|    Jun 20 Wed, 2018 2:00 am
Home   >  Todays Paper  >  Page 5  >  

ഹാദിയ കേസ് : വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുത്- വനിതാ കമ്മീഷന്‍

Published : 4th October 2017 | Posted By: fsq

 

തിരുവനന്തപുരം: സംരക്ഷണത്തിന്റെ പേരില്‍ വരയ്ക്കുന്ന ലക്ഷ്മണരേഖകള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു തടയാനുള്ള ജാഗ്രതയാണ് ഹാദിയ കേസിലെ കേരള വനിതാ കമ്മീഷന്റെ ഇടപെടലെന്നു ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. ഭരണഘടന പൗരനു നല്‍കുന്ന അവകാശങ്ങള്‍ക്കുമേല്‍ നിഴല്‍വീഴ്ത്താന്‍ ആരെയും അനുവദിക്കില്ലെന്ന നിരീക്ഷണമാണ് സുപ്രിംകോടതിയുടെ പരാമര്‍ശങ്ങളിലൂടെ വ്യക്തമാവുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ആശ്വാസവാക്കുകളല്ല, നിയമപരമായ പരിഹാരമാണ് യുവതിക്ക് ആവശ്യമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് വനിതാ കമ്മീഷന്‍ സ്വീകരിച്ചത്. ഇതിനാവശ്യമായ വിവരങ്ങള്‍ യഥാസമയം കമ്മീഷന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. സുപ്രിംകോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ വസ്തുതാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി തേടും. കേസില്‍ കക്ഷിചേരാന്‍ വനിതാ കമ്മീഷനെ സുപ്രിംകോടതി അനുവദിക്കുക വഴി യുവതിക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മകളെക്കുറിച്ചുള്ള ആശങ്കകളാവാം യുവതിക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കു പിതാവിനെ പ്രേരിപ്പിച്ചത്. ഈ സ്ഥിതിയിലേക്കു കുടുംബത്തെ തള്ളിവിട്ടവരെല്ലാം യുവതിയുടെ ദുസ്ഥിതിക്ക് കാരണക്കാരാണ്. 24 വയസ്സുള്ള വിദ്യാസമ്പന്നയായ യുവതിയെ അവകാശങ്ങള്‍ നിഷേധിച്ചു വീട്ടിനുള്ളില്‍ തളച്ചിടാന്‍ ഒരു കോടതിയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ലഭിച്ച പരാതികളുടെയും ഉയര്‍ന്ന ഉല്‍ക്കണ്ഠകളുടെയും അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ നിരന്തരം നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയാണ് സുപ്രിംകോടതിയെ സമീപിക്കാനുള്ള തീരുമാനം. സംഭവഗതികളെ ശരിയായി പഠിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുനീങ്ങിയത്. കമ്മീഷന്‍ നടപടികളെക്കുറിച്ചു ധാരണയില്ലാത്തവര്‍ കമ്മീഷനെ പക്ഷംചേര്‍ത്തു സംസാരിക്കുകയുണ്ടായി. ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനമുണ്ടായി. യുവതിയെ ഇഷ്ടപ്പെടുന്നവര്‍ക്കും യുവതി ഇഷ്ടപ്പെടുന്നവര്‍ക്കും വീട്ടില്‍ അവരെ കാണാന്‍ അനുവാദം നിഷേധിക്കപ്പെട്ടു. യുവതിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കുന്നതായും കമ്മീഷനില്‍ പരാതിവന്നു. അതേസമയം, പിതാവിന്റെ ഇഷ്ടപ്രകാരം ഏതാനും പേര്‍ക്ക് വീട്ടില്‍ സന്ദര്‍ശനാനുമതി ലഭിച്ചു. യുവതിക്ക് വീട്ടിനുള്ളില്‍ നീതിനിഷേധമുണ്ടെന്നതിന്റെ തെളിവായി ഇക്കാര്യം അവതരിപ്പിക്കപ്പെട്ടു. ഈ സാഹചര്യങ്ങളാണ് യുവതിയുടെ അവകാശനിഷേധത്തെക്കുറിച്ചു ചോദ്യമുയര്‍ത്താന്‍ ഏവരെയും പ്രേരിപ്പിച്ചത്. പ്രകോപനങ്ങള്‍ക്ക് വശംവദമാവാതെ നിയമപരമായ നിലപാടുകളിലൂടെ കേരളത്തിലെ വനിതകളുടെ അവകാശസംരക്ഷണത്തിന് അക്ഷീണം പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. ഈ കേസിലെ ഇടപെടലിലൂടെ കേരളത്തിനു നല്‍കുന്ന സന്ദേശം അതാണെന്നും ജോസഫൈന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss