|    Sep 25 Tue, 2018 5:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹാദിയ : ജുഡീഷ്യല്‍ ഘര്‍വാപസി

Published : 5th October 2017 | Posted By: fsq

വ്യാപകമായ ഇസ്‌ലാം ഭീതിക്കപ്പുറം ഇടതുവലത് വ്യത്യാസമില്ലാതെ പൊതുസമൂഹത്തെ ആഴത്തില്‍ ഗ്രസിച്ചിരിക്കുന്ന പുരുഷാധിപത്യബോധമാണ് ഹാദിയ കേസ് നല്‍കുന്ന മറ്റൊരു പാഠം. അവിവാഹിതരായ പെണ്‍മക്കള്‍ അച്ഛനമ്മമാരുടെ കൂടെ ജീവിക്കണമെന്ന ഹൈക്കോടതി വിധിപ്രകാരം പോലിസുകാരാല്‍ വലിച്ചിഴയ്ക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും ഈ യുവതി മെയ് 2017 മുതല്‍ തന്റെ പിതാവിന്റെ വീട്ടുതടങ്കലിലാണ്. സ്വതന്ത്രമായി തന്നിഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്യാനുള്ള സാധുതയെ നിരാകരിച്ച കോടതി അവരുടെ വിവാഹത്തെ അസാധുവാക്കി. 24 വയസ്സുള്ള, ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള ഒരു യുവതിയുടെ അസ്തിത്വമാണ് അവരുടെ അവകാശങ്ങളും ആഗ്രഹങ്ങളും പരിഗണിക്കാതെ ഇല്ലായ്മ ചെയ്യപ്പെടുന്നത്. അച്ഛന്റെ നിയന്ത്രണത്തില്‍ പുറംലോകവുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും നിഷേധിക്കപ്പെട്ട അവരെ പക്ഷേ, അച്ഛന്റെയും പോലിസിന്റെയും അനുമതിയോടെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. അവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച ആറ് പൗരാവകാശ പ്രവര്‍ത്തകരായ യുവതികളെ പോലിസും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് പരുഷമായി നേരിട്ടുവെന്നു മാത്രമല്ല, പോലിസ് ശല്യം ഇപ്പോഴും തുടരുന്നു. അതിനിടെ സംസ്ഥാന വനിതാ കമ്മീഷന്‍ ഉറക്കമുണര്‍ന്ന് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും കമ്മീഷന്റെ അധികാരം ഉപയോഗപ്പെടുത്താതെ, ഹാദിയക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങളുടെ വസ്തുത അന്വേഷിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി തേടുകയാണ് ചെയ്തത്. ഹാദിയയെ ഒറ്റപ്പെടുത്തി തടവിലിടാനും ജനപ്രതിനിധികളുമായും മറ്റുമുള്ള സമ്പര്‍ക്കം നിഷേധിക്കാനും വിധിന്യായത്തിലില്ല. സിപിഐക്കും സിപിഎമ്മിനും ശക്തമായ സാന്നിധ്യമുള്ള പ്രദേശത്തെ വാര്‍ഡ് മെമ്പറും എംഎല്‍എയുമെല്ലാം സിപിഐ വനിതകളാണ്. കോടതിവിധിയുണ്ടെന്ന തെറ്റായ കാരണം പറഞ്ഞ് എംഎല്‍എ സി കെ ആശ അടക്കമുള്ള ഒരു ജനപ്രതിനിധിയും ഇതുവരെ ഹാദിയയെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയിട്ടില്ല. കോടതി ദേശസുരക്ഷയാണ് അവരുടെ പൗരാവകാശത്തേക്കാള്‍ പ്രധാനം എന്നു വിധിച്ചാല്‍ സര്‍ക്കാരിന് അവരെ അവരുടെ ദുരവസ്ഥയ്ക്ക് വിട്ടുകൊടുത്ത് ആശ്വാസത്തോടെ പിന്തിരിയാം. കൗതുകകരമായ ഒരു കാര്യം, വനിതാ കമ്മീഷനിലും എഐഡിഡബ്ല്യൂഎയിലും അഭൂതപൂര്‍വമായ സമ്മര്‍ദമാണ് വിശാല ഇടത് രൂപപ്പെടുത്തിയത്. രാജ്യത്തെ എണ്ണംപറഞ്ഞ ബുദ്ധിജീവികള്‍ സമര്‍പ്പിച്ച ഹരജി വനിതാ കമ്മീഷനോട് എന്താണ് ഹാദിയയുടെ വീട്ടില്‍ സംഭവിക്കുന്നതെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനപ്പെട്ട മലയാള കവികള്‍ ഇതിനെ പിന്തുണച്ചു. ടീസ്ത സെറ്റല്‍വാദ് തന്റെ സന്ദേശം അയച്ചു. സ്ത്രീപക്ഷ കൂട്ടായ്മകളും പ്രവര്‍ത്തകരും ഹാദിയയുടെ നിയമവിരുദ്ധമായ ഒറ്റപ്പെടുത്തല്‍, ഒന്നിച്ചുനിന്ന് നേടിയ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു ഭീഷണിയാണെന്ന് വൃന്ദാ കാരാട്ടിനെ ഓര്‍മിപ്പിച്ചു. ഇതൊന്നും പക്ഷേ, വനിതാ കമ്മീഷന്റെ ബധിരകര്‍ണങ്ങളെ സ്വാധീനിച്ചില്ല എന്നു മാത്രമല്ല, സുപ്രിംകോടതിയുടെ അനുമതി തേടി നല്ലപിള്ള ചമയാനാണ് കമ്മീഷന്‍ ശ്രമിച്ചത്.ഇത് ലൗ ജിഹാദല്ല, പ്രത്യുത ജുഡീഷ്യല്‍ ഘര്‍വാപസി ആണെന്നാണ് എന്റെ അഭിപ്രായം. ദുഷിച്ച ഹിന്ദുത്വത്തിന്റെ ലൗ ജിഹാദ് പ്രയോഗത്തിന് പകരം ഈ സംജ്ഞയാണ് നാം ഉപയോഗിക്കേണ്ടത്. സിപിഎം നിശ്ശബ്ദരാവാന്‍ അവരുടേതായ താല്‍പര്യങ്ങളുണ്ട്. സ്ത്രീവിരുദ്ധതയുടെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുകയാണവര്‍. ‘പുരോഗമന രാഷ്ട്രീയവും സാമൂഹിക അധഃപതനവും’ എന്ന് നമുക്കതിനെ ചുരുക്കിവിളിക്കാം. ഒരു സിപിഎം അനുഭാവിക്ക് സിപിഎമ്മിനോടും അനുബന്ധ സംഘടനകളോടും ഒട്ടിനിന്നു മാത്രമേ ക്ഷേമം, തൊഴിലവകാശങ്ങള്‍, സാമൂഹിക സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ചരിത്രപരവും ജനസംഖ്യാപരവുമായ കാരണങ്ങളാല്‍ സാമുദായിക പരിമിതികള്‍ മറികടക്കുമ്പോഴാണ് ഇതു വിജയിക്കാന്‍ സാധ്യത കൂടുതല്‍. അതേസമയം, ഇതേ പ്രവര്‍ത്തകരുടെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം യാഥാസ്ഥിതികമായ ജാതി-സമുദായ സംഘടനകളാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, ഇന്ന് 21ാം നൂറ്റാണ്ടില്‍ സാമുദായിക സംഘടനകള്‍ ലാഭേച്ഛയോടെ സമുദായങ്ങളുടെ വലിയ സാമ്പത്തിക ആസ്തികള്‍ കൈകാര്യം ചെയ്യുന്ന കോര്‍പറേറ്റുകളാണ്. ഈ ജാതിസംഘടനകള്‍ ഇന്ന് ഹിന്ദുത്വഘടനകളാല്‍ സ്വാംശീകരിക്കപ്പെടുകയോ സംരക്ഷിക്കപ്പെടുകയോ ചെയ്യപ്പെടുന്നു. അതിനാല്‍ തന്നെ ഒരു ശരാശരി സിപിഎം അനുഭാവി തങ്ങളുടെ കുടുംബത്തിലെ ഒരംഗം മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ ഹിന്ദു ഹെല്‍പ്‌ലൈനിന്റെയോ ഹിന്ദുത്വ പരിവര്‍ത്തന കേന്ദ്രങ്ങളുടെയോ സേവനം തേടുന്നു. ഈ അടുത്തകാലം വരെ സിപിഎമ്മിന് മുസ്‌ലിംകളുമായി പരിമിത സമ്പര്‍ക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക പരിവര്‍ത്തനകേന്ദ്രമായ സത്യസരണി ധാരാളമായി വിമര്‍ശിക്കപ്പെടുമ്പോള്‍ സംഘികളുടെ പരിവര്‍ത്തന കേന്ദ്രങ്ങള്‍ അദൃശ്യമായി നിലനില്‍ക്കുന്നു. ഈ ചിറ്റമ്മനയം സിപിഎമ്മിന്റെ വോട്ട്ബാങ്കിനെ നിലനിര്‍ത്തുമ്പോള്‍ അതിന് കേടുവരുത്താന്‍ അവര്‍ക്കു താല്‍പര്യമില്ലതന്നെ. ഇടതാവുക എന്നത് കൂടുതല്‍ മാനവികമാവുക എന്ന നമ്മുടെ വിശ്വാസത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നു. എന്നാല്‍, ഈ സംവാദങ്ങളില്‍ ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഹാദിയയുടെ പക്ഷം ചേര്‍ന്ന ഇസ്‌ലാമിക സംഘടനകളുടെ ദുഷിപ്പുകളെ ആവര്‍ത്തിക്കുന്ന യുക്തിവാദികളുടേത്. ഹിന്ദുത്വവാദികളെ പോലെ തന്നെ ഈ യുവതിയുടെ അപക്വതയാണ് ഇവരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഹൈക്കോടതിക്കും ഹിന്ദുത്വവാദികള്‍ക്കും ഹാദിയ ഒരു വിശ്വാസപ്രമാണം പഠിക്കാനും സ്വീകരിക്കാനും മാത്രം വളര്‍ന്നില്ലെങ്കില്‍ യുക്തിവാദികളെ സംബന്ധിച്ചിടത്തോളം അവളുടെ ഇസ്‌ലാം തിരഞ്ഞെടുപ്പ്- അല്ലെങ്കില്‍ യുക്തിവാദം തിരഞ്ഞെടുക്കാതെ വിശ്വാസം തിരഞ്ഞെടുത്തത്- അവളുടെ അപക്വതയ്ക്കുള്ള തെളിവാണ്. യുഎസ് സാമ്രാജ്യത്വ നിഗമനങ്ങളെ ആധാരമാക്കിയുള്ള, ഇസ്‌ലാമിസ്റ്റുകളോട് വിദ്വേഷം വമിപ്പിക്കുന്ന കുഞ്ഞുകുഞ്ഞ് ക്രിസ്റ്റഫര്‍ ഹിച്ചന്‍സുമാരുടെ നുരയലുകളാണ് ഫേസ്ബുക്ക് മുഴുവന്‍. ഇവരും ഹാദിയയെ നിശ്ശബ്ദയാക്കാനും അദൃശ്യയാക്കാനും പാടുപെടുകയാണ്. ഇവരുടെ യുക്തിബോധം പെണ്‍മക്കളുടെ തീരുമാനങ്ങള്‍ പിതാവിനാല്‍ നിയന്ത്രിതമാണെന്ന പുരുഷാധിപത്യ കുടുംബഘടനയെ മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്തതാണ്. ഇവരുടെ യുക്തിബോധം ഗാര്‍ഹിക പീഡന സംബന്ധമോ മറ്റോ ആയ ഇതര സാധ്യതകളെയും പരിഗണിക്കുന്നില്ല. തീര്‍ച്ചയായും ഇസ്‌ലാം ഭീതി മറികടക്കാന്‍ മാത്രം പര്യാപ്തമല്ല ഇവരുടെ യുക്തിബോധം. ഇതിലും പരിതാപകരമാണ് ഒരു ജുഡീഷ്യല്‍ ഘര്‍വാപസി ആണെന്ന് സൂചിപ്പിക്കുന്ന ഈ സംഭവത്തെ ഹിന്ദുത്വ പദനിര്‍മിതികളെ പിന്തുടര്‍ന്ന് ലൗ ജിഹാദ് എന്ന് ഈ യുക്തിവാദികള്‍ വിളിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇസ്‌ലാമിസ്റ്റുകളെ പിശാചുവല്‍ക്കരിക്കുന്ന, ഹാദിയയെ അവരുടെ ഇരയായി ചിത്രീകരിക്കുന്ന വ്യവഹാരങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സിപിഎമ്മിന്റെ നിശ്ശബ്ദതയ്ക്ക് സൈദ്ധാന്തിക പിന്‍ബലം കൊടുക്കുന്ന പണിയാണ് ഇവരുടേത്. ബഹുമാന്യനായ സണ്ണി എം കപിക്കാട് അടക്കം ഇടതു സഖാക്കളും സുഹൃത്തുക്കളും ഹാദിയയെ കാണാന്‍ വിഫലശ്രമം നടത്തിയതിനുശേഷം അവരുടെ അച്ഛനോട് പ്രകടിപ്പിച്ച മമത ആശ്ചര്യജനകവും ദുഃഖകരവുമാണ്. അവരുടെ അഭിപ്രായത്തില്‍ അദ്ദേഹം തകര്‍ന്നിരിക്കുകയാണ്. പ്രധാനികളായ മതേതര ദലിത് ബുദ്ധിജീവികളേക്കാള്‍ താരതമ്യേന ദുര്‍ബലരും അബലകളുമായ ആ ആറ് യുവതികളുടെ അനുഭവം പക്ഷേ, നേരെ തിരിച്ചാണ്. ആ യുവതികളോട് ഇദ്ദേഹം വളരെ പ്രകോപനപരമായും ഭീഷണിപ്പെടുത്തിയുമാണ് ഇടപെട്ടത്. അവരിപ്പോഴും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നു. ഹാദിയയുടെ അച്ഛന്റെ വൈകാരികപ്രകടനത്തില്‍ വശംവദനായ സണ്ണിയെ ഇതൊന്നും ബാധിച്ചതായി തോന്നുന്നില്ല. ”ഞാനവളെ 24 വര്‍ഷം പോറ്റിയില്ലേ? അങ്ങനെ വെറുതെ ഉപേക്ഷിക്കാന്‍ പറ്റുമോ?” ഹാദിയ അവിടം വിട്ടുപോയത് എല്ലാവര്‍ക്കുമറിയാം. എന്നു മാത്രമല്ല 24 വയസ്സു വരെ വളര്‍ത്തിയ പ്രശ്‌നമേ പ്രസക്തമല്ല. പക്ഷേ, നമ്മുടെ നിരൂപണ ബുദ്ധിജീവികള്‍ പുരുഷാധിപത്യ ഭോഷത്തം വിളമ്പുകയാണ്. അദ്ദേഹം പറയുന്നത് നോക്കൂ: ”ജനാധിപത്യ സമൂഹം ഒരച്ഛനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈകാരികതയെ പരിഗണിക്കാനുള്ള ദാക്ഷിണ്യം കാണിക്കണം.” സണ്ണി ഒറ്റശ്വാസത്തില്‍ ജനാധിപത്യത്തെയും പുരുഷാധിപത്യ വൈകാരികതയെയും ആവാഹിക്കരുത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss