|    Jan 17 Wed, 2018 5:11 am
FLASH NEWS
Home   >  Life  >  Real Life  >  

ഹാ ഒരു മനുഷ്യന്‍

Published : 4th September 2015 | Posted By: admin

.

justice vr krishn iyer
.

 

ദിരാശി വൈദ്യുതിബോര്‍ഡില്‍ ജോലി ചെയ്യുന്ന സമയത്താണ് കൃഷ്ണയ്യരെ ഞാന്‍ ആദ്യം കാണുന്നത്. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ മദിരാശിയിലെ പാര്‍ട്ടി നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദാസ പ്രകാശ് ഹോട്ടലില്‍ താമസിക്കുന്ന കൃഷ്ണയ്യരെ സഹായിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ചുവപ്പു ഭടനായി ഞാനും. പക്ഷേ, രണ്ടാം തവണത്തെ കണ്ടുമുട്ടല്‍ കുറച്ചുകൂടെ നാടകീയമായിരുന്നു. ജയിലില്‍ വച്ചായിരുന്നു അത്. ഞാന്‍ കണ്ണൂര്‍ ജയിലിലെ തടവുകാരനും അദ്ദേഹം സുപ്രിംകോടതി ജഡ്ജിയുമായിരുന്നു അപ്പോള്‍.
അക്കാലത്ത് സര്‍ക്കാര്‍ പാസാക്കാനിരുന്ന സി.ആര്‍.പി.സി. ഭേദഗതിക്കെതിരേ നക്‌സലൈറ്റ് കേസില്‍ ജയിലിലായിരുന്ന ഈ ലേഖകനും ഒരു പരാതി അയച്ചിരുന്നു. ഇത്തരം നിരവധി പരാതികള്‍ സര്‍ക്കാരിന് കിട്ടിയിരുന്നു. അഖിലേന്ത്യാ ജയില്‍ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ജ. കൃഷ്ണയ്യര്‍ ഈ പരാതികള്‍ വിചാരണക്കെടുക്കുന്നതിന് മുമ്പ് ജയിലുകള്‍ സന്ദര്‍ശിച്ചു. അതിന്റെ ഭാഗമായി കണ്ണൂര്‍  ജയിലിലും എത്തി. സെഷന്‍സ് ജഡ്ജിയായിരുന്ന തുളസിദാസും കൂടെയുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ജയില്‍ പരിഷ്‌കരണത്തെക്കുറിച്ചുള്ള എന്റെ പരാതിയെക്കുറിച്ച് പറയാന്‍ അവസരമുണ്ടായത്.
തടവുകാരന്‍ ഇപ്പോഴും ഒരു ‘നോണ്‍-പേഴ്‌സന്‍’ ആയാണ് പരിഗണിക്കപ്പെടുന്നതെന്ന്  ഞങ്ങള്‍ വാദിച്ചു. എല്ലാം കേട്ട കൃഷ്ണയ്യര്‍ ‘പെറ്റീഷനെക്കുറിച്ച് ഇവിടെ വാദിക്കരുത്’ എന്ന് പുഞ്ചിരിയോടെ പറഞ്ഞു. ‘നോണ്‍- പേഴ്‌സനല്ല തടവുകാരന്‍ എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും?’ ഒരു ചോദ്യവും എനിക്കു നേരെ ചുഴറ്റി. ‘ആസ് എ ട്രു സണ്‍ ഓഫ് ദിസ് ലാന്റ്’ എന്നായിരുന്നു എന്റെ മറുപടി. ആ മറുപടി കൃഷ്ണയ്യരില്‍ എന്തൊക്കെയോ ചലനങ്ങളുണ്ടാക്കിയെന്ന് തോന്നി. അഭിഭാഷകന്‍, മന്ത്രി, ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ജഡ്ജി എന്നീ നിലകളിലെല്ലാം അദ്ദേഹം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ഭാഗം പിടിച്ചു. മനുഷ്യസ്‌നേഹത്തിലും നീതിയിലും അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ഓരോ നിലപാടുകളും. അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനാവാന്‍ പ്രേരിപ്പിച്ചതും മറ്റൊന്നായിരുന്നില്ല. മന്ത്രി ആയിരുന്നപ്പോള്‍ ഹ്രസ്വകാലത്തേക്കായിരുന്നുവെങ്കിലും താന്‍ കൈകാര്യം ചെയ്ത കാര്യങ്ങള്‍ ക്രാന്തദര്‍ശിത്വത്തോടെ സമീപിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ജയില്‍ മന്ത്രിയായിരിക്കേ  കൃഷ്ണയ്യര്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ജയില്‍ചരിത്രത്തിലെ രജതരേഖയായിരുന്നു.

.
ജയില്‍ വകുപ്പിന് മോചനം

പോലിസിന്റെ കസ്റ്റഡിയില്‍നിന്ന് ജയില്‍ വകുപ്പിനെ വേര്‍തിരിച്ചുവെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. പോലിസിന് തടവുകാരുടെ മേലുണ്ടായിരുന്ന ആധിപത്യം ഇതിലൂടെ അവസാനിപ്പിച്ചു. ഏകാന്തതടവ് നിയമവിരുദ്ധമാക്കിയതായിരുന്നു മറ്റൊന്ന്. കാന്റീന്‍ സൗകര്യവും പരോള്‍വ്യവസ്ഥയും നല്ല ഭക്ഷണവും വസ്ത്രവും ഏര്‍പ്പാടു ചെയ്തു. ജോലിയും കൂലിയും ജയിലില്‍ ആദ്യമായി ഇടംപിടിച്ചു.

old photo krishna iyer

.

ജയില്‍ ഒരു പ്രതികാരകേന്ദ്രമല്ല പരിവര്‍ത്തനശാലയാകണം എന്നതായിരുന്നു കൃഷ്ണയ്യരുടെ നിഷ്‌കര്‍ഷ. ജഡ്ജിയായി സുപ്രിം കോടതിയിലെത്തിയ കൃഷ്ണയ്യര്‍ തനിക്കു കിട്ടിയ അധികാരം നീതിനിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി ഉപയോഗിക്കാനുള്ള ആയുധമാക്കി. പ്രശസ്തമായ പല  വിധിന്യായങ്ങളും അങ്ങനെയാണ് പിറവി കൊള്ളുന്നത്. 70കളുടെ അന്ത്യത്തോടെ അദ്ദേഹം പുറപ്പെടുവിച്ച റിമാന്‍ഡ്- ജീവപര്യന്തം തടവുകാരുടെ ജയില്‍നീതി സംബന്ധിച്ച വിധിന്യായം ശ്രദ്ധേയമായിരുന്നു. ജീവപര്യന്തം തടവുകാരന്‍ കുറഞ്ഞത് 14 വര്‍ഷമെങ്കിലും യാതൊരു റിമാര്‍ക്കും കൂടാതെ തടവനുഭവിക്കണം എന്ന നിയമത്തിലെ ഭേദഗതിക്കെതിരായും കാലപരിധിയില്ലാതെ റിമാന്‍ഡ് തടവ് നീണ്ടു പോകുന്നതിനെതിരായും ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചതിനെ പരിഗണിച്ചുകൊണ്ടുള്ള വിധിന്യായമായിരുന്നു അത്. തടവുകാരന്‍ ഒരു പൗരനല്ലാതാവുന്നില്ലെന്നും ഭരണഘടന അനുശാസിക്കുന്ന പൗരാവകാശവും മനുഷ്യാവകാശവും ജയിലിലെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് തടവുകാര്‍ക്കും അനുവദിക്കണമെന്ന് അദ്ദേഹം വാദിച്ചു.

വികസനത്തിലെ ജനകീയ പരിപ്രേക്ഷ്യം

കൃഷ്ണയ്യര്‍ക്ക് വികസനത്തോട് വ്യത്യസ്തമായ സമീപനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വമ്പന്‍ പദ്ധതികളില്‍ ഊന്നാതെ 500 ചെറുകിട ജലസേചനവൈദ്യുതി നിര്‍മാണപദ്ധതികള്‍ക്കുള്ള രൂപരേഖ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു. കൃഷിയെ ആധാരമാക്കിയുള്ള വ്യവസായ വികസനമായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പം. ആണവനിലയത്തിന്റെയും ഘനവ്യവസായത്തിന്റെയും പിറകെ പായുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള നിരാശയും പുച്ഛവും അദ്ദേഹം മറച്ചുവച്ചില്ല. കാര്‍ഷികബന്ധ ബില്ലിന്റെയും വിദ്യാഭ്യാസബില്ലിന്റെയും നിര്‍മിതിയില്‍ അദ്ദേഹത്തിന് അപ്രധാനമല്ലാത്ത പങ്കുണ്ടായിരുന്നു.

കാലത്തിനു ശേഷം ഒരു മറുപടി

ഒരിക്കല്‍ കോട്ടക്കല്‍ ചികില്‍സയിലിരിക്കെ, കുറച്ചധികം നേരം സംസാരിക്കാനായി. പതുക്കെ അല്‍പ്പം ഭയത്തോടെയാണെങ്കിലും ഞാനൊരു കാര്യമെടുത്തിട്ടു: ‘സ്വാമി, വധശിക്ഷയ്‌ക്കെതിരാണ്. ആവര്‍ത്തിച്ച് എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കിസ്തഗൗഡയെയും ഭൂമയ്യയെയും വധശിക്ഷയ്ക്കു വിധിക്കാന്‍ എങ്ങനെയാണ് കഴിഞ്ഞത്?’ആദ്യം ഒരു പുഞ്ചിരി മാത്രം. ആലോചിച്ച ശേഷം ആറ്റിക്കുറുക്കിയ മറുപടി: ഞാന്‍ അന്നും ഇന്നും എന്നും വധശിക്ഷയ്‌ക്കെതിരാണ്. പിന്നെ സഖാക്കള്‍ കിസ്തഗൗഡയുടെയും ഭൂമയ്യയുടെയും കാര്യം. അത് ഒരു ‘ജുഡീഷ്യല്‍ സീക്രട്ട’്  ആണ്. കൃഷ്ണയ്യര്‍ അത്രയേ   പറഞ്ഞുള്ളൂ. ഉചിതമായ സന്ദര്‍ഭത്തില്‍ സ്വാമി നിലപാട് വ്യക്തമാക്കണമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആരോ വന്നതോടെ സംഭാഷണം മുറിഞ്ഞു. എറണാകുളത്ത് യാത്ര ഓഡിറ്റോറിയം. അയ്യങ്കാളിപ്പടയ്‌ക്കെതിരായ കലക്ടറെ ബന്ദിയാക്കിയ കേസ് പിന്‍വലിക്കാനുള്ള കണ്‍വന്‍ഷന്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു. പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു: ”ഞാന്‍ വധശിക്ഷയ്‌ക്കെതിരാണ്. ദൈവം തന്ന ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല.  ഇവിടെ ഡസന്‍കണക്കിന് ആദിവാസികളെ ദിവസവും വെടിവച്ചു വീഴ്ത്തുന്നു. ഭക്ഷണക്കുറവു കാരണം ആയിരക്കണക്കിന് ജീവനുകളാണ് മരിച്ചു വീഴുന്നത്. അങ്ങനെയുള്ള ഈ നാട്ടില്‍ ആദിവാസികളുടെ പ്രശ്‌നമുയര്‍ത്തി ഒരു കലക്ടറെ തടഞ്ഞുവയ്ക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. അവരുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിച്ച്, കേസ് പിന്‍വലിക്കണം. അത് ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ത് ഇടതുപക്ഷമാണ്”– കോട്ടക്കലില്‍ വച്ചു നടന്ന സംഭാഷണത്തിലെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമാണതെന്ന് എനിക്കു തോന്നി.

മോഡിയും കൃഷ്ണയ്യരും

ഇതൊക്കെ പറയുമ്പോഴും കൃഷ്ണയ്യരുടെ മറ്റു ചില വശങ്ങളും കാണാതിരിക്കേണ്ടതില്ല. സോഷ്യലിസത്തോടും ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടുമെല്ലാം ശക്തമായ നിലപാടുള്ളപ്പോഴും അതെല്ലാം ഒരു ബൂര്‍ഷ്വാലിബറല്‍ നിലപാടില്‍ നിന്നുകൊണ്ടാണ് അദ്ദേഹം സമീപിച്ചിരുന്നത്. അതിന്റേതായ ദൗര്‍ബല്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, ദൗര്‍ബല്യത്തെ കവച്ചുവയ്ക്കുന്നതാണ് അദ്ദേഹത്തിലെ നന്മ. മോഡിയെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സന്ദര്‍ഭത്തിലാണ് ഈ ലേഖകന്‍ കൃഷ്ണയ്യരെ അവസാനമായി കണ്ടത്. ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കത്ത് ഞങ്ങള്‍ അദ്ദേഹത്തിനു കൈമാറി. കൂട്ടത്തില്‍ മോഡിയുടെ ഗുജറാത്തിനെക്കുറിച്ചുള്ള ഒരു പഠനവും. അതദ്ദേഹം വളരെ വിനയത്തോടെ സ്വീകരിച്ചു. മോഡി പ്രധാനമന്ത്രി ആയപ്പോള്‍ അദ്ദേഹം തന്റെ പഴയ പ്രശംസ ആവര്‍ത്തിക്കാതിരുന്നതിന് പിന്നില്‍ ഈ കത്തും ഉണ്ടായിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത് ഇടപഴകിയ ഒരാള്‍ പിന്നീട് പറഞ്ഞു. തളര്‍ച്ചയിലും ഉയര്‍ച്ചയിലും നമ്മോടൊപ്പം നിന്ന ഒരു മനുഷ്യന്‍ ഇതാ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. മരണങ്ങള്‍ ഒഴിവാക്കാനാവില്ലെങ്കിലും അവ സൃഷ്ടിക്കുന്ന വിടവ് അപരിഹാര്യമായി തന്നെ അവശേഷിക്കുമെന്ന് എല്ലായ്‌പ്പോഴുമെന്ന പോലെ ഈ മരണവും തെളിയിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day