|    Jun 27 Tue, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിന്ദുത്വം ജീവിതരീതി; പരാമര്‍ശം പുനപ്പരിശോധിക്കില്ല: സുപ്രിംകോടതി

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി:’ഹിന്ദുത്വം’ സംബന്ധിച്ച 1995ലെ വിധിയിലെ പരാമര്‍ശങ്ങള്‍ തല്‍ക്കാലം പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതിക്കു മുമ്പിലുള്ള നിര്‍ദേശം പരിശോധിക്കുക മാത്രമാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നതെന്നും ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ കോടതിക്കു മുന്നിലുള്ള പരിഗണനാ വിഷയങ്ങളില്‍ ഹിന്ദുത്വം എന്ന പദം ഇല്ല. ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണെങ്കില്‍ അത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദുത്വം എന്ന വിശാല അര്‍ഥതലങ്ങളിലേക്ക് ഇപ്പോള്‍ പോവുന്നില്ല. ഇപ്പോഴത്തെ നിലയില്‍ ഈ പ്രശ്‌നത്തില്‍ കോടതി നിയന്ത്രണം പാലിക്കുകയാണ്. മതനേതാക്കളും സ്ഥാനാര്‍ഥികളും തമ്മിലുള്ള ബന്ധവും ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പിനു കീഴില്‍ ഇതു നിയമവിരുദ്ധമാണോ എന്നുമാണ് പരിശോധിച്ചതെന്നും കോടതി വ്യക്തമാക്കി. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ വംശത്തിന്റെയോ പേരില്‍ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയാല്‍ സ്ഥാനാര്‍ഥികളുടെ ഫലം അസാധുവാകുമെന്നു വ്യക്തമാക്കുന്നതാണ് 123 (3) വകുപ്പ്. ഇതുസംബന്ധിച്ച 20 വര്‍ഷത്തിലേറെ പഴക്കമുള്ള ഹരജിയിലാണ് കോടതി നടപടി. ഹരജിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്താ സെത്തല്‍വാദും കക്ഷിചേര്‍ന്നിരുന്നു. ഹിന്ദുത്വ എന്നത് എന്താണെന്നു വിശദീകരിക്കണം എന്നതിനുപകരം ആ പദം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നായിരുന്നു ടീസ്തയുടെ ആവശ്യം. 1987ല്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനാ നേതാവ് ബാല്‍താക്കറെയും ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയും ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം എന്നീ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയതാണ് കേസിനാധാരം. തിരഞ്ഞെടുപ്പ് ഹിന്ദുത്വയുടെ സംരക്ഷണത്തിനാണെന്നും ഈ രാജ്യം ഹിന്ദുക്കളുടേതായതിനാല്‍ മുസ്‌ലിംകളുടെ വോട്ട് ശ്രദ്ധിക്കേണ്ടെന്നും ആരെങ്കിലും ഹിന്ദുക്കളെ എതിര്‍ത്താല്‍ അവര്‍ ഇവിടെ വിട്ടുപോവേണ്ടിവരുമെന്നുമായിരുന്നു താക്കറെയുടെ പ്രസംഗം. ഹരജി പരിഗണിച്ച കോടതി, താക്കറെയും ജോഷിയും ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് ലഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശിവസേനാ നേതാവിന്റെ വിജയം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധി ചോദ്യംചെയ്ത് ശിവസേന സമര്‍പ്പിച്ച ഹരജിയിലാണ് 95ല്‍ ജെ എസ് വര്‍മ ഹിന്ദുത്വര്‍ക്കു അനുകൂലമായി വിധിച്ചത്. ശിവസേനാ നേതാക്കള്‍ വോട്ട് പിടിച്ചത് മതത്തിന്റെ പേരിലല്ലെന്നും ഹിന്ദുത്വയുടെ പേരിലാണെന്നും ഹിന്ദുത്വ എന്നത് ഇന്ത്യക്കാരുടെ ജീവിതരീതിയാണെന്നും വര്‍മയുടെ ബെഞ്ച് നിരീക്ഷിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ശിവസേനാ അംഗങ്ങള്‍ക്കെതിരായ കേസുകള്‍ ബോംബെ ഹൈക്കോടതി തള്ളി. ഈ വിധിയാണ് ഇപ്പോള്‍ ബെഞ്ച് പുനപ്പരിശോധിക്കാനെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക