|    Jun 18 Mon, 2018 7:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാദിയ വിഷയം : കേരള മുഖ്യമന്ത്രിക്ക് സാംസ്‌കാരിക നായകരുടെ തുറന്ന കത്ത്‌

Published : 6th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡോ. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന് സാംസ്‌കാരിക നായകരുടെ തുറന്ന കത്ത്. കവി സച്ചിദാനന്ദന്‍, പ്രമുഖ വനിതാ വിമോചനപ്രവര്‍ത്തക പ്രഫ. സമിതാ സെന്‍, സാമൂഹിക പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചയാളുമായ പ്രഫ. അഖീല്‍ ബില്‍ഗ്രാമി എന്നിവരാണ് കത്തയച്ചത്. ഇസ്‌ലാം മതം സ്വീകരിക്കുകയും അതേ മതത്തില്‍ നിന്നു വിവാഹം കഴിക്കുകയും ചെയ്ത ഹാദിയ എന്ന യുവതി നേരിടുന്ന ജനാധിപത്യ, മൗലികാവകാശ ലംഘനം മുഖ്യമന്ത്രി അടിയന്തരമായി ശ്രദ്ധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സ്വന്തം അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കാനോ പുറംലോകത്തോട് ഇടപെടാനോ ഹാദിയക്ക് കഴിയുന്നില്ലെന്നു സച്ചിദാനന്ദന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഹാദിയ നേരിടുന്ന നീതിനിഷേധം സാമുദായിക പ്രശ്‌നങ്ങളുടെ മറവില്‍ ലഘൂകരിച്ച് കാണുകയാണ് എന്നത് വേദനയുളവാക്കുന്നതാണ്. സ്ത്രീ സ്വാതന്ത്ര്യം, പൗരാവകാശം, വ്യക്തി സാതന്ത്ര്യം തുടങ്ങി ഒട്ടേറെ അവകാശങ്ങള്‍ ഹാദിയക്ക് നിഷേധിക്കപ്പെടുന്നു.  യുവതി നിയമവിധേയമായി സ്വന്തം താല്‍പര്യപ്രകാരം നടത്തിയ വിവാഹം ഹൈക്കോടതി റദ്ദുചെയ്തു. ശരിയായ കാരണംപോലും കാണിക്കാതെയായിരുന്നു ഇത്. തീവ്ര ഹിന്ദുത്വ വലതുപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണമായ ലൗ ജിഹാദിന്റെ പേരിലായിരുന്നു ഈ നടപടി. പിതാവിന്റെയും അദ്ദേഹം ഏര്‍പ്പെടുത്തിയ ആര്‍എസ്എസ് സംഘത്തിന്റെയും തടവില്‍ കഴിയുന്ന ഹാദിയയുടെ ശാരീരിക, മാനസിക ആരോഗ്യത്തില്‍ ആശങ്കയുണ്ട്. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികളില്‍ ആശ്വാസമുണ്ട്. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വിഷയത്തില്‍ അങ്ങയുടെ ഇടപെടല്‍ കാണാത്തത് ഖേദകരമാണ്. എത്രയും പെട്ടെന്ന് അങ്ങ് വിഷയത്തില്‍ ഇടപെടുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നുതന്നെയാണു ഞങ്ങളുടെ വിശ്വാസം എന്നു പറഞ്ഞാണ് സച്ചിദാനന്ദന്‍ കത്ത് അവസാനിപ്പിക്കുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാരിനു കീഴിലാണ് ഹാദിയക്ക് നീതി നിഷേധിക്കപ്പെടുന്നതെന്ന സത്യം വേദനയുളവാക്കുന്നതാണെന്ന് പ്രഫ. സമിതാ സെന്‍ കത്തില്‍ പറയുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും ഭരണഘടന ഏവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.  എത്രയും പെട്ടെന്ന് അങ്ങ് വിഷയത്തില്‍ ഇടപെടുമെന്നും ഹാദിയയുടെ അവകാശങ്ങള്‍ പുനസ്ഥാപിച്ചുനല്‍കുമെന്നും തന്നെയാണ് വിശ്വാസമെന്നും സമിതാ സെന്‍ കത്തില്‍ പറയുന്നു. ഹാദിയയുടെ മതംമാറ്റം സ്വന്തം താല്‍പര്യമാണെന്നും ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ തീവ്ര ഹിന്ദുത്വവാദികളുടെ സൃഷ്ടിയാണെന്നും വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രഫ. അഖീല്‍ ബില്‍ഗ്രാമി കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരത്തില്‍ കൈകടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ അനുവദിച്ചത് എതിര്‍ക്കപ്പെടേണ്ടതാണ്.വിഷയത്തില്‍ ഹാദിയക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും അഖീല്‍ ബില്‍ഗ്രാമി കത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss