|    Aug 18 Sat, 2018 11:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹാദിയ: പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു

Published : 11th June 2017 | Posted By: mi.ptk

കോഴിക്കോട്: വിവാഹം അസാധുവാക്കി ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പമയച്ച ഡോ. ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നു സൂചന. ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരിലൊരാളാണ് ഇക്കാര്യം “’അഴിമുഖം’’ ഓണ്‍ലൈനിനോട്  വെളിപ്പെടുത്തിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍പോലുമാവാതെ, പോലിസ് അകമ്പടിയോടെയുള്ള ജീവിതം ഹാദിയയെ ശാരീരികമായും മാനസികമായും തളര്‍ത്തിയതായും ഈ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടിവി കാണാനോ പത്രം വായിക്കാനോപോലും ഹാദിയക്ക് അനുവാദമില്ല. നോമ്പെടുത്തും ഉറങ്ങിയുമാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. രാത്രിനേരങ്ങളില്‍ മിക്കപ്പോഴും ഖുര്‍ആന്‍ വായനയിലായിരിക്കും. എന്തിനാണീ കോലാഹലമെല്ലാം എന്ന് ഇടയ്ക്കിടെ പിതാവിനോട് ചോദിക്കുന്നതു കേള്‍ക്കാം. ഞങ്ങളുമായി ഹാദിയ സംസാരിക്കാറുണ്ട്. താന്‍ ഈ മതം തിരഞ്ഞെടുത്തതിനുള്ള കാരണങ്ങളും ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമെല്ലാമാണ് പറയുന്നത്. ഈ അവസ്ഥയിലും തന്റെ വഴി തന്നെയാണ് ശരിയെന്നു മാത്രമേ അവര്‍ പറയാറുള്ളൂ. അവരെ സംബന്ധിച്ച് സ്വന്തം വീട് തടവറയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം മാത്രമേ കഴിക്കുന്നുള്ളൂ. അതിനാല്‍ വളരെ ക്ഷീണിതയാണ്. സ്ഥലത്തുള്ള വനിതാ പോലിസുകാര്‍ക്കുപോലും മൊബൈല്‍ ഫോണ്‍ അകത്തേക്കു കൊണ്ടുപോവാന്‍ അനുവാദമില്ല. ശാരീരിക പീഡനം അനുഭവിക്കുന്നില്ലെന്നു മാത്രമേയുള്ളൂ. മാനസികമായി അവര്‍ പീഡിപ്പിക്കപ്പെടുകയാണ്- സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.കഴിഞ്ഞ മാസം 24നാണ് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടിവി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതി ഉത്തരവുപ്രകാരം മെയ് 26ന് പോലിസ് കാവലില്‍ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തിച്ചു.അന്നു മുതല്‍ ഹാദിയയുടെ വീട്ടിലും ടിവി  പുരം എന്ന ഗ്രാമത്തിലും പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഹാദിയയുടെ അയല്‍വാസിയും സാമൂഹികപ്രവര്‍ത്തകനുമായ അമൃതനാഥ് പറയുന്നു. മൂന്ന് ടെന്റുകള്‍ കെട്ടി പോലിസുകാര്‍ ആ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ്.  പരിസരവാസികള്‍ക്കുപോലും റോഡിലൂടെ നടക്കണമെങ്കില്‍ പോലിസിന്റെ അനുവാദം വേണം. പോലിസുകാരുടെ പെരുമാറ്റത്തിലും നാട്ടില്‍ ഭീകരാന്തരീക്ഷമുണ്ടാക്കുന്നതിലും പലര്‍ക്കും എതിര്‍പ്പുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അമൃതനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് ഹാദിയയെ കാണാനെത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി മീരയും സംഘാംഗങ്ങളും നേരിട്ടു കണ്ടതും അനുഭവിച്ചതും ഇതിന് സമാനമായ കാര്യങ്ങളാണെന്നും “’അഴിമുഖ’ത്തില്‍ പറയുന്നു. വൈക്കം പോലിസ് സ്‌റ്റേഷനില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഹാദിയയെ കാണാന്‍ അനുവാദം വാങ്ങാനായി ചെന്നപ്പോള്‍, അവര്‍ക്കു കാണാന്‍ സമ്മതമാണെങ്കില്‍ കാണാമെന്നാണു പറഞ്ഞത്. പക്ഷേ, ഹാദിയയുടെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ചുമതലയുള്ള എസ്‌ഐ പറഞ്ഞത് ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ കാണാന്‍ അനുവദിക്കൂ എന്നാണ്. അവിടെയെത്തിയ ഞങ്ങള്‍ കണ്ടത് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്ന ഭീകരാന്തരീക്ഷമാണ്. ഞങ്ങളുടെ കൂടെയുള്ള സ്ത്രീയെ പോലും കോംപൗണ്ടിനകത്തു കടക്കാന്‍ പോലിസുകാര്‍ അനുവദിച്ചില്ല. ഹാദിയയുടെ പിതാവിനെ കാണണമെന്നു പറഞ്ഞപ്പോള്‍, അയല്‍വീട്ടില്‍ കാത്തിരിക്കൂ, അദ്ദേഹം അവിടെ നിങ്ങളെ കാണാനായി വരുമെന്ന നിര്‍ദേശം ലഭിച്ചു. പിന്നീട് അയല്‍പക്കത്തെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തോടു സംസാരിച്ചത്. പക്ഷേ, ഒന്നും പുറത്തുപറയരുതെന്നാണ് എനിക്ക് വക്കീലില്‍ നിന്നു കിട്ടിയ ഉപദേശം. അതുകൊണ്ട് എനിക്കൊന്നും പറയാനാവില്ല എന്നാണ് ഹാദിയയുടെ പിതാവ് ഞങ്ങളോടു പറഞ്ഞത്. എന്തിനാണ് പോലിസുകാര്‍ ഇങ്ങനെ ഒരന്തരീക്ഷം അവിടെ ഉണ്ടാക്കുന്നതെന്ന് ഞങ്ങള്‍ക്കു മനസ്സിലായില്ല. കോടതിവിധിയനുസരിച്ചാണെങ്കില്‍, ഹാദിയക്ക് രക്ഷിതാക്ക ള്‍ സംരക്ഷണം നല്‍കണമെന്നും അതിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മാത്രമേയുള്ളൂ. പക്ഷേ, അവിടെ നടക്കുന്നത് അതൊന്നുമല്ല. ഭരണകൂട ഭീകരതയാണ്. ഒരു വ്യക്തി എന്ന നിലയ്ക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യങ്ങളുടെയും അവകാശങ്ങളുടെയും ലംഘനം പ്രത്യക്ഷത്തില്‍ തന്നെ കാണാം. ഇതിനേക്കാള്‍ ഞങ്ങളെ ഭയപ്പെടുത്തിയത് സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ മൗനമാണ്- ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ ജോജി കൂട്ടുമ്മേല്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss