|    Jan 23 Mon, 2017 8:19 pm
FLASH NEWS

ഹാശിം അന്‍സാരിയെ സ്മരിച്ച് മലബാര്‍

Published : 21st July 2016 | Posted By: sdq

ആബിദ്

കോഴിക്കോട്: ഞാന്‍ അത്ര നല്ല പ്രാസംഗികനല്ല, ഇവിടെ തിങ്ങിനിറഞ്ഞ സദസ്സിനെ കണ്ടപ്പോള്‍ കാര്യങ്ങള്‍ പറയാന്‍ ധൈര്യം കിട്ടി. യുപിയിലെ മുസ്‌ലിംകള്‍ക്കില്ലാത്ത ഉല്‍ക്കണ്ഠയും ആവേശവുമാണ് ഇവിടെ കാണുന്നത്.. 1992 ഫെബ്രുവരി 1ന് ഹാശിം അന്‍സാരിയുടെ വാക്കുകള്‍ തക്ബീര്‍ ധ്വനികളോടെയാണ് മുതലക്കുളം മൈതാനിയിലെ പുരുഷാരം എതിരേറ്റത്. ഒരു പുരുഷായുസ്സ് മുഴുവന്‍ ബാബരി മസ്ജിദിന് വേണ്ടി നീക്കിവച്ച മഹാമനുഷ്യന്‍ കാലയവനകയ്ക്കുള്ളിലേക്ക് മടങ്ങുമ്പോള്‍ കോഴിക്കോടിന്റെ ഹൃദയാന്തരങ്ങളെ ഇന്നും പ്രകമ്പനം കൊള്ളിക്കുകയാണ് ആ വാക്കുകള്‍. ബാബരി മസ്ജിദ് പൂജയ്ക്കായി തുറന്നുകൊടുത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് അന്‍സാരി കോഴിക്കോട്ടെത്തിയത്. സമുദായത്തിന്റെ ഐക്യമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതായിരുന്നു മുതലക്കുളത്തെ അന്നത്തെ വേദിയും സദസ്സുമെല്ലാം. പള്ളിക്കണ്ടത്തില്‍ സൂപ്പി മുസ്‌ല്യാര്‍ ജനറല്‍ കണ്‍വീനറായ ബാബരി മസ്ജിദ് സംരക്ഷണ സമിതിയും കോഴിക്കോട് വലിയ ഖാസി ഷിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രസിഡന്റായ കേരള ഇസ്‌ലാമിക് അകാഡമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അന്നത്തെ ഒട്ടുമിക്ക ഇസ്‌ലാമിക സംഘടനകളുടെയും ഏകോപനത്തിനുള്ള വേദി കൂടിയായി മാറി. ഇബ്രാഹീം സുലൈമാന്‍ സേഠ്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ല്യാര്‍ തുടങ്ങി പ്രമുഖര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. അന്ന് ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ വിദ്യാര്‍ഥിയും ഇപ്പോള്‍ ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. മുഹമ്മദ് അഹമ്മദ് നദ്‌വിക്കൊപ്പമാണ് അന്‍സാരി കോഴിക്കോട്ടെത്തിയത്. പിറ്റേന്ന് എറണാകുളത്ത് വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൂടി പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.
അയോധ്യയിലെ നന്നേ ചെറിയൊരു വീട്ടില്‍ ദാരിദ്ര്യം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു തയ്യല്‍ക്കാരന്‍ തന്റെ വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ചെറുക്കാന്‍ പോരാട്ടത്തിനിറങ്ങിയതോടെ ലോകമറിയുന്ന പോരാളിയായി മാറുകയായിരുന്നു. ബാബരി മസ്ജിദിന് വേണ്ടിയുള്ള കേസ് നടത്താന്‍ പ്രായവും അവശതയും വകവയ്ക്കാതെ അദ്ദേഹം ഓടിനടന്നു. ഹാശിം അന്‍സാരി തന്റെ കൊച്ചുവീട്ടില്‍ ദാരിദ്ര്യത്തോട് പടവെട്ടിയാണ് ജീവിതം നയിച്ചിരുന്നതെന്ന് ബാബരി മസജിദ് നിലനിന്ന സ്ഥലത്ത് ഉദ്ഖനനം നടക്കുന്നതിനിടെ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. സഫരിയാബ് ജീലാനിക്കൊപ്പം അവിടം സന്ദര്‍ശിച്ച മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗം ഇ അബൂബക്കര്‍ പറഞ്ഞു. ഇ അബൂബക്കറുള്‍പ്പെടെയുള്ളവര്‍ അന്‍സാരിയുടെ വീട് കൂടി സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക