|    Nov 21 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹാഷിംപുര കൂട്ടക്കൊല: 16 അര്‍ധസൈനികര്‍ക്കു ജീവപര്യന്തം

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ 16 അര്‍ധസൈനികര്‍ക്ക് ജീവപര്യന്തം തടവ്. ജഡ്ജിമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) 41ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായിരുന്ന സുരേഷ് ചന്ദ് ശര്‍മ, നിരഞ്ജന്‍ ലാല്‍, കമല്‍ സിങ്, ബുദ്ധി സിങ്, ബസന്ത് ഭല്ലഭ്, കുന്‍വാര്‍ പാല്‍ സിങ്, ബുദ്ധ സിങ്, രണ്‍ബീര്‍ സിങ്, ലീലാ ധര്‍, ഹംബീര്‍ സിങ്, സൊക്കം സിങ്, ശമി ഹുലാഹ, സരവണ്‍ കുമാര്‍, ജയ്പാല്‍ സിങ്, മഹേഷ് പ്രസാദ്, രാംധയാന്‍ എന്നിവരാണ് 31 വര്‍ഷത്തിനുശേഷം ശിക്ഷിക്കപ്പെട്ടത്.
മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുള്ള വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, മനുഷ്യാവകാശ കമ്മീഷന്‍, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫിക്കര്‍ നാസര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നിരായുധരായ 42 യുവാക്കളെയാണ് പിഎസി കൊലപ്പെടുത്തിയതെന്നും 31 വര്‍ഷമായി ഇവരുടെ കുടുംബങ്ങള്‍ നീതിക്കായി കേഴുകയാണെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി. യുവാക്കളെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയതെന്നും കോടതി വിലയിരുത്തി. സപ്തംബര്‍ ആറിന് കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
1987 മെയ് 22നാണ് ഹാഷിംപുരയില്‍ രാജ്യത്തെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നത്. മീറത്തില്‍ വര്‍ഗീയാസ്വാസ്ഥ്യം നടക്കുന്നതിനിടെ പള്ളിയിലും വീടുകളില്‍നിന്നുമായി 600ഓളം മുസ്‌ലിംകളെ ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയും അതില്‍ 50ഓളം യുവാക്കളെ ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തില്‍ കൊണ്ടുപോയശേഷം ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളുകയുമായിരുന്നു. മരിച്ചെന്നു കരുതി പിഎസി ഉപേക്ഷിച്ച സുല്‍ഫിക്കര്‍ അലിയാണ് അരുംകൊലകള്‍ പുറംലോകത്തെത്തിച്ചത്.
ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് 2002ലാണ് കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലെ തീസ്ഹസാരി കോടതിയിലേക്കു മാറ്റിയത്. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി 2015 മാര്‍ച്ച് 21ന് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് തീസ്ഹസാരി കോടതി ഉത്തരവിട്ടു. കൂട്ടക്കൊലയില്‍ പങ്കെടുത്തവരെക്കുറിച്ച് പരാമര്‍ശിക്കുന്ന, കാണാതായെന്ന് പറഞ്ഞിരുന്ന ഡയറി ഈ വര്‍ഷം മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് പോലിസ് തീസ്ഹസാരി കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചിരുന്നത്.
സംഭവം നടന്ന് ഒമ്പതു വര്‍ഷത്തിനുശേഷം 1996ലാണ് ഗാസിയാബാദ് കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചത്. 19 പേരായിരുന്നു പ്രതികള്‍. 2000ലാണ് കേസിലെ പ്രതികള്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരേ കൊലപാതകം, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി. വൈകാതെ ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. വിചാരണയ്ക്കിടെ മൂന്നുപേര്‍ മരിച്ചു. ബാക്കിയുള്ളവരെയാണ് ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss