|    Nov 21 Wed, 2018 11:24 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഹാഷിംപുര: വൈകിയെത്തിയ നീതി

Published : 2nd November 2018 | Posted By: kasim kzm

വൈകിയെത്തുന്ന നീതി അനീതിയാണെന്നാണ് പൊതുവെ പറയാറുള്ളത്. അനീതിക്കിരയായവര്‍ അതിന്റെ കെടുതികള്‍ മുഴുവന്‍ അനുഭവിച്ചുതീരുകയും അതിന്റെ മുറിപ്പാടുകളും വേദനയും നിരാശയോടെ മറക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് മിക്കപ്പോഴും അപരിചിതനായ ഒരതിഥിയെപ്പോലെ നീതി പടികയറിവരുന്നത്. ഹാഷിംപുര കൂട്ടക്കൊലയില്‍ പങ്കാളികളായ 16 അര്‍ധസൈനികര്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത പ്രകടമായ നിസ്സംഗതയോടെ രാജ്യം ശ്രവിക്കുന്നത് അക്കാരണംകൊണ്ടായിരിക്കും. പക്ഷേ, നീതിയെന്നത് അനേകം ആശങ്കകള്‍ക്കും ആപത്ശങ്കകള്‍ക്കും ഇടയിലൂടെ കിനിഞ്ഞെത്തുന്ന സൗഭാഗ്യമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ധിയില്‍, 31 വര്‍ഷത്തിനുശേഷം ഇഴഞ്ഞെത്തിയ ശിക്ഷാവിധി നിസ്സഹായരുടെ മനസ്സില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പായി മാറുകയാണ്.
ജഡ്ജിമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കൂട്ടക്കൊലയില്‍ നേരിട്ടു പങ്കുണ്ടെന്ന് കണ്ടെത്തിയ 16 സേനാംഗങ്ങളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യുപിയിലെ കുപ്രസിദ്ധമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) 41ാം ബറ്റാലിയനിലെ ജവാന്മാരാണ് ശിക്ഷിക്കപ്പെട്ട 16 പേരും എന്നതാണ് ഈ വിധിയെയും വിധിക്ക് ആധാരമായ സംഭവത്തെയും കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. മുസ്‌ലിംവിരുദ്ധത മൂലം പല പ്രാവശ്യം വിമര്‍ശനവിധേയമായ സേനാവിഭാഗമാണ് പിഎസി.
1987 മെയ് 22നാണ് ഹാഷിംപുരയില്‍ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കസ്റ്റഡി കൊലപാതകമാണിതെന്നാണ് കരുതപ്പെടുന്നത്. മീറത്തിലുണ്ടായ വര്‍ഗീയസംഘര്‍ഷത്തിനിടെ വീടുകളില്‍ നിന്നും പള്ളികളില്‍ നിന്നും പിടികൂടിയ 600ഓളം മുസ്‌ലിംകളില്‍പ്പെട്ട 42 യുവാക്കളെ ഒരു ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയെത്തിയശേഷം ഓരോരുത്തരെയായി വെടിവച്ചുകൊന്ന് സമീപത്തെ കനാലില്‍ തള്ളി. മരിച്ചെന്നു കരുതി പിഎസി ഉപേക്ഷിച്ച സുല്‍ഫിക്കര്‍ അലി എന്ന യുവാവാണ് ലോകത്തെ നടുക്കിയ നരമേധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകത്തെത്തിച്ചത്. രാജ്യവും സംസ്ഥാനവും കോണ്‍ഗ്രസ് ഭരണത്തിലായിരിക്കെ നടന്ന ഈ കൂട്ടക്കൊലയില്‍ നീതി തേടി ഇരയുടെ ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സംഭവം നടന്ന് ഒമ്പതു വര്‍ഷം കഴിഞ്ഞ് 1996ലാണ് ഗാസിയാബാദ് കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത് എന്നറിയുമ്പോള്‍ ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ മനോഗതം മനസ്സിലാവും.
പരമോന്നത കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് 2002ല്‍ കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ തീസ്ഹസാരി കോടതിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, 2015 മാര്‍ച്ച് 21ന് കേസിലെ മുഴുവന്‍ പ്രതികളെയും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടത് രാജ്യത്തെ അമ്പരപ്പിച്ചു. ഈ വിധിക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയാണ് കോടതി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. കാലമെത്ര പഴകിയാലും നീതി ഒരുനാള്‍ കുറ്റവാളികള്‍ക്കെതിരേ ഫണംവിടര്‍ത്തിയെത്തും എന്നു തന്നെയാണ് ഈ വിധി നല്‍കുന്ന ഏറ്റവും വലിയ സന്ദേശം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss