|    Oct 20 Sat, 2018 6:03 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ഹിജ്‌റ കലണ്ടര്‍ : ആത്മപരിശോധനയ്ക്ക് സമയമായി

Published : 26th September 2017 | Posted By: fsq

1400 വര്‍ഷം മുമ്പ് കാലഗണനയ്ക്കും ചരിത്രസംഭവങ്ങള്‍ കുറിച്ചുവയ്ക്കാനും ഭാവി ആസൂത്രണത്തിനും തിരുനബി തിരഞ്ഞെടുത്തതാണ് ഹിജ്‌റ കലണ്ടര്‍. പലതരം കലണ്ടറുകള്‍ ഉണ്ട്. വര്‍ഷവും മാസവും ദിവസവും കൃത്യമായിരുന്നാലേ ചരിത്രത്തിന്റെ വിശ്വാസ്യത പൂര്‍ണമാവൂ. ചരിത്രത്തിന്റെ വിശ്വാസ്യത പൂര്‍ണമാവണമെങ്കില്‍ ചരിത്രം കുറിച്ചുവയ്ക്കാനും ഭാവി ആസൂത്രണത്തിനും ഉപയോഗിക്കുന്ന കലണ്ടര്‍ തെറ്റുപറ്റാത്തതായിരിക്കണം. എന്നാല്‍, ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒരു വ്യവഹാരവും നിശ്ചയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന കലണ്ടറായി ഹിജ്‌റ കലണ്ടര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെങ്കില്‍ ആരാണ് അതിന് ഉത്തരവാദി?തിയ്യതിയിലും ദിവസത്തിലും ഏകീകരണമില്ലാതെ ഒരേ തിയ്യതിയില്‍ ഒന്നിലധികം ദിവസങ്ങള്‍ രേഖപ്പെടുത്തുന്ന ഏതൊരു കലണ്ടറും പ്രയാസമുണ്ടാക്കും. ജനങ്ങള്‍ക്കു പിന്‍പറ്റാനാവാത്ത കലണ്ടര്‍ തിരസ്‌കരിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. ഹിജ്‌റ കലണ്ടറിനെക്കുറിച്ച് മിക്കവരുടെയും ധാരണ അത് ആരാധനാനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ക്കും ആവശ്യങ്ങള്‍ക്കും ഉപയുക്തമേ അല്ലാത്ത ഒരു ‘വഴിപാട് കലണ്ടര്‍’ ആണെന്നാണ്. ജനങ്ങള്‍ക്കു പിന്‍പറ്റാന്‍ കഴിയാത്ത, അവരുടെ വ്യവഹാരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റാത്ത കലണ്ടറാണോ ഇത്? ആരാധനയുടെ നിമിഷങ്ങളും മുഹൂര്‍ത്തങ്ങളും മറ്റ് ഇടപാടുകളും നിശ്ചയിച്ചുറപ്പിക്കാന്‍ കഴിയാത്ത, ആശയക്കുഴപ്പമുണ്ടാക്കുന്ന കലണ്ടറാണോ ഇത്? ഒരിക്കലുമല്ല. ഹിജ്‌റ കലണ്ടറിനെ പിന്‍പറ്റാന്‍കൊള്ളാത്തതാക്കി മാറ്റിയത് ഇന്ന് അതിനെ കൈകാര്യം ചെയ്യുന്നവരാണ്. ദിവസം കണക്കാക്കാന്‍ സൂര്യനെയും മാസം തിട്ടപ്പെടുത്താന്‍ ചന്ദ്രനെയും അവലംബിക്കണമെന്ന് അല്ലാഹു കല്‍പിക്കുന്നു. ഇതനുസരിക്കാതെ, ദൈവിക കല്‍പനയും നിര്‍ദേശങ്ങളും ധിക്കരിച്ച്, സൂര്യനെ ആധാരമാക്കി റോമന്‍ രാജാക്കന്മാര്‍ തട്ടിക്കൂട്ടിയ കലണ്ടറാണ് മാസങ്ങള്‍ നിര്‍ണയിക്കാന്‍ നാം പിന്‍പറ്റുന്നത്. കലണ്ടറുമായി ബന്ധപ്പെട്ട മതാധ്യാപനങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തവര്‍ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ മാസനിര്‍ണയത്തിലും ഹിജ്‌റ കലണ്ടറിലും പിഴവുകള്‍ സംഭവിക്കും. അതായത് ഹിജ്‌റ കലണ്ടറിനല്ല കുഴപ്പം. മറിച്ച് അതു തയ്യാറാക്കുന്നവരുടെ പിഴവുകളാണ് കുഴപ്പം സൃഷ്ടിക്കുന്നത്. മാസപ്പിറവി കണക്കുകൂട്ടി മുന്‍കൂട്ടി നിശ്ചയിക്കുന്നത് നബിചര്യക്ക് വിരുദ്ധമാണെന്നു സാക്ഷ്യപ്പെടുത്തുന്ന യാതൊരു തെളിവും ഖുര്‍ആനിലോ നബിചര്യയിലോ ഇല്ല. നഗ്നദൃഷ്ടികൊണ്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മാസം നിശ്ചയിക്കുന്ന പരമ്പരാഗത ശൈലി കൂടാതെ മറ്റൊരു മാര്‍ഗവും മാസപ്പിറവി നിര്‍ണയിക്കാന്‍ അവലംബിക്കരുത് എന്ന നിലപാട് ഖുര്‍ആനിലോ നബിവചനങ്ങളിലോ കാണുകയില്ല. നഗ്നദൃഷ്ടികൊണ്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ പരമ്പരാഗത ശൈലിയില്‍ നിര്‍ണയിക്കുന്ന രീതി പോലെ സൂര്യന്റെ സ്ഥാനം നഗ്നദൃഷ്ടികൊണ്ട് ആകാശത്തില്‍ നോക്കിയും നിഴലുകളെ നഗ്നദൃഷ്ടിയില്‍ അളന്ന് തിട്ടപ്പെടുത്തിയുമാണ് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാര സമയങ്ങള്‍ പരമ്പരാഗതമായി നിശ്ചയിച്ചുപോന്നിരുന്നത്. ഇന്ന് അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാര സമയങ്ങള്‍ നിശ്ചയിക്കാന്‍ ഈ പരമ്പരാഗതരീതി ആരും അവലംബിക്കുന്നില്ല. നമസ്‌കാര സമയങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്തിയ കലണ്ടറുകളും ഇലക്ട്രോണിക് ഘടികാരങ്ങളും ഉപയോഗപ്പെടുത്തിയാണ് നമസ്‌കാരങ്ങള്‍ ഇന്ന് ആഗോളാടിസ്ഥാനത്തില്‍ കൃത്യമായി നിര്‍വഹിച്ചുവരുന്നത്. ഇതുപോലെ ആഗോളാടിസ്ഥാനത്തില്‍ ദിവസങ്ങളും മാസങ്ങളും കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്. കണക്കുകളുടെ അടിസ്ഥാനത്തില്‍ നമസ്‌കാര സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നത് ഹറാമല്ലെങ്കില്‍ ദിവസങ്ങളും മാസവും മുന്‍കൂട്ടി നിശ്ചയിക്കുന്നതും ഹറാമല്ല. നമസ്‌കാര സമയം നിശ്ചയിച്ചു നല്‍കാന്‍ ഇന്ന് ഖാസി (ന്യായാധിപന്‍) ആവശ്യമില്ലാത്തതുപോലെ ദിവസവും തിയ്യതിയും മാസവും നിശ്ചയിക്കാനും ഖാസി ആവശ്യമില്ല. ഖാസിക്ക് താനുദ്ദേശിച്ചപോലെ കൂട്ടാനും കുറയ്ക്കാനും പാടില്ലാത്ത കാര്യമാണ് അല്ലാഹു നിശ്ചയിച്ച 12 മാസങ്ങളുടെ എണ്ണവും വണ്ണവും. ഇസ്‌ലാം നിരോധിച്ചതും ഒരുകാലത്തും അംഗീകരിച്ചിട്ടില്ലാത്തതുമായ പൗരോഹിത്യവും പൗരോഹിത്യ ഉപജാപങ്ങളുമാണ് കണക്കുകളെ അവലംബിച്ചുള്ള കാലഗണന നിഷിദ്ധമാക്കുന്നത്.പൗരോഹിത്യ ഉപജാപകര്‍ വിസ്മരിക്കുന്ന അല്ലെങ്കില്‍ അവഗണിക്കുന്ന ഒരു നബിവചനമുണ്ട്: ”എഴുത്തും കണക്കും അറിയാത്ത, സാക്ഷരതയില്ലാത്ത ഒരു ജനതയാണ് നാം” എന്നു പറഞ്ഞ് കൈവിരലുകള്‍ ഉയര്‍ത്തി അതുപയോഗിച്ചാണ് തിരുനബി മാസനിര്‍ണയരീതി അക്കാലത്ത് കണക്കുകൂട്ടി കാണിച്ചുകൊടുത്തത്. അതായത്, ഈ വിഷയത്തില്‍ അന്തര്‍ലീനമായ കണക്ക് അറിഞ്ഞുവരുന്ന ഒരു സമൂഹത്തിന് കണക്കിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി മുന്‍കൂട്ടി ദിവസവും മാസവും നിര്‍ണയിക്കാനുള്ള അവസരങ്ങളും സാധ്യതകളും തുറന്നിടുന്നതായിരുന്നു തിരുനബിയുടെ മൊഴികളും വിരലുകള്‍ ഉപയോഗിച്ചുള്ള ആംഗ്യങ്ങളും. മുന്‍കാലത്ത് സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ ആകസ്മിക സംഭവങ്ങളായി കരുതിപ്പോന്നു. എന്നാല്‍, ഗ്രഹണം എപ്പോള്‍ സംഭവിക്കുമെന്നും ഏതെല്ലാം ദേശങ്ങളില്‍ ഗ്രഹണ സ്വാധീനം അനുഭവപ്പെടുമെന്നും ഏതൊക്കെ ദേശക്കാര്‍ക്ക് ഗ്രഹണം ദര്‍ശിക്കാമെന്നുമൊക്കെ കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കാവുന്ന വിവര സാങ്കേതികവിദ്യ കരസ്ഥമാക്കിക്കഴിഞ്ഞ ഇക്കാലത്ത് ചാന്ദ്രമാസ കലണ്ടറായ ഹിജ്‌റ കലണ്ടറിന് തെറ്റുപറ്റുന്നതെങ്ങനെ? ഹിജ്‌റ കലണ്ടര്‍ നിര്‍മിക്കുന്നവര്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ ആത്മപരിശോധനയ്ക്കു തയ്യാറാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss