്ത് വലിയ വാര്‍ത്തയായിരുന്നു. ആദിവാസി ഗോത്രവിഭാഗങ്ങള്‍ സജീവമായ പ്രദേശങ്ങളില്‍ വിദ്യാഭാരതിയുടെ നൂറുകണക്കിന് സ്‌കൂളുകളുണ്ട്. വനവാസി കല്യാണ്‍ ആശ്രമത്തിന് കീഴില്‍ 1500 സ്‌കൂളുകളും 17 ഹോസ്റ്റലുകളും വിവേകാനന്ദ വിദ്യാ വികാസ് പരിഷത്തിനു കീഴില്‍ 400 സ്‌കൂളുകളുമുണ്ടെന്നും ആര്‍എസ്എസിന്റെ പശ്ചിമ ബംഗാള്‍ പ്രാന്ത് കാര്യവാഹക് ജിഷ്ണു ബസു വ്യക്തമാക്കുന്നു. നല്ല കെട്ടിടങ്ങളോ ഇരിപ്പിടങ്ങളോ സൗകര്യങ്ങളോ ഈ സ്‌കൂളുകള്‍ക്കൊന്നും ഇല്ലെങ്കിലും രാജ്യത്തെ മറ്റെല്ലാ വിദ്യാഭാരതി സ്‌കൂളുകളെയും പോലെ സൂര്യനമസ്‌കാരത്തോടെയും സരസ്വതീവന്ദനം പോലുള്ള സവര്‍ണ ആചാരങ്ങളോടും കൂടി തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സ്‌കൂളുകള്‍ ആദിവാസിസമൂഹത്തെ ഹൈന്ദവവല്‍ക്കരിക്കുകയാണ്. ഇതുസംബന്ധിച്ച തിരിച്ചറിവ് ഗോത്രസമൂഹങ്ങള്‍ക്ക് ഉണ്ടെങ്കില്‍പ്പോലും നല്ല സര്‍ക്കാര്‍ സ്‌കൂളുകളുടെ അഭാവമോ നിലവാരമില്ലായ്മയോ ഇത്തരം സ്‌കൂളുകളിലേക്ക് മക്കളെ പറഞ്ഞുവിടാന്‍ രക്ഷകര്‍ത്താക്കളെ നിര്‍ബന്ധിതരാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക