|    Sep 24 Mon, 2018 10:57 am
Home   >  Editpage  >  Lead Article  >  

ഹിന്ദുത്വം ക്രൈസ്തവം, ഇറ്റാലിയന്‍

Published : 30th January 2017 | Posted By: fsq

പങ്കജ് മിശ്ര

 

ഹിന്ദു ദേശീയവാദികള്‍ എല്ലായ്‌പ്പോഴും തങ്ങളുടെ അന്യൂനവും അനനുകരണീയവുമായ ഹിന്ദുത്വത്തെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ‘ഹിന്ദുത്വയുടെ അടിസ്ഥാന സ്വഭാവങ്ങള്‍’ എന്ന തന്റെ കൃതിയാണ് ആധുനിക ഹിന്ദു ദേശീയവാദത്തിന്റെ പ്രത്യയശാസ്ത്രം നിര്‍വചിക്കുന്നതെന്ന് സവര്‍ക്കര്‍ അവകാശപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ ഒരു പൊതു പിതൃഭൂമിയും പൊതുരക്തവും പൊതു സംസ്‌കാരവും പൊതു പുണ്യഭൂമിയും പങ്കുവയ്ക്കുന്ന ജനതയാണെന്നാണ് സവര്‍ക്കര്‍ വാദിച്ചത്. സോണിയാ ഗാന്ധിയുടെ ക്രൈസ്തവ പാരമ്പര്യം റോമാരാജിനെ പ്രതിനിധീകരിക്കുന്നുവെന്നു പ്രചരിപ്പിക്കുന്ന മോദി, മുസ്‌ലിം അധിനിവേശത്തെക്കുറിച്ചു രോഷാകുലരാവുന്ന, പാശ്ചാത്യരായ പണ്ഡിതന്മാരെയും ജേണലിസ്റ്റുകളെയും ആക്രമിക്കുന്ന ട്രോളെഴുത്തുകാര്‍- ഇവരൊക്കെ ഇന്ത്യാചരിത്രത്തിന്റെ പുതിയൊരു ഭാഷ്യം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ശോഭനമായ ഹിന്ദു ഭൂതകാലത്തെ ആക്രമിച്ചു തകര്‍ത്ത വിദേശികള്‍ എന്നതാണ് അവരുടെ പ്രമേയം. തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ തോല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തതിനെക്കുറിച്ച് ശക്തമായ അവബോധം വേണമെന്നാണ് ഈ ചരിത്രനിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത്. ചരിത്രത്തിന്റെ വേദനയോട് ഉണര്‍ന്നെണീറ്റ്, അമാനുഷമായ ശക്തിയാര്‍ജിച്ച് ഭൂതകാലത്തേറ്റ അപമാനങ്ങള്‍ക്കു പ്രതികാരം ചെയ്യുകയും ശോഭനമായ പുതിയൊരു വര്‍ത്തമാനവും ഭാവിയും നിര്‍മിക്കുകയും ചെയ്യാനാണ് അവരുടെ ആഹ്വാനം. അതായത്, രാഷ്ട്രത്തിനു വേണ്ടി വ്യക്തിപരമായ പലതും ബലിയര്‍പ്പിക്കണം. നോട്ടുകള്‍ അസാധുവാക്കിയശേഷം മോദി പലപ്പോഴും അതിനാണ് ആഹ്വാനം ചെയ്തത്. എന്നാല്‍ ഹിന്ദു ദേശീയവാദത്തിന്റെ വംശാവലി നോക്കുമ്പോള്‍ അതില്‍ അതുല്യമായ, തനതായ ഒരു ഹിന്ദുത്വവും നമുക്കു കാണാന്‍ കഴിയുന്നില്ല. 1930കളിലെ നാത്‌സികളെയും ഫാഷിസ്റ്റുകളെയും ആര്‍എസ്എസ് മാതൃകയാക്കിയതിനെപ്പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഹിന്ദു ദേശീയവാദത്തിന്റെ ഉദ്ഭവം 18ാം നൂറ്റാണ്ടില്‍ പ്രവാസികളായിപ്പോയ ചില യൂറോപ്യന്‍മാരുടെ വൈകാരികവും മനശ്ശാസ്ത്രപരവുമായ ഘടനയിലാണു നാം കാണുന്നത്. പൊതുവായ ഒരു പിതൃഭൂമിയോ മാതൃഭൂമിയോ കണ്ടുപിടിക്കാനുള്ള അവരുടെ വാശിയില്‍നിന്നാണ് സവര്‍ക്കറും മറ്റു സവര്‍ണരും പ്രചോദനം ഉള്‍ക്കൊണ്ടത്. ആധുനിക വ്യവസായ-വാണിജ്യ ലോകത്തേക്ക് കടക്കാന്‍ നിര്‍ബന്ധിതരായ വിദ്യാസമ്പന്നരായ യൂറോപ്യന്‍ ബുദ്ധിജീവികളില്‍ ചിലര്‍ മനംമയക്കുന്ന ഒരു ഭൂതകാലം കണ്ടുപിടിക്കാന്‍ പാടുപെട്ടു. പലപ്പോഴും കൃത്രിമമായി നിര്‍മിച്ച ചരിത്രരേഖകളെയാണ് അവര്‍ ആശ്രയിച്ചത്. ഉദാഹരണത്തിന്, സ്‌കോട്ടിഷ് കവിയായ മക്‌ഫേഴ്‌സണ്‍ സ്വന്തം ഭാവനയില്‍ നിന്നും പഴയകാല നാടോടിക്കഥകളില്‍ നിന്നും നിര്‍മിച്ച ഓസിയന്‍ കാവ്യങ്ങളില്‍ നെപ്പോളിയനും ജര്‍മന്‍ കാല്‍പനികവാദികളും പൗരാണികമാണെന്നു കരുതി ആവേശംകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുപോന്നിരുന്ന ചരിത്രാവശിഷ്ടങ്ങളില്‍ അവര്‍ ഒരു പുതുലോകം ദര്‍ശിച്ചു (പകരം മഹാത്മാഗാന്ധി ലളിത നിര്‍മിതിയായ ചര്‍ക്കയാണ് ദേശീയ നവോത്ഥാനത്തിന്റെ പ്രതീകമായി കണ്ടത്). പൗരാണിക ഗ്രീസ് പെട്ടെന്നവര്‍ക്ക് ഐക്യത്തിന്റെയും താളപ്പൊരുത്തത്തിന്റെയും തിളക്കമേറിയ പ്രതീകമായി. എന്നാല്‍ ഇറ്റാലിയന്‍ ദേശീയവാദികള്‍ക്ക് പൗരാണിക റോമായിരുന്നു പ്രചോദനകേന്ദ്രം. വ്യാവസായികവല്‍ക്കരണത്തില്‍ സ്വന്തം ഗ്രാമങ്ങളില്‍ നിന്നു പിഴുതെറിയപ്പെട്ട, അതുകൊണ്ടുതന്നെ എങ്ങോട്ടു പോവണമെന്നറിയാത്ത ഈ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ലേപനമായിരുന്നു ഈ നിലപാടുകള്‍. നഗരവല്‍ക്കരണവും മതേതരവല്‍ക്കരണവും അവരെ കുഴക്കിയിരുന്നു. എല്ലാം കീഴ്‌മേല്‍മറിക്കുന്ന ആധുനികതയില്‍ അവര്‍ സ്വാഭീഷ്ടപ്രകാരം ഭൂതകാലത്തില്‍ നിന്നു ചിലത് മാത്രം തിരഞ്ഞെടുക്കുന്ന ഒരു ദീര്‍ഘതന്ത്രത്തിനു രൂപം നല്‍കി. വര്‍ത്തമാനകാലത്തെ അഭിമുഖീകരിക്കാനും ഭാവിയെക്കുറിച്ചു സ്വപ്‌നം കാണാനും അതവരെ സഹായിച്ചു. ചരിത്രമെന്നത് അവര്‍ക്കു പെട്ടെന്ന് വഴിമാറുന്ന സംഭവങ്ങള്‍ മാത്രമായിരുന്നു. പൗരാണിക ഹിന്ദു സുവര്‍ണകാലത്തെ മുസ്‌ലിംകള്‍ തകര്‍ത്തുവെന്ന് ഹിന്ദു ദേശീയവാദികള്‍ കരുതുന്നപോലെ, അതു തങ്ങള്‍ക്ക് അനുഗുണമാവുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നവര്‍ കരുതി. വലിയ സാമ്രാജ്യങ്ങളുടെ പടയോട്ടത്തില്‍ തകര്‍ന്നുപോയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് കണ്ണഞ്ചിപ്പിക്കുന്ന ഭൂതകാലത്തെക്കുറിച്ച് സങ്കല്‍പങ്ങള്‍ പ്രചരിച്ചത്. ജര്‍മന്‍കാരും ഇറ്റലിക്കാരും സ്‌കോട്ട്‌ലന്‍ഡുകാരും ഉദാഹരണം. പൊതുവായ പുണ്യഭൂമിയെക്കുറിച്ചു സ്വപ്‌നംകണ്ടിരുന്നവരില്‍ ഏറ്റവും മുമ്പില്‍ നിന്നത് സ്വന്തം ജന്മനാട്ടില്‍ നിന്നു പലായനം ചെയ്തവരായിരുന്നു. ഇന്ന് വിദേശ ഇന്ത്യക്കാരില്‍ കാണുന്നപോലെ കടുത്ത ദേശീയത, സ്വന്തം നാടു വിട്ട് മറ്റു നാടുകളില്‍ വസിക്കുന്ന യൂറോപ്യന്മാരില്‍ കൂടുതല്‍ കണ്ടിരുന്നു. ഒരു സ്വത്വത്തിനുവേണ്ടിയും കൂട്ടിനുവേണ്ടിയുമുള്ള ത്വരയായിരുന്നു അതിനു പിന്നില്‍. ഇറ്റാലിയന്‍ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനും ചിന്തകനുമായ ഗ്യൂസെപ്പെ മാസീനി(1805-1872)യായിരുന്നു അവരെ സ്വാധീനിച്ചവരില്‍ പ്രമുഖന്‍. മാസീനി സ്ഥാപിച്ച യങ് ഇറ്റലി എന്ന സംഘടനയ്ക്ക് ജപ്പാനില്‍ വരെ അനുകരണങ്ങളുണ്ടായി. സവര്‍ക്കര്‍ മസീനിയുടെ ആരാധകനായിരുന്നു എന്നു മാത്രം പറഞ്ഞാല്‍ പോരാ. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ കൊങ്കണിലെ രത്‌നഗിരിയില്‍ നിന്നുള്ള ഈ ചിത്പാവന്‍ ബ്രാഹ്മണന്‍ മസീനിയുടെ രചനകളുടെ ഒരു സമാഹാരം, ആവേശമുള്ള ഒരു അവതാരികയോടെ, പ്രസിദ്ധീകരിച്ചിരുന്നു. സവര്‍ക്കര്‍ താന്‍ സ്ഥാപിച്ച അഭിനവ് ഭാരത് എന്ന സംഘടനയ്ക്കു മാതൃകയാക്കിയത് യങ് ഇറ്റലിയാണ്. പിന്നീട് ആന്തമാന്‍ ജയിലില്‍ ദീര്‍ഘകാലം തടവുകാരനായി കഴിഞ്ഞപ്പോള്‍ സവര്‍ക്കര്‍ മസീനിയുടെ രചനകള്‍ വായിക്കുന്നതില്‍ മുഴുകി. സവര്‍ക്കറെപ്പോലെ ഒട്ടും മതവിശ്വാസമില്ലാതിരുന്ന മസീനി പരമ്പരാഗത മതത്തിന്റെ പുനരുത്ഥാനമല്ല, ഇറ്റലി എന്ന ദേശരാഷ്ട്രത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ലക്ഷ്യംവച്ചത്. മസീനിയുടെ അഭിപ്രായത്തില്‍ ഇറ്റാലിയന്‍ ജനതയ്‌ക്കൊരു വിശുദ്ധ ദൗത്യമുണ്ടായിരുന്നു: മൂന്നാം റോം സ്ഥാപിക്കുക. സീസറുടേതായിരുന്നു ഒന്നാം റോം. കത്തോലിക്കാ സഭയുടേതായിരുന്നു രണ്ടാം റോം (ഹിറ്റ്‌ലര്‍ മൂന്നാം റെയ്ഖ് എന്നായിരുന്നു പറഞ്ഞിരുന്നത്. ഷാള്‍മാഞ്ഞിന്റെ ഹോളി റോമന്‍ സാമ്രാജ്യമായിരുന്നു ഒന്നാം റെയ്ഖ്; രണ്ടാം റെയ്ഖ് 1918ല്‍ അവസാനിച്ച ജര്‍മന്‍ സാമ്രാജ്യം: വിവ.). അതിനായി ഇറ്റാലിയന്‍ ജനത അരയും തലയും മുറുക്കി രംഗത്തുവരുകയും ഇറ്റാലിയന്‍ പ്രവിശ്യകള്‍ ഏകീകരിക്കുകയും പഴയ റോമന്‍ പ്രദേശങ്ങള്‍ തിരികെപ്പിടിക്കുകയും ചെയ്യണമെന്ന് മസീനി വാദിച്ചു. അതായത്, അഖണ്ഡഭാരതം പോലെയുള്ള ഒരു അഖണ്ഡ ഇറ്റലി. ദേശീയതയെന്നത് മസീനിയുടെ അഭിപ്രായത്തില്‍ പൊതുബോധത്തിനപ്പുറമുള്ള വിശ്വാസങ്ങളുടെ ഒരു സംഹിതയാണ്. ആത്മസമര്‍പ്പണമാണത് ആവശ്യപ്പെടുന്നത്. ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി മജ്ജയും മാംസവും നല്‍കിയ രക്തസാക്ഷികളാണ് അതിനു പ്രചോദനമാവേണ്ടത്. ഇന്ത്യന്‍ വലതുപക്ഷ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍പ്പെട്ട ലാലാ ലജ്പത്‌റായ് രക്തസാക്ഷിത്വത്തിന്റെയും ആത്മത്യാഗത്തിന്റെയും മതം സ്ഥാപിച്ച മഹാനായാണ് മസീനിയെ വിശേഷിപ്പിച്ചത്. മോദി തുടര്‍ച്ചയായി ജനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നതും അതേ ആത്മസമര്‍പ്പണവും രക്തസാക്ഷിത്വവുമാണ്. യഥാര്‍ഥത്തില്‍ മസീനിയുടെ ആരാധകരായ ഇന്ത്യയിലെ സവര്‍ണ നേതാക്കന്മാരാരും മസീനി തന്റെ ആശയങ്ങള്‍, യൂറോപ്യന്‍ ക്രൈസ്തവരില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ, ഫെലിസിത്തെ ദ് ലാമെന്നെ എന്ന ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനില്‍ നിന്ന് കടമെടുത്തതാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ലാമെന്നെ 1834ല്‍ രചിച്ച ‘വിശ്വാസിയുടെ വാക്കുകള്‍’ എന്നത് അക്കാലത്ത് ഒട്ടേറെ പേര്‍ വായിച്ച കൃതിയായിരുന്നു. ലാമെന്നെയാണ് ജനങ്ങളും മാതൃഭൂമിയും തമ്മില്‍ കൃത്യമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചത്. അസംഘടിതരായ വ്യക്തികള്‍ക്ക് ഒന്നിച്ചുനില്‍ക്കാനുള്ള ഒരു ഭൂമികയായിരുന്നു അദ്ദേഹത്തിന് മാതൃഭൂമി. ഇന്ത്യയിലെ ഹിന്ദു ദേശീയവാദികളും അതേ വാദം തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്.  മസീനി 19ാം നൂറ്റാണ്ടിലെ രാഷ്ട്രീയസംവാദത്തില്‍ കൊണ്ടുവന്ന ത്യാഗബോധം, രക്തസാക്ഷിത്വം, പുനരുത്ഥാനം, വിമോചനം എന്നിവയെല്ലാം മൗലികമായി അഗാധമായ ക്രിസ്ത്യന്‍ ആശയങ്ങളാണ്. സവര്‍ക്കര്‍ തന്റെ മിശിഹാ ദേശീയവാദത്തിനു രൂപം നല്‍കുന്നത് അവയെ ഉപജീവിച്ചുതന്നെ. സവര്‍ക്കറുടെ മേലുദ്ധരിച്ച കൃതിയുടെ മുകളില്‍ വട്ടമിട്ടുപറക്കുന്നത് അഖണ്ഡ ഇറ്റലിയും റോമാ സാമ്രാജ്യവുമാണ്. കപട കത്തോലിക്കാ സ്വപ്‌നചിന്തകള്‍ തുടര്‍ന്നുള്ള എല്ലാ ഹിന്ദു ദേശീയ സ്വപ്‌നങ്ങളെയും ചൂഴ്ന്നുനില്‍ക്കുന്നു. ആ അര്‍ഥത്തില്‍ ഹിന്ദു ദേശീയതാവാദം സോണിയാ ഗാന്ധിയേക്കാള്‍ കൂടുതല്‍ ഇറ്റാലിയനും ക്രൈസ്തവവുമാണ് എന്നാണു പറയേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss