|    Aug 23 Wed, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹാദിയ : രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കണം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ(അഖില)യുടെ വിവാഹം റദ്ദാക്കി വീട്ടുതടങ്കലിലടച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഉത്തരവിട്ടാല്‍ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് മാതാപിതാക്കളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ കോടതി, രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സിക്കും കേരള സര്‍ക്കാരിനും ഹാദിയയുടെ പിതാവിനും നോട്ടീസയക്കുകയും ചെയ്തു.ഹാദിയ  24 വയസ്സുള്ള മുതിര്‍ന്ന സ്ത്രീയാണെന്നും അവരെ കോടതിയില്‍ ഹാജരാക്കിയാല്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍, രേഖകള്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കുംഷെഫിനു വേണ്ടി അഡ്വ. കപില്‍ സിബല്‍, അഡ്വ. ഇന്ദിര ജയ്‌സിങ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരും ഹാദിയയുടെ പിതാവിനു വേണ്ടി മാധവി ദിവാനും കോടതിയില്‍ ഹാജരായി. ബാഹ്യശക്തികളുടെ സ്വാധീനത്താലാണ് ഹാദിയ മതപരിവര്‍ത്തനം നടത്തിയതെന്നതിന് മതിയായ രേഖകളുണ്ടെന്ന് മാധവി ദിവാന്‍ വാദിച്ചു. തന്നെ വിവാഹം കഴിക്കാനായല്ല ഹാദിയ മതംമാറിയതെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക