|    Oct 23 Tue, 2018 11:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹാദിയ നിയമപരിരക്ഷയോടെ വീട്ടുതടങ്കലിലെന്നു വൃന്ദ കാരാട്ട്

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: ഹാദിയയെ നിയമപരിരക്ഷയോടെ ബന്ധുക്കള്‍ വീട്ടുതടങ്കലില്‍ ഇട്ടിരിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഹാദിയക്കു നേരെ നടക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അത് നിഷേധിച്ച് നിയമ പരിരക്ഷയോടെ മാതാപിതാക്കള്‍ അവരെ വീട്ടുതടങ്കലിലാക്കുന്നത് ന്യായീകരിക്കാവുന്നതല്ല. ഇത് ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളിലേതിന് സമാനമാണ്. ‘ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്‍കൈകള്‍’ എന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഗോള്‍വാള്‍ക്കറുടെ പിന്‍മുറക്കാര്‍ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കുകയാണ്. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും കമ്മ്യൂണിസ്റ്റുകളെയും ശത്രുക്കളായി കാണണമെന്നാണ് ഗോള്‍വാള്‍ക്കര്‍ പിന്‍മുറക്കാര്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത്. മോദിയും അമിത്ഷായും ചേര്‍ന്നു നടപ്പാക്കുന്ന ഏറ്റുമുട്ടല്‍ രാഷ്ടീയത്തിന്റെ ഭീകരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ലൗജിഹാദ്, പശു, ദൈവങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ട് രാജ്യത്താകെ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി നേരിടേണ്ടുന്ന മുഖ്യപ്രതിപക്ഷത്തെ എങ്ങും കാണാനാവുന്നില്ല. ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന ടിവി റിപോര്‍ട്ടര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. ഈ മാസം ആദ്യമാണ് ഗൗരി ലങ്കേഷ് എന്ന പത്രപ്രവര്‍ത്തക വധിക്കപ്പെട്ടത്. ഈ രണ്ടു വധങ്ങള്‍ക്കും സമാനതകളുണ്ട്.  ജുനൈദിന്റെ കൊലയാളികളായ രണ്ടു പേര്‍ക്ക് ഇന്ന് ജാമ്യം നല്‍കി. നിയമവ്യവസ്ഥയും ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ജില്ലാ സെക്രട്ടറി എം മോഹനന്‍, രാജസ്ഥാന്‍ കര്‍ഷക സമര നേതാവ് പേമാറാം, ജെഎന്‍യു എസ്എഫ്‌ഐ നേതാവ് നിതീഷ് നാരായണന്‍, ജുനൈദിന്റെ സഹോദരന്‍ ഫൈസല്‍, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഉവൈസ് സൈന്യ, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്, പി സതീദേവി, കെ ടി കുഞ്ഞിക്കണ്ണന്‍, എം ചന്ദ്രന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss