|    Mar 24 Fri, 2017 7:41 am
FLASH NEWS

ഹിന്ദുത്വരാഷ്ട്രീയവും കേരളവും

Published : 3rd October 2015 | Posted By: G.A.G

എനിക്ക് തോന്നുന്നത്

(തേജസിന്റെ ഞായറാഴ്ചതോറുമുള്ള വായനക്കാരുടെ എഡിറ്റോറിയല്‍ പംക്തിയാണിത്. )


പി കെ നൗഫല്‍, ദോഹ

കേരളത്തില്‍ തനിച്ച് ഒരു മുനിസിപ്പാലിറ്റി ഭരണംപോലും ബി.ജെ.പിയുടെ കൈയിലില്ല. നിയമസഭയിലും ലോക്‌സഭയിലും പ്രതിനിധികളെ എത്തിക്കാനുള്ള ബി.ജെ.പി. ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി. സഖ്യം വഴി ചുളുവില്‍ നിയമസഭയിലും പാര്‍ലമെന്റിലും എത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ കേരളജനത തിരിച്ചറിയുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്തത് രാജീവ്ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമായി രൂപപ്പെട്ട സഹതാപതരംഗത്തെ അതിജീവിച്ചാണ്.കണക്കുകളില്‍ സംഘപരിവാരത്തിനു വലിയ സ്വാധീനവും വളര്‍ച്ചയുമുള്ള സംസ്ഥാനമാണ് കേരളം. ക്രമാനുഗതമായി വളര്‍ച്ചപ്രാപിക്കുന്ന വോട്ടിങ് ശതമാനം അതു കാണിക്കുന്നു.

 

പക്ഷേ, ഇത്രയൊക്കെയായിട്ടും നിയമസഭയില്‍ കടന്നുചെല്ലാന്‍ സാധിച്ചിട്ടില്ല. ഇതിനു കാരണം മുന്നണിസംവിധാനമാണ്. രണ്ട് മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോള്‍ മുന്നണിയുടെ ഭാഗമാവാതെ വിജയിക്കാനുള്ള ശ്രമം ഫലവത്താകുന്നില്ല. മാത്രമല്ല, ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവസമൂഹം സി.പി.എമ്മിന്റെ ശക്തമായ വോട്ട്ബാങ്കുമാണ്. ചില പ്രദേശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മതേതരമായിട്ടാണ് സി.പി.എം. ഈ വോട്ട്ബാങ്ക് സംരക്ഷിക്കുന്നത്. സ്വാഭാവികമായും ബി.ജെ.പിയുടെ പാര്‍ലമെന്ററി താല്‍പ്പര്യങ്ങള്‍ക്കു മുമ്പിലെ പ്രധാന വിലങ്ങുതടിയായി കേരളത്തിലെ മുന്നണിസമവാക്യങ്ങളും സി.പി.എമ്മും നിലനില്‍ക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നു വിഭിന്നമായി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായി അവര്‍ സമൂഹത്തില്‍ നിറസാന്നിധ്യമാണ്.

 

എല്ലായിടത്തും ദുര്‍ബലരായ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിശയോക്തി കലര്‍ന്ന നുണപ്രചാരണമാണ് അടിസ്ഥാനപരമായി സംഘപരിവാരത്തിന്റെ രാഷ്ട്രീയം. കേരളത്തില്‍ അത്തരം പ്രചാരണം വലിയ സ്വാധീനമുണ്ടാക്കില്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പൂര്‍ണമായും സാമുദായികവല്‍ക്കരിച്ചിട്ടുമില്ല. ലൗജിഹാദുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ നുണപ്രചാരണവും ഒടുവിലെ കുറ്റസമ്മതവും ഇതിന്റെ ഉദാഹരണമാണ്.എന്നാല്‍, അടിസ്ഥാന ജനതയുടെ ജീവിതത്തില്‍ വന്ന ഉയര്‍ച്ച തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ അടിത്തറയില്‍ വിള്ളല്‍ രൂപപ്പെടുത്തുകയുണ്ടായി.

 

മാത്രമല്ല, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമായതോടെ സി.പി.എം. മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയെന്ന വൃത്തത്തിന് പുറത്തുകടക്കാനുള്ള താല്‍പ്പര്യം അണികള്‍ക്കിടയില്‍ വര്‍ധിച്ചു. ഇതിന്റെ ഗുണഭോക്താക്കള്‍ സംഘപരിവാരമാണ്. ക്ഷേത്രപരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം നവീനമായ ആത്മീയത ഉള്‍ക്കൊണ്ട വിഭാഗങ്ങളെ ആകര്‍ഷിക്കുന്നു. ആഘോഷങ്ങളില്‍ സ്വീകരിക്കുന്ന പ്രച്ഛന്നത, അവരുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. സംഘപരിവാരത്തോട് ആഭിമുഖ്യം പുലര്‍ത്താത്ത ജനങ്ങളില്‍പ്പോലും ഹിന്ദുത്വ ചിഹ്നങ്ങളും പരമതവിരോധവും അരിച്ചിറങ്ങുന്നു. നേരിട്ട് ആര്‍.എസ്.എസ്. ആയോ ബി.ജെ.പിയായോ മാത്രം സാധിക്കാത്ത കാര്യമാണിത്.ഈ ഭീഷണിയെ എങ്ങനെ മറികടക്കാം എന്ന ധര്‍മസങ്കടത്തിലാണ് സി.പി.എം. ഒരുവശത്ത് അണികളുടെ മതാഭിമുഖ്യവും സംഘപരിവാരസംഘടനകളിലേക്കുള്ള കൂടുമാറ്റവും സംഘപരിവാരം ഉയര്‍ത്തുന്ന രാഷ്ട്രീയഭീഷണിയും, മറുവശത്ത് സി.പി.എം. ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത. ഇത് സംഘപരിവാര അജണ്ടകള്‍ക്ക് ബദലായി മിതവാദ ഹൈന്ദവത പ്രമോട്ട് ചെയ്യുന്നതില്‍നിന്ന് സി.പി.എമ്മിനെ പിറകോട്ടടിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.

(Visited 78 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക