|    Jan 22 Sun, 2017 7:09 am
FLASH NEWS

ഹാഷിം അന്‍സാരി – മറഞ്ഞത് ചരിത്രത്തിന്റെ അത്യപൂര്‍വ സാക്ഷി

Published : 21st July 2016 | Posted By: sdq

പിഎഎം ഹാരിസ്

ansari and hindu

നിര്‍മോഹി അഖാര പ്രസിഡന്റ് മഹന്ത് ഭാസ്‌കര്‍ ദാസും മുഹമ്മദ് ഹാഷിം അന്‍സാരിയും

കോഴിക്കോട്: ഹാഷിം അന്‍സാരി യാത്രയായി. ബാബരി മസ്ജിദിനു നേരെ നടന്ന കൈയേറ്റത്തിനെതിരേ തുടക്കം മുതല്‍ പോരാടിയ വ്യക്തി. 1949 ഡിസംബര്‍ 22ന് വ്യാഴാഴ്ച അര്‍ധരാത്രി ബാബരി മസ്ജിദിനുള്ളില്‍ അതിക്രമിച്ചുകടന്ന ഹിന്ദുത്വര്‍ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. മസ്ജിദിന്റെ മിഹ്‌റാബില്‍ ശ്രീരാമ വിഗ്രഹം സ്വയംഭൂവായി എന്നും ഏറെ കാലമായി ആ പള്ളിയില്‍ നമസ്‌കാരമില്ലായിരുന്നുവെന്നുമായിരുന്നു സംഘപരിവാര വാദം.
കൈയേറ്റം നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ബാബരി പള്ളിയില്‍ ഇശാഅ് നമസ്‌കാരം നിര്‍വഹിച്ച ഹാഷിം അന്‍സാരി സ്വയംഭൂ വാദത്തിനെതിരേ കോടതിയില്‍ ഹാജരായ ആറ് സാക്ഷികളില്‍ ഒരാളാണ്. ഹിന്ദുത്വരുടെ നട്ടാല്‍ കുരുക്കാത്ത കളവിനെതിരേ ചരിത്രത്തിന്റെ അത്യപൂര്‍വ സാക്ഷിയായി.
പള്ളിക്കകത്തു വന്ന വിഗ്രഹം നീക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവും മുഖ്യമന്ത്രി ജെ ബി പന്തും നല്‍കിയ നിര്‍ദേശങ്ങള്‍ ധിക്കരിച്ച അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ഫൈസാബാദ് കലക്ടര്‍ ആറന്മുള സ്വദേശി കെ കെ നായര്‍ മസ്ജിദ് പൂട്ടി മേല്‍നോട്ടത്തിന് റസീവറെ വച്ചു. തുടര്‍ന്നാണ് രാമജന്മഭൂമി- ബാബരി കേസ് ഉണ്ടാവുന്നത്. ഹാഷിം അന്‍സാരിയും മറ്റു മൂന്നുപേരും ചേര്‍ന്നാണ് പള്ളിയില്‍ നമസ്‌കരിക്കാനുള്ള അവകാശനിഷേധത്തിനെതിരേ കേസ് നല്‍കിയത്. നിരോധനം ലംഘിച്ച് പള്ളിയില്‍ കയറി ബാങ്കു വിളിച്ച ഹാഷിം അന്‍സാരിയെ രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചു. വിഗ്രഹം സ്ഥാപിച്ച ശേഷം പള്ളിയില്‍ ആരാധന തടഞ്ഞ ഹിന്ദുത്വരുടെ കുതന്ത്രം മനസിലാക്കിയ സുന്നി വഖ്ഫ് ബോര്‍ഡ് 1960ല്‍ പള്ളിയുടെയും സ്ഥലത്തിന്റെയും ഉടമാവകാശം സ്ഥാപിക്കാന്‍ ഹരജി നല്‍കി. ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച് കേസില്‍ ഹാഷിം അന്‍സാരിയും കക്ഷി ചേര്‍ന്നു.
ബാബരി മസ്ജിദിനെ നോക്കിയാല്‍ കാണുന്നത്ര അടുത്ത് കഷ്ടിച്ച് രണ്ട് റൂമുകളുള്ള വീട്ടിലായിരുന്നു ഹാഷിം അന്‍സാരിയുടെ വാസം. പ്രാദേശിക മദ്‌റസയില്‍ രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അന്‍സാരി തുന്നല്‍ തൊഴിലാളിയായിരുന്നു. 1992 വരെ അദ്ദേഹം ജോലിചെയ്തു. 12 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. ടാക്‌സി ഡ്രൈവറായ മകന്‍ ഇഖ്ബാലും(54) മകന്റെ ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞു. അഖ്തറുന്നീസ (67) മകളാണ്. സാധാരണ കുര്‍ത്തയും ലുങ്കിയും തലയിലൊരു വട്ടത്തൊപ്പിയുമായിരുന്നു അന്‍സാരിയുടെ പതിവു വേഷം.
സര്‍ക്കാര്‍ പ്രത്യേക സുരക്ഷ നല്‍കിയിരുന്നതിനാല്‍ വീടിനു ചുറ്റും 24 മണിക്കൂറും കാവലുണ്ടായിരുന്നു. പ്രാദേശികമായി ഒതുങ്ങിക്കഴിഞ്ഞ ഹാഷിം അന്‍സാരി 80കളുടെ അവസാനം രാമജന്മഭൂമി പ്രക്ഷോഭം ശക്തമായതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ദൃശ്യമാധ്യമങ്ങളിലൂടെ അദ്ദേഹം ലോകമെങ്ങും പരിചിതനായി. രാജ്യത്തിന് അകത്തു നിന്നും പുറത്ത നിന്നും അഭിമുഖത്തിനായി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ആ വീട്ടിലെത്തി. പള്ളി കൈയേറ്റത്തിന്റെ ചരിത്രം വിശദീകരിച്ചും പള്ളി കൈയടക്കാനുള്ള ഹിന്ദുത്വരുടെ വിവിധ തന്ത്രങ്ങള്‍ക്കു നേരെ പ്രതികരിച്ചും ഇടയ്ക്ക് പൊട്ടിത്തെറിച്ചും അദ്ദേഹം പ്രതികരിച്ചു.
അല്‍പം കേള്‍വിക്കുറവുണ്ടെന്നല്ലാതെ മറവിയോ മറ്റു പ്രശ്‌നങ്ങളോ അന്‍സാരിയെ ബാധിച്ചിരുന്നില്ല. പ്രമേഹവും പ്രഷറുമൊന്നും ഒട്ടുമുണ്ടായിരുന്നില്ല. ഏതാണ്ട് മൂന്നുവര്‍ഷം മുമ്പാണ് ഹൃദ്രോഗ ബാധിതനായത്. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിക്കുന്നതുവരെ അഞ്ചു നേരം നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തി. ചെറുപ്പത്തില്‍ ആരംഭിച്ച തുന്നല്‍ ജോലി 74 വയസോളം തുടര്‍ന്ന ഹാഷിം അന്‍സാരി സത്യസന്ധത ജീവിതത്തില്‍ മുറുകെപ്പിടിച്ചു. അന്യായമായി ഒന്നും നേടിയില്ല. പണവും നല്ല ജോലികളും ഓഫറുകളായി മുന്നിലെത്തിയിരുന്നുവെങ്കിലും അദ്ദേഹം ഒന്നിലും താല്‍പര്യം കാണിച്ചില്ല. ബാബരിക്കു വേണ്ടിയുള്ള പോരാട്ടം വരുമാനമാര്‍ഗമായി മാറ്റാന്‍ അദ്ദേഹം തുനിഞ്ഞില്ല.
അയോധ്യയിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും അന്‍സാരി പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ മതവിദ്വേഷം ജനിപ്പിക്കുന്ന ഒന്നുംതന്നെ അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് സുഹൃത്തും പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനുമായ അയോധ്യാ കി ആവാസ് പത്രാധിപര്‍ ജുഗല്‍ കിഷോര്‍ ശാസ്ത്രി സാക്ഷ്യംവഹിക്കുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന് അയോധ്യയില്‍ നേതൃത്വം നല്‍കിയ രാമചന്ദ്ര പരമഹംസുമായി കുട്ടിക്കാലം മുതലുള്ള സൗഹൃദം അദ്ദേഹം തുടര്‍ന്നു. ബാബരി- രാമജന്മഭൂമി കേസ് നടന്ന ഫൈസാബാദിലെ കോടതിയിലേക്ക് പലപ്പോഴും രണ്ടുപേരും ഒരുമിച്ചായിരുന്നു പോയത്. കേസിലെ മറ്റൊരു കക്ഷി നിര്‍മോഹി അഖാര പ്രതിനിധികളോടൊപ്പവും യാത്രചെയ്തു. കോടതിയിലെത്തുന്നതിന് സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പലപ്പോഴും രാമചന്ദ്ര പരമഹംസിന്റെ ടോങ്കയില്‍ ഒപ്പം പോയെന്ന് പിന്നീട് അന്‍സാരിയും വെളിപ്പെടുത്തിയിരുന്നു.
ബാബരി മസ്ജിദ് സംബന്ധിച്ച 2010 സപ്തംബറിലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് വിധിക്കുശേഷം അദ്ദേഹം ഏറെ ദുഃഖിതനായിരുന്നു. വിധി കേള്‍ക്കാന്‍ പോലും കോടതിയിലെത്തിയില്ല. കേസ് അനുകൂലമായാലും പ്രതികൂലമായാലും വൈകാരികമായി പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. മനസമാധാനം നഷ്ടമാവുന്നുവെന്നും കേസ് ഉപേക്ഷിക്കുകയാണെന്നും പറയുമ്പോഴെല്ലാം നീതി നിഷേധിക്കപ്പെടുന്നവന്റെ മനസിന്റെ കനല്‍ വ്യക്തമായിരുന്നു. നിയമപോരാട്ടം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് മനസ് മാറ്റി. കേസ് നടത്തിപ്പിന് മകനെ ചുമതലപ്പെടുത്തി. സുപ്രിംകോടതിയിലെ ഒടുവിലത്തെ ഹരജിയിലും അദ്ദേഹം കക്ഷിചേര്‍ന്നു.
സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി ആറര ദശകക്കാലം തളരാതെ പോരാടിയ ഹാഷിം അന്‍സാരി തലമുറകള്‍ക്കു കൈമാറുന്ന പാഠങ്ങള്‍ ഏറെയാണ്. ബാബരി മസ്ജിദ് മറവിയിലേക്കു തള്ളാമെന്ന ഫാഷിസ്റ്റുകളുടെ ധാരണ തകരുമെന്നതുറപ്പ്. വരുംതലമുറകളും ഹാഷിം അന്‍സാരിയെന്ന പോരാളിയെ ഓര്‍മിക്കുമെന്നു തീര്‍ച്ച.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 711 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക