|    Oct 18 Thu, 2018 7:22 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ വീട്ടുതടങ്കലില്‍: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Published : 4th September 2017 | Posted By: shadina sdna


കോട്ടയം: വൈക്കം സ്വദേശിനി അഖില എന്ന ഡോ. ഹാദിയയെ മാതാപിതാക്കള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കോട്ടയം ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ മനപ്പൂര്‍വം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കില്‍ അത് ഗൗരവതരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. വിഷയം രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവരുതെന്നും ഉത്തരവില്‍ പറയുന്നു. കേസ് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം  കെ മോഹന്‍ കുമാര്‍ പരിഗണിക്കും. കേരള മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ ഹാദിയയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നു പരാതിയില്‍ പറയുന്നു.
സുഹൃത്തുക്കളെ കാണാനോ ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനോ ഹാദിയയെ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസം വൈക്കത്തെ  വീട്ടില്‍ ഓണ സമ്മാനവുമായെത്തിയ കൂട്ടുകാരികളെ ഹാദിയയെ കാണാന്‍ പോലിസ് അനുവദിച്ചില്ല. ഹാദിയ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ മാതാപിതാക്കളും പോലിസും ചേര്‍ന്ന് ഹാദിയക്ക് നിഷേധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ഡോ. ഹാദിയ വിഷയത്തില്‍ എന്‍ഡബ്ല്യൂഎഫ് നേരത്തെ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss