|    Dec 11 Tue, 2018 11:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹിന്ദുത്വരുടെ മറ്റൊരു പ്രചാരണം കൂടി പൊളിയുന്നു കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായില്ലെന്ന വ്യാജ വാര്‍ത്തയുമായി ഹിന്ദി പത്രം

Published : 22nd April 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിവിധ കേന്ദ്രങ്ങളില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദി ദിനപത്രം ദൈനിക് ജാഗരണിന്റെ ഇന്നലത്തെ ഒന്നാം പേജിലെ വെണ്ടക്കാതലക്കെട്ട് ഇതായിരുന്നു: ‘കഠ്‌വ ബാലിക ബലാല്‍സംഗത്തിന് ഇരയായിട്ടില്ല, പോസ്റ്റ്‌മോര്‍ട്ടം രേഖയില്‍ പരിക്കുകള്‍ മാത്രം.’
കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായ ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം രേഖയില്‍ ബലാല്‍സംഗത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലെന്നായിരുന്നു വാര്‍ത്തയിലെ അവകാശവാദം. ബാലികയ്ക്കുണ്ടായ പരിക്കുകള്‍ മറ്റു കാരണങ്ങള്‍ മൂലമാവാമെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടയില്‍ കണ്ട പോറലുകള്‍ വീഴ്ചയുടെ ഫലമാവാമെന്നും കന്യാചര്‍മം പൊട്ടിയത് സൈക്കിള്‍ സവാരി, നീന്തല്‍, കുതിരയോട്ടം തുടങ്ങിയവ കാരണമാവാമെന്നും ലേഖനം തുടരുന്നു. ലൈംഗികാതിക്രമത്തിന്റെ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന മറ്റു പരിക്കുകളെ കുറിച്ച് ഒരു പരാമര്‍ശവും ലേഖനത്തിലില്ല. ന്യൂഡല്‍ഹി, ആഗ്ര, അലഹബാദ്, അമൃത്‌സര്‍, അലിഗഡ്, കഠ്‌വ, ജമ്മു എഡിഷനുകളില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ജമ്മു എഡിഷനില്‍ ഒന്നാംപേജില്‍ വന്ന വാര്‍ത്ത ഡല്‍ഹിയില്‍ മൂന്നാംപേജിലായിരുന്നു. ദൈനിക് ജാഗരണ്‍ ഗ്രൂപ്പിന്റെ ഭാഗമായ നയീ ദുന്‍യയും ഇതു പ്രസിദ്ധീകരിച്ചു.
അതേസമയം, കഠ്‌വ ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം രേഖയുടെ പകര്‍പ്പ് ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് ഇതിനെ പൊളിച്ചടുക്കി. അതില്‍ യോനിച്ചുണ്ടിലെ രക്തം, ആഴത്തിലുള്ള മുറിവുകള്‍, യോനിയിലെ രക്തപ്രവാഹം, കന്യാചര്‍മഭേദനം, തുടകളിലും വയറിലും രക്തപ്പാടുകള്‍ എന്നിവ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ടെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. പരാമൃഷ്ട പരിക്കുകള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം കാരണമാവാനാണു സാധ്യതയെന്ന്് കഠ്‌വ ജില്ലാ ആശുപത്രി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പോലിസിന് എഴുതിനല്‍കിയ രേഖയില്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്്.
ലൈംഗികാതിക്രമക്കേസുകളില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജയദീപ് സര്‍ക്കാരിന്റെ വിദഗ്ധാഭിപ്രായവും ആള്‍ട്ട് ന്യൂസ് തേടി. സിംഗപ്പൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് പ്രഫസറായ അദ്ദേഹം നിതാരി കേസില്‍ ഭാഗമായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം രേഖയിലെ തെളിവുകള്‍ ലൈംഗികാതിക്രമത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. ബലാല്‍സംഗം എന്നത് 2013ലെ ഡല്‍ഹി ഹൈക്കോടതി വിധി വ്യക്തമായി നിര്‍വചിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആന്തരിക പരിശോധനയില്‍ കണ്ടെത്തിയ മുറിവുകള്‍ ഇരയുടെ ലൈംഗികഭാഗങ്ങളില്‍ സമ്മതമില്ലാതെ സമര്‍ദ്ദം ചെലുത്തിയതു മൂലമാണെന്ന് സ്ഥിരീകരിക്കുന്നു. അതിക്രമവേളയില്‍ ബാലികയെ മയക്കിയിരുന്നുവെന്നത് മറ്റൊരു വസ്തുതയാണ്. ഇരയുടെ ഭാഗത്തുനിന്ന് ഒരു എതിര്‍പ്പുമുണ്ടാവാത്ത വേളയില്‍ പരിക്കുകളുടെ അളവ് സാധാരണഗതിയില്‍ കുറവായിരിക്കുമെന്നും ഡോ. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബാലികയുടെ ലൈംഗികാവയവത്തില്‍ നിന്നു കണ്ടെത്തിയ സ്രവങ്ങള്‍ കുറ്റാരോപിതരുടേതുമായി ചേര്‍ന്നുപോവുന്നതാണെന്ന ഫോറന്‍സിക് സയന്‍സ് ലാബ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയും ആ ള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. ദൈനിക് ജാഗരണ്‍ ലേഖനം സംഘപരിവാരപ്രവര്‍ത്തകര്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവരുകയാണ്. ഇന്ത്യയെയും ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്താനാണ് വിവിധ വാര്‍ത്താമാധ്യമങ്ങളുടെ ശ്രമമെന്ന്് കുറ്റപ്പെടുത്തുന്ന അവര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പുപറയണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. എതാണ്ട് ഒന്നരക്കോടി പേര്‍ പിന്തുടരുന്ന ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി എന്ന പേജില്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന സമ്പൂര്‍ണമായി വെളിച്ചത്തുവരുന്നുവെന്ന പേരില്‍ ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് 34,000ഓളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വീ സപ്പോര്‍ട്ട് ഹിന്ദുത്വ, വീ സപ്പോര്‍ട്ട് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലും യഥാക്രമം 5600, 6000 തവണ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss