|    Mar 25 Sun, 2018 1:26 am
FLASH NEWS
Home   >  Editpage  >  Article  >  

ഹിന്ദുത്വത്തിലേക്കു നടക്കുന്ന കേരളം

Published : 1st January 2017 | Posted By: mi.ptk

അവകാശങ്ങള്‍ നിഷേധങ്ങള്‍
ബാബുരാജ് ബി എസ്
ഇപ്പോള്‍ നമുക്ക് ഒരു വാര്‍ത്തയും ഞെട്ടലുണ്ടാക്കാറില്ല. നോട്ട് നിരോധിച്ചതോ കൈയില്‍ മഷിപുരട്ടിയതോ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാറില്ല. കള്ളപ്പണക്കാര്‍ക്കെതിരാണല്ലോ എന്നു കരുതി നാമത് പൊറുത്തു. ഇപ്പോഴിതാ പോലിസുകാരുടെ ആരോഗ്യത്തില്‍ ശ്രദ്ധാലുവായ ഒരു ഡിജിപിയും അവതരിച്ചിരിക്കുന്നു, ലോക്‌നാഥ് ബെഹ്‌റ. പോലിസ് സ്‌റ്റേഷനില്‍ യോഗ നിര്‍ബന്ധമാക്കിയാണ് അദ്ദേഹം തന്റെ പ്രതിബദ്ധത തെളിയിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും യോഗ പരിശീലിക്കണമെന്നാണ് ഉത്തരവ്.   നിലവില്‍ തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഉത്തരവ് നടപ്പാക്കിയെന്നും മറ്റിടങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്നും കേള്‍ക്കുന്നു. ആര്‍ട്ട് ഓഫ് ലിവിങ്, ബാബ രാംദേവ് യോഗ തുടങ്ങിയ കൂട്ടായ്മകളിലെ ട്രെയിനര്‍മാര്‍ക്കാണ് പരിശീലന ചുമതല. ഫിറ്റ്‌നസിന്റെ ഭാഗമായാണത്രെ യോഗ നിര്‍ബന്ധമാക്കുന്നത്.മതേതരത്വത്തിനു പേരുകേട്ട ഒരു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത്. അതും കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുമ്പോള്‍. ഇങ്ങനെയൊരു ഉത്തരവ് പുറത്തുവന്ന കാര്യം തന്നെ രാഷ്ട്രീയനേതൃത്വം അറിഞ്ഞമട്ടില്ല. ഉത്തരവ് മയപ്പെടുത്തി ബെഹ്‌റ നടത്തിയ തിരുത്തല്‍ പ്രസ്താവനയുടെ മറവില്‍ പതുങ്ങിനില്‍ക്കുന്നതുമാവാം. ചില അഭിപ്രായപ്രകടനങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയുടെ ബുദ്ധിജീവികളുടെ മുന്‍കൈയില്‍ പ്രസ്താവനകളൊന്നും കാണുന്നില്ല. സ്വന്തം സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കേണ്ടെന്നു കരുതിയാവാം. അതോ വിയോജിപ്പില്ലാത്തതിനാലോ എന്നും വ്യക്തമല്ല. പോലിസുകാര്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നത് ഒരു കുറ്റകൃത്യമല്ല. പോലിസുകാര്‍ അവരവരുടെ വീടുകളിലോ മറ്റേതെങ്കിലും ഇടങ്ങളിലോ യോഗാഭ്യാസം നടത്തുന്നതിലും പഠിക്കുന്നതിലും തെറ്റില്ല. എന്നാല്‍, യോഗ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി നടപ്പാക്കുമ്പോള്‍ അവിടെ ചില അപകടങ്ങളുണ്ടെന്നുതന്നെയാണ് മുന്നനുഭവങ്ങള്‍ പറയുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം പോലിസുകാരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ആദ്യമായല്ല. സുരേഷ് രാജ് പുരോഹിത് എന്ന പോലിസുകാരന്‍ കുറച്ചുകാലം മുമ്പ് തൃശൂര്‍ രാമവര്‍മപുരം പോലിസ് ക്യാംപില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് ബീഫ് വിഷയം സജീവമാവുകയും ദേശീയതലത്തില്‍ തന്നെ ബീഫ് നിരോധനത്തിന്റെ രാഷ്ട്രീയത്തിനെതിരേ നീക്കങ്ങളാരംഭിക്കുകയും ചെയ്തതോടെയാണ് രാമവര്‍മപുരത്തെ ബീഫ് നിരോധനം പൊതുചര്‍ച്ചയുടെ ഭാഗമാവുന്നതും സര്‍ക്കാര്‍ അതിനെതിരേ പരസ്യ നിലപാടെടുക്കുന്നതും. എന്നിട്ടും പുരോഹിതിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തിന് കുറേ വിയര്‍പ്പൊഴുക്കേണ്ടിവന്നു. അദ്ദേഹം തന്നെ ഇപ്പോള്‍ മറ്റൊരു നീക്കവുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. താന്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുമെന്നും അതില്‍ നിന്നു തന്നെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ലെന്നുമാണത്രെ അദ്ദേഹം പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ ഓഫിസുകളില്‍ ശത്രുസംഹാരപൂജയും  ആയുധപൂജ യും നടത്തുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ തറക്കല്ലിടലിനോടൊപ്പം പൂജാകര്‍മങ്ങള്‍ നടത്തുന്നതും ഇന്ന് വിവാദം പോലുമല്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഐഎസ്ആര്‍ഒയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനു മുമ്പ് അതിന്റെ മാതൃകയുമായി തിരുപ്പതി ക്ഷേത്രത്തില്‍ പോയ പഴയ ഡയറക്ടര്‍ ഡോ. കെ രാധാകൃഷ്ണന്റെ നടപടി അക്കാലത്ത് വിവാദമായിരുന്നു. എന്നിട്ടും ഒരു സര്‍ക്കാരും അതിനെതിരേ ചെറുവിരലനക്കിയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളില്‍ ഇത്തരം തീരുമാനങ്ങളുണ്ടാവുന്നതും നടപ്പാക്കുന്നതും ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. പൊതുപരിപാടികളില്‍ വിളക്കു കൊളുത്താത്ത മുസ്‌ലിം മന്ത്രിക്കെതിരേ പ്രതിഷേധിച്ചത് ഡിവൈഎഫ്‌ഐ ആയിരുന്നുവല്ലോ. സര്‍ക്കാര്‍ പരിപാടികള്‍ എന്തിനാണ് മതപരമായ ചടങ്ങുകളുമായി കൂട്ടിക്കെട്ടുന്നതെന്ന ചോദ്യത്തിനു പകരം അതിനെതിരേ നിലപാടെടുക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയായിരുന്നു ഇടതുപക്ഷം. മോദി അധികാരത്തിലെത്തിയതിനു ശേഷം രൂപംകൊടുത്ത വലിയ പ്രത്യയശാസ്ത്ര നീക്കങ്ങളിലൊന്ന് അന്താരാഷ്ട്ര യോഗാ ദിനാചരണമായിരുന്നു. യുനസ്‌കോയുടെ ചുവടുപിടിച്ചുകൊണ്ട് വ്യാഖ്യാനിച്ചെടുത്ത യോഗാദിനാചരണം ആത്യന്തികമായും ലക്ഷ്യംവച്ചിരുന്നത് ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പ്രചാരണമാണെന്ന് അക്കാലത്തു തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ യോഗയില്‍ സൂര്യനമസ്‌കാരം പോലുള്ള മതപരമായ ആചാരങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അതേ ദിശയിലാണ് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഡിജിപിയുടെയും യാത്ര. യോഗാഭ്യാസവുമായി ബന്ധപ്പെട്ട് അപകടകരമായ മറ്റൊരു നീക്കം കൂടിയുണ്ട്. യോഗയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ പേരുവിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പോലിസ് ഫോഴ്‌സിനുള്ളില്‍ ചാരവലയം സൃഷ്ടിക്കാനുള്ള നീക്കമായിരിക്കാമെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാവില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss