|    Jan 18 Wed, 2017 11:28 am
FLASH NEWS

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാണാക്കയങ്ങള്‍

Published : 6th June 2016 | Posted By: SMR

മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയായിരുന്ന ഏക്‌നാഥ് ഖദ്‌സെക്ക് ഒടുവില്‍ തന്റെ സ്ഥാനം രാജിവച്ചൊഴിയേണ്ടിവന്നിരിക്കുന്നു. അനധികൃത ഭൂമി ഇടപാട് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവരുകയും കോണ്‍ഗ്രസ്, എന്‍സിപി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ ബിജെപിയിലെ തന്നെ ഒരുവിഭാഗവും സഖ്യകക്ഷിയായ ശിവസേനയും അദ്ദേഹത്തിനെതിരേ രംഗത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായതുകൊണ്ടാണ് ഖദ്‌സെക്കു മന്ത്രിസ്ഥാനം കൈയൊഴിയേണ്ടിവന്നത്. സര്‍ക്കാര്‍വക പൂെനയിലുള്ള 40 കോടി വിലവരുന്ന മൂന്നേക്കര്‍ ഭൂമി 3.75 കോടി രൂപയ്ക്ക് ഖദ്‌സെ തന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ വാങ്ങി എന്നാണ് ഒരു ആരോപണം. അതിനു പുറമേയാണ് അദ്ദേഹത്തിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി രഹസ്യ ബാന്ധവമുണ്ടെന്ന ഗുരുതര ആരോപണം. ബിജെപിയുടെ സംസ്ഥാനനേതൃത്വം തുടക്കത്തില്‍ ഖദ്‌സെക്ക് അനുകൂലമായി രംഗത്തുവരാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാവുമെന്നു കണ്ടു പിന്‍വാങ്ങുകയായിരുന്നു.
മുംബൈ ആക്രമണം അടക്കം രാജ്യത്തു നടന്ന നിരവധി ഭീകരാക്രമണങ്ങളിലും വിധ്വംസകപ്രവര്‍ത്തനങ്ങളിലും പ്രതിചേര്‍ക്കപ്പെടുകയോ ആരോപണവിധേയനാവുകയോ ചെയ്ത വ്യക്തിയാണ് ദാവൂദ് ഇബ്രാഹിം. ബിജെപിയുടെ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ അസ്തിവാരം ഉറപ്പിക്കാന്‍ സമൃദ്ധമായി ഉപയോഗിച്ചുപോരുന്ന ഉരുപ്പടികളില്‍ ഒന്നുകൂടിയാണ് അയാള്‍. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സദാ ശ്രമിച്ചുപോരുന്നുവെന്നു പറയപ്പെടുന്ന ഈ അധോലോക ചക്രവര്‍ത്തിയുമായി ഒരു ബിജെപി നേതാവിന് എന്താണു കാര്യം? ഇത്തരം ചോദ്യങ്ങളുടെ മുനകള്‍ തറഞ്ഞുകിടക്കുന്നവര്‍ സംഘപരിവാരഗണത്തില്‍ വേറെയും പലരുമുണ്ട്. പാകിസ്താനിലെ ചില ഇന്ത്യാവിരുദ്ധ സംഘടനകളുമായും എന്തിനധികം പാകിസ്താനി ചാരസംഘടനകളുമായിപ്പോലും ബന്ധം ആരോപിക്കപ്പെട്ട ആര്‍എസ്എസ് നേതാക്കളുണ്ട്. പക്ഷേ, താക്കോല്‍ കള്ളന്റെ കൈയിലിരിക്കുവോളം ജനാധിപത്യത്തിന്റെ ഈ കള്ള അറകള്‍ തുറക്കപ്പെടുകയില്ലെന്ന ആത്മവിശ്വാസം അവര്‍ക്ക് കരുത്തായി നിലനില്‍ക്കുമെന്നുറപ്പ്.
ഇന്ത്യയില്‍ നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ സംഘപരിവാരത്തിനുള്ള പങ്ക് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സംജോത എക്‌സ്പ്രസ് സ്‌ഫോടനത്തെ കുറിച്ചു വന്ന പുതിയ വെളിപ്പെടുത്തല്‍ ആര്‍എസ്എസിന്റെ കൈകളിലെ ചോരപ്പാടുകള്‍ ഒന്നുകൂടി തെളിയിച്ചുകാട്ടുന്നു. ആ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ വികാസ് നാരായണ്‍ റായ് പറയുന്നത്, ആ സംഭവത്തില്‍ ആര്‍എസ്എസ് പ്രചാരകനായ സുനില്‍ ജോഷിയുടെ പങ്ക് നൂറുശതമാനം ഉറപ്പിക്കപ്പെട്ടതാണ് എന്നാണ്. രാജ്യത്തിനകത്ത് സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൊല്ലുന്നതും ജനങ്ങളെ പരസ്പരം അകറ്റി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നതും രാജ്യസ്‌നേഹപ്രചോദിതമാണെന്ന് കരുതാനാവാത്തതുപോലെ രാജ്യശത്രുക്കളുമായി നിഗൂഢ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും രാജ്യത്തിനെതിരാവാനേ തരമുള്ളൂ. പക്ഷേ, ഇതൊക്കെ ആരോടാണു പറയേണ്ടത്?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 128 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക