|    May 27 Sat, 2017 8:09 am
FLASH NEWS

ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണം: മോഹന്‍ ഭാഗവത് പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കള്‍

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമായി. നിരവധി പ്രമുഖര്‍ വിമര്‍ശനവുമായെത്തി. ഹിന്ദുക്കളെ ഉത്തേജിപ്പിക്കുന്നതിന് മുമ്പ് മോഹന്‍ ഭാഗവത് സ്വന്തമായി പത്ത് കുഞ്ഞുങ്ങളെ ഉണ്ടാക്കി നന്നായി വളര്‍ത്തട്ടെയെന്നായിരുന്നു.
ഇതു സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്സും ശിവസേനയും രംഗത്തെത്തി. കാലഹരണപ്പെട്ട ചിന്താഗതികള്‍ ആധുനിക രീതിയില്‍ കൊണ്ടുവരാനാണ് മോഹന്‍ ഭാഗവത് ശ്രമിക്കുന്നതെന്നും പുരോഗമന ഹിന്ദു സമൂഹം അത് അംഗീകരിക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വിമര്‍ശിച്ചു. ഹിന്ദുക്കള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയാല്‍ പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയവ വര്‍ധിക്കാനെ ഇത് ഉപകരിക്കൂവെന്നും സാമ്‌ന കുറ്റപ്പെടുത്തി.
ഭാഗവതില്‍ നിന്ന് ഇതു പ്രതീക്ഷിച്ചതാണെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാനെ അദ്ദേഹത്തിന് അറിയൂവെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ഹിന്ദുക്കള്‍ പ്രത്യുല്‍പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബിജെപി സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചത്. ഭാഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട് (പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൂചിപ്പിച്ച് ) സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്നായിരുന്നു യുപി മന്ത്രി അസംഖാന്റെ പ്രതികരണം. കഴിഞ്ഞ ശനിയാഴ്ച ആഗ്രയില്‍ ആര്‍എസ്എസ് ചടങ്ങില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് ഹിന്ദു ജനസംഖ്യ ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദുക്കളുടെ ജനസംഖ്യ ഉയരാന്‍ പാടില്ലെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്നും മറ്റു വിഭാഗങ്ങളുടെ ജനസംഖ്യ ഉയരുമ്പോള്‍ ഹിന്ദു ദമ്പതികളെ അതില്‍ നിന്നു തടയുന്നതെന്താണെന്നും ഭാഗവത് ചോദിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day