|    Jan 20 Fri, 2017 2:52 am
FLASH NEWS

ഹാഷിംപുര കൂട്ടക്കൊല ഉന്നത ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്തതെന്ന് വെളിപ്പെടുത്തല്‍

Published : 16th July 2016 | Posted By: SMR

vibhuti1

ന്യൂഡല്‍ഹി: 1987ലെ ഹാഷിംപുര കൂട്ടക്കൊല പോലിസിലെയും സര്‍ക്കാരിലെയും ചില ഉന്നത ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്തതാണെന്ന് മുന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കൂട്ടക്കൊല നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതി ചെയ്യുന്ന ഗാസിയാബാദ് പോലിസ് സുപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് എഴുതിയ പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ശിക്ഷിക്കപ്പെടില്ലെന്ന് ചില ഉന്നത ഉദ്യോഗസ്ഥരും രാഷ്ടീയക്കാരും ഉറപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍ കൂട്ടക്കൊല നടക്കുമായിരുന്നില്ലെന്നും റായ് ചൂണ്ടിക്കാട്ടുന്നു. 42 മുസ്‌ലിം യുവാക്കളെയാണ് അന്ന് പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പിഎസി) ഹാഷിംപുരയില്‍ കൂട്ടക്കൊല ചെയ്തത്. മീററ്റില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ നടക്കുന്നതിനിടെ 1987 മെയ് 22നാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ കൂട്ടക്കൊല നടക്കുന്നത്.
ഹാഷിംപുര 22 മെയ് എന്ന റായിയുടെ പുസ്തകം പെന്‍ഗ്വിനാണ് പ്രസിദ്ധീകരിച്ചത്. കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ മെയ് 21, 22 തിയ്യതികളില്‍ മീററ്റില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതായി റായ് വെളിപ്പെടുത്തുന്നു. യോഗത്തില്‍ സൈന്യത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ യോഗത്തില്‍ വച്ച് പങ്കെടുത്ത ആളുകളെ രണ്ടായി തിരിച്ചു. അതിലൊരു വിഭാഗം കൊല്ലേണ്ട ആളുകളെ കണ്ടെത്തണം. രണ്ടാമത്തെ വിഭാഗം കൊല നടത്തണം. മീററ്റില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 600നും 700നും ഇടയില്‍ മുസ്‌ലിംകളെ പിഎസി വീട്ടില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നുവെന്ന് റായ് പറയുന്നു. ഇതില്‍ നിന്ന് 40-45 യുവാക്കളെ കൊല്ലാനായി തിരഞ്ഞെടുത്തു. ഇവരെ പിഎസിയുടെ യുആര്‍യു 1493 നമ്പര്‍ ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിന് അരികെ കൊണ്ടുപോയി. തുടര്‍ന്ന് ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളി.
കൊലയാളികള്‍ ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, മരിക്കാതെ കിടന്നയാളാണ് എന്താണ് സംഭവിച്ചതെന്ന് സ്ഥലത്തെത്തിയ തന്നോട് വെളിപ്പെടുത്തുന്നതെന്നും റായ് പറയുന്നു. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ കസ്റ്റഡി കൊലയാണ് ഹാഷിംപുരയെന്ന് പുസ്തകം പറയുന്നു. സിഐഡി അന്വേഷണം ഏറ്റെടുത്തതിന്റെ തുടക്കം മുതല്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ചടങ്ങുപോലെയായിരുന്നു അന്വേഷണം. കുറ്റപത്രം സമയത്ത് സമര്‍പ്പിച്ചില്ല. കോടതി പ്രതികളെ വെറുതെവിടുംവിധം കുറ്റപത്രം തയ്യാറാക്കി. 28 വര്‍ഷത്തിന് ശേഷം തെളിവില്ലാത്തതിനാല്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തമാക്കി. അപ്പോഴെയ്ക്കും കേസിലെ മുഖ്യപ്രതി സുരേന്ദ്രപാല്‍ സിങ് മരിച്ചിരുന്നു.
കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ട്രക്ക് പിടിച്ചെടുക്കുകയും ആവശ്യമായ തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്ന റായ് പറയുന്നു. ഹാഷിംപുര ഒറ്റപ്പെട്ടതല്ല, അത് ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ മനസ്സായിരുന്നു. അതാണ് രാജ്യത്ത് വീണ്ടും വീണ്ടും വര്‍ഗീയ കലാപം ഉണ്ടാക്കിയത്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളില്‍ ഭൂരിഭാഗവും പോലിസും മുസ്‌ലിംകളും തമ്മിലായിരുന്നുവെന്നും വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ റായ് കുറിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക