|    Jun 18 Mon, 2018 11:09 pm
Home   >  Editpage  >  Editorial  >  

ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടിയത്

Published : 12th August 2017 | Posted By: fsq

 

പത്തു വര്‍ഷക്കാലം ഉപരാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ച ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ ഡോ. ഹാമിദ് അന്‍സാരി പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അര്‍ഥപൂര്‍ണമായ സമകാലിക ഉല്‍ക്കണ്ഠകളാണ് പങ്കുവച്ചത്. രാജ്യത്ത് ജനാധിപത്യം പ്രതിസന്ധി നേരിടുകയാണെന്ന് തന്റെ വാക്കുകളിലൂടെ അദ്ദേഹം കൃത്യമായി സൂചിപ്പിക്കുന്നു. ജനാധിപത്യ ഭരണസംവിധാനത്തില്‍ ക്രിയാത്മകമായ വിമര്‍ശനങ്ങളുടെ പ്രാധാന്യമാണ് അദ്ദേഹം ഉന്നയിക്കുന്ന ഒരു മുഖ്യവിഷയം. ഇത് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, ഏകപക്ഷീയമായ ഭരണനടപടികളാണ് സമീപകാലത്ത് രാജ്യം ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രവണത സ്വേച്ഛാധിപത്യത്തിലേക്കുള്ള പ്രയാണത്തിന്റെ സൂചനയാെണന്ന് ഡോ. ഹാമിദ് അന്‍സാരി ചൂണ്ടിക്കാണിക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും സംബന്ധിച്ച ഉല്‍ക്കണ്ഠകളാണ് അദ്ദേഹം ഉയര്‍ത്തിയ മറ്റൊരു സുപ്രധാന വിഷയം. രാജ്യസഭാ ടിവിയില്‍ കരണ്‍ ഥാപറുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍, ന്യൂനപക്ഷങ്ങള്‍ ഇന്ന് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ചില വിഭാഗങ്ങള്‍ പുലര്‍ത്തുന്ന ആധിപത്യ മനോഭാവവും അസഹിഷ്ണുതയും ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന അവസ്ഥയും ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തെയാണ്. അത് സമീപകാലത്ത് അവഗണിക്കാന്‍ വയ്യാത്ത ഒരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരമൊരു അവസ്ഥ ജനാധിപത്യ സമൂഹങ്ങളില്‍ അംഗീകരിക്കാനാവുന്നതല്ല. അത് ഇന്ത്യയുടെ മതേതര പാരമ്പര്യങ്ങള്‍ക്കു യോജിച്ചതുമല്ല. ജനാധിപത്യത്തിന്റെ ഉരകല്ല് ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാെണന്ന വസ്തുത അദ്ദേഹം ശക്തിയുക്തം ഉന്നയിക്കുന്നുണ്ട്. വാസ്തവത്തില്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ ജനങ്ങളുടെയും മനസ്സില്‍ തിങ്ങിനിറയുന്ന ആശങ്കകളും ചിന്തകളുമാണ് ഡോ. ഹാമിദ് അന്‍സാരിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ഇതു വെറുമൊരു അക്കാദമികമായ നിലപാടിന്റെ പ്രശ്‌നവുമല്ല. ദീര്‍ഘകാലം ഉപരാഷ്ട്രപതിയായിരിക്കുകയും അതിനു മുമ്പ് വിശിഷ്ടമായ സേവനത്തിലൂടെ രാജ്യത്തിനു വലിയ സംഭാവന അര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ഹാമിദ് അന്‍സാരി. എന്നാല്‍, അദ്ദേഹം ഉപരാഷ്ട്രപതിയായിരിക്കുന്ന വേളയില്‍ തന്നെ ആര്‍എസ്എസിലെ പല പ്രമുഖരും അദ്ദേഹത്തിനെതിരേ യാതൊരു പ്രകോപനവുമില്ലാതെ കടന്നാക്രമണം നടത്തുകയുണ്ടായി. ബിജെപി സര്‍ക്കാരിന്റെ വക യോഗാ ദിനത്തില്‍ ഉപരാഷ്ട്രപതി പങ്കെടുക്കുകയുണ്ടായില്ല എന്നു പറഞ്ഞ് ആര്‍എസ്എസ് നേതാവ് രാം മാധവ് നടത്തിയ കടന്നാക്രമണം അങ്ങേയറ്റം ജുഗുപ്‌സാവഹമായിരുന്നു. അതു സംബന്ധിച്ച വസ്തുതകള്‍ വ്യക്തമായ ശേഷവും ആര്‍എസ്എസോ ബിജെപിയോ ഡോ. അന്‍സാരിയോട് തെറ്റു സമ്മതിക്കുകയുണ്ടായില്ല. സഭയിലെ യാത്രയയപ്പു വേളയില്‍ വൈകി വന്ന് നേരത്തേ ഇറങ്ങിപ്പോയ പ്രധാനമന്ത്രിയും ഇതേ മനോഭാവം തന്നെയാണ് വന്ദ്യനായ ഉപരാഷ്ട്രപതിയോട് പ്രകടിപ്പിച്ചത് എന്നും പറയാതെ വയ്യ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss