|    Mar 28 Tue, 2017 9:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹാബിറ്റാറ്റ് ഗേള്‍സ് സ്‌കൂള്‍ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും

Published : 7th October 2016 | Posted By: sdq

അജ്മാന്‍: ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയതും നാലാമത്തേതുമായ സ്‌കൂള്‍ സംരംഭമായ ‘ഹാബിറ്റാറ്റ് ഗേള്‍സ് സ്‌കൂള്‍’ 2017 ഏപ്രിലില്‍ അജ്മാനില്‍ പ്രവര്‍ത്തനമാരംഭിക്കും. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള അജ്മാനിലെ ആദ്യ ഇന്ത്യന്‍ സ്‌കൂളാണിതെന്നും ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ റാഷിദ് അല്‍ നുഐമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേചര്‍ സ്‌കൂള്‍, സൈബര്‍ സ്‌കൂള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് സ്‌കൂള്‍, ലാംഗ്വേജ് സ്‌കൂള്‍ എന്നിവയടങ്ങിയ ഹാബിറ്റാറ്റ് സ്‌കൂള്‍ മാതൃകയിലുള്ള വിദ്യാലയമായിരിക്കും ഇത്. സ്‌കൂളിന്റെ പ്രധാന സവിശേഷത നേതൃരംഗത്തുള്ള സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തമായിരിക്കും. അഞ്ചാം കഌസ് മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് വിദ്യാഭ്യാസം നടക്കുന്ന യു.എ.ഇ നിയമത്തിലെ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് ഗേള്‍സ് സ്‌കൂള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാലാം തരം വരെ ആണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്.
ശ്രദ്ധേയമായി മുന്‍നിരയിലെത്താനുള്ള വര്‍ധിച്ച സാധ്യത, സ്വന്തത്തെ കുറിച്ച് എപ്പോഴും ബോധവതികളാവാതെ സ്വയം വളരാനുള്ള സാഹചര്യം, മാതൃകാ വ്യക്തിത്വങ്ങളെ സ്വന്തം പരിസരങ്ങളില്‍ നിന്നു തന്നെ കണ്ടെടുക്കാനുള്ള സൗകര്യം എന്നിവയെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഈ പരീക്ഷണത്തിലൂടെ ഹാബിറ്റാറ്റ് ഗ്രൂപ് ശ്രമിക്കുന്നതെന്നും ശൈഖ് സുല്‍ത്താന്‍ വ്യക്തമാക്കി.
രക്ഷിതാക്കളുടെ സൗകര്യത്തിനായി നാലാം കഌസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക മാത്രമല്ല, അഞ്ചാം കഌസിലേക്ക് ഹാബിറ്റാറ്റ് സ്‌കൂളിന്റെ കീഴിലുള്ള മറ്റൊരു സ്‌കൂളിലേക്ക് ട്രാന്‍സ്ഫറും നല്‍കുമെന്ന് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സി.ടി ഷംസുസമാന്‍ പറഞ്ഞു. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മറ്റ് ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ നിന്ന് ഹാബിറ്റാറ്റ് ഗേള്‍സ് സ്‌കൂളിലേക്കും പെണ്‍കുട്ടികള്‍ക്ക് മാറ്റം വാങ്ങാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
33 രാഷ്ട്രങ്ങളിലെ 3,000ത്തിലധികം കുട്ടികള്‍ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ഇന്ന് പഠനം നടത്തുന്നുണ്ട്. അല്‍ദല്ല ഏരിയയില്‍ 5 ഏക്കര്‍ സ്ഥലത്ത് 60 മില്യന്‍ ദിര്‍ഹം ചെലവിലുള്ളതാണ് പുതിയ ഗേള്‍സ് സ്‌കൂള്‍. 2017 ജനുവരിയോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും. സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക് ട്രാക്ക്, ജൈവ പച്ചക്കറി ഉല്‍പാദക, പഠന പരിശീലനം എന്നിങ്ങനെ നിലവിലെ ഹാബിറ്റാറ്റ് സ്‌കൂളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പുതിയ സ്‌കൂളിലുമുണ്ടാകും.
സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ സി.ടി ആദില്‍, അക്കാദമിക് ഡീന്‍ വസീം യൂസുഫ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. .

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day