|    Dec 18 Tue, 2018 1:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാഷിംപുര കൂട്ടക്കൊല: കുറ്റക്കാരായ നാല് അര്‍ധസൈനികര്‍ കീഴടങ്ങി

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹാഷിംപുര പോലിസ് കസ്റ്റഡി കൂട്ടക്കൊല കേസില്‍ വിചാരണക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ നാല് അര്‍ധ സൈനികരും കീഴടങ്ങി. കുറ്റക്കാരെന്നു കണ്ടെത്തിയ അ ര്‍ധസൈനിക വിഭാഗത്തില്‍പ്പെട്ട കുപ്രസിദ്ധമായ പ്രൊവിന്‍ഷല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി)യിലെ 16 പേരില്‍ നാലു പേരാണ് ഇന്നലെ ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ കീഴടങ്ങിയത്.
കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ കീഴടങ്ങേണ്ട അവസാനദിവസമായിരുന്നു ഇന്നലെ. കീഴടങ്ങിയ നിരഞ്ജന്‍ ലാല്‍, മഹേഷ്, സമിഹുള്ള, ജയ്പാല്‍ എന്നിവരെ കോടതി ജയിലില്‍ അടച്ചു. കുറ്റക്കാരില്‍ ഒരാളായ കമല്‍ സിങ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. 11 പേര്‍ക്കെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ്് പുറപ്പെടുവിച്ചിട്ടുണ്ട്.
സുരേഷ്ചന്ദ് ശര്‍മ, ബുദ്ദിസിങ്, ബസന്ത് ഭല്ലഭ്, കുന്‍വാ ര്‍പാല്‍ സിങ്, ബുദ്ധസിങ്, രണ്‍ബീര്‍ സിങ്, ലീലാധര്‍, ഹംബീര്‍ സിങ്, സൊക്കം സിങ്, രാംധയാന്‍, മൊഖം സിങ്, വസന്ത്ഭല്ലഭ് സിങ് എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വാറന്റ്് പുറപ്പെടുവിച്ചത്. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി കഴിഞ്ഞമാസം 31നാണു ഡല്‍ഹി ഹൈക്കോടതി 16 പേരെയും കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മുസ്‌ലിംകളായ 42 യുവാക്കളെയാണ് പിഎസി കൊലപ്പെടുത്തിയതെന്നും 31 വര്‍ഷമായി ഇവരുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടി അലയുകയാണെന്നും നിരീക്ഷിച്ചായിരുന്നു എസ് മുരളീധറും വിനോദ് ഗോയലും അടങ്ങുന്ന ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
മുഴുവന്‍ പ്രതികളെയും വെറുതെവിട്ടുള്ള വിചാരണക്കോടതി വിധി ചോദ്യംചെയ്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷന്‍, കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫീക്കര്‍ നാസര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. 1987 മെയ് 22നാണ് ഡല്‍ഹിയില്‍ നിന്നു 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ രാജ്യത്തെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നത്.
മീറത്തില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ നടക്കുന്നതിനിടെ പള്ളിയിലും വീടുകളില്‍ നിന്നുമായി 600ഓളം മുസ്‌ലിംകളെ ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയും അതില്‍ 50ഓളം യുവാക്കളെ ട്രക്കില്‍ കയറ്റി മകന്‍പൂര്‍ ഗ്രാമത്തില്‍ കൊണ്ടുപോയ ശേഷം ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളുകയുമായിരുന്നു. മരിച്ചെന്നു കരുതി ഉപേക്ഷിച്ച സുല്‍ഫീക്കര്‍ അലിയാണ് അരുംകൊലകള്‍ പുറംലോകത്തോടു പറഞ്ഞത്. ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് 2002ലാണ് കേസ് ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss