|    May 29 Mon, 2017 2:12 am
FLASH NEWS

ഹിന്ദുത്വം: 1995ലെ വിധി സുപ്രിംകോടതി പുനഃപരിശോധിക്കുന്നു

Published : 17th October 2016 | Posted By: SMR

Suprem-court

കെ എ സലിം

ന്യൂഡല്‍ഹി: ഹിന്ദുത്വവും ഹിന്ദുയിസവും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന 1995ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി തയ്യാറെടുക്കുന്നു. ഹിന്ദുത്വവും ഹിന്ദുയിസവും ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ലെന്നും അത് ഇന്ത്യയിലെ ജീവിതവ്യവസ്ഥയാണെന്നുമുള്ള വിധിയാണ് 20 കൊല്ലങ്ങള്‍ക്കു ശേഷം സുപ്രിംകോടതി പുനഃപരിശോധിക്കുന്നത്. ഏഴംഗ ഭരണഘടനാ ബെഞ്ചാണ് നാളെ വിഷയം പരിഗണിക്കുക.
ഹിന്ദുത്വ വര്‍ഗീയ നിലപാടുകളെ ന്യായീകരിക്കാന്‍ ബിജെപിയും സംഘപരിവാര സംഘടനകളും ഈ വിധിയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. വര്‍ഗീയപ്പാര്‍ട്ടിയെന്ന പ്രചാരണത്തെ ഈ വിധി ചൂണ്ടിക്കാട്ടിയാണ് ബിജെപി നേരിട്ടിരുന്നത്. ഹിന്ദുത്വം ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു കോടതിവിധി. 1995 ഡിസംബറില്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു വിധി. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ജാതിയുടെയോ വിഭാഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ശത്രുതയുണ്ടാക്കുകയെന്നതാണ് 123 (3എ) വകുപ്പ് പ്രകാരം തെറ്റായ നടപടിയാവുകയെന്നും കോടതി ഉത്തരവിട്ടു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുംബൈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വിജയിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ അംഗങ്ങള്‍ക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസുകള്‍ തള്ളിപ്പോവുകയും ചെയ്തു.
ശിവസേനാ നേതാവ് ബാല്‍താക്കറേ, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഹിന്ദുത്വം ഏതെങ്കിലും വ്യക്തിയുടെ മതാചാരമോ വിശ്വാസമോ അല്ലെന്നും അത് ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതവ്യവസ്ഥയാണെന്നുമാണ് അന്ന് കോടതി പറഞ്ഞത്. പ്രസംഗങ്ങളില്‍ ഹിന്ദുത്വം, ഹിന്ദുയിസം എന്നിവ ഉപയോഗിക്കുന്നത് ശത്രുത പ്രചരിപ്പിക്കലായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇടംപിടിച്ചു.
വിധി പുറപ്പെടുവിച്ച് രണ്ടു മാസത്തിനു ശേഷം ഈ വിധി അഞ്ചംഗ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രിംകോടതിയുടെ തന്നെ മറ്റൊരു മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. നടപടികള്‍ വൈകിയെങ്കിലും 2014 ജനുവരിയില്‍ ബിജെപി നേതാവ് സുന്ദര്‍ലാല്‍ പട്‌വക്കെതിരായ കേസ് പരിഗണിക്കവെയാണ് വിഷയം ഏഴംഗ ബെഞ്ചിനു വിടാന്‍ കോടതി തീരുമാനിച്ചത്. തുടര്‍ന്നാണ് ഇപ്പോള്‍ ഏഴംഗ ബെഞ്ച് വിധി പുനഃപരിശോധിക്കാന്‍ പോകുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day