|    Sep 22 Fri, 2017 5:17 pm
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: നിയമപോരാട്ടത്തിന് സഹായം തേടി പോപുലര്‍ ഫ്രണ്ട് ജനങ്ങളിലേക്ക്

Published : 13th September 2017 | Posted By: shadina sdna


കോഴിക്കോട്: ഹാദിയകേസില്‍ നിയമ പോരാട്ടത്തിന് സഹയം തേടി പോപുലര്‍
ഫ്രണ്ട് ഓഫ് ഇന്ത്യ ജനങ്ങളിലേക്ക്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഹാദിയ കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും നിയമപോരാട്ടത്തിനാവശ്യമായ തുക സമാഹരിക്കുന്നതിനുമായി  സെപ്തംബര്‍ 15 വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് ജനങ്ങളെ സമീപിക്കുന്നു. ഹാദിയയുടെ നീതിനിഷേധത്തിനെതിരെയുള്ള നിയമപോരാട്ടം  സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് ഹാദിയയെ വീട്ടു തടങ്കല്‍ അടിച്ചേല്‍പ്പിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.  കപില്‍ സിബല്‍, ഇന്ദിരാ ജയ്‌സിംഗ്, ഹാരിസ് ബീരാന്‍ തുടങ്ങിയ പ്രഗല്‍ഭരായ അഭിഭാഷകസംഘമാണ് സുപ്രിംകോടതിയില്‍ ഹാദിയക്ക് വേണ്ടി ഹാജരാവുന്നത്. അഭിഭാഷകരുടെ ഫീസ്, യാത്ര, അനുബന്ധ ചെലവുകള്‍ ഉള്‍പ്പടെ വലിയ സാമ്പത്തിക ബാധ്യതയാണ് കേസ് നടത്തിപ്പിനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു തരത്തിലും ഹാദിയയുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും സ്വയം തിരരഞ്ഞെടുക്കുവാനുള്ള അവകാശത്തിനും വേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ക്ക്  പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് പോപുലര്‍

ഫ്രണ്ട് ജനങ്ങളെ സമീപിക്കുന്നത്. തുടക്കം മുതല്‍ തന്നെ ഹാദിയയുടെ ഭര്‍ത്താവായ ഷാഫിന്‍ ജഹാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതും ഏകോപിപ്പിക്കുന്നതും പോപുലര്‍ ഫ്രണ്ടാണ്. ഹൈക്കോടതി വിധിയെ പിന്തുടര്‍ന്ന് സുപ്രീം കോടതിയും ഹാദിയയെ നേരില്‍ കാണാതെ, ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ താല്‍ പര്യപ്പെടാതെ ഹാദിയയുടെ വീട്ടു തടങ്കല്‍ അനിശ്ചിതമായി നീട്ടുന്നതിന് കൂട്ട് നില്‍ക്കുകയാണ്. മാത്രമല്ല വിഷയത്തിനു അനാവശ്യമായ വ്യാഖ്യാനങ്ങള്‍ നല്‍കി ഹാദിയയുടെ മതാശ്ലേഷണവും വിവാഹവുമൊക്കെ അന്വേഷിക്കാന്‍ എന്‍ഐയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ തന്നെ ജനാധിപത്യ വിരുദ്ധമാണ് ഈ വിധിയെന്ന് വ്യക്തമാണ്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള ആശയം സ്വീകരിക്കുവാനും, ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കുവാനും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണു കോടതികള്‍ നിരാകരിക്കുന്നത്.
ഈ വിധിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഭരണഘടന പൗരനു ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം, സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഹൈക്കോടതി വിധിയെന്ന് രാജ്യത്തെ പ്രഗത്ഭ നിയമജ്ഞരടക്കം പലരും ചൂണ്ടിക്കാട്ടുന്നു. ഹാദിയയുടെ നിയമപോരാട്ടം ജനാധിപത്യ ഇന്ത്യയുടെ ചൂണ്ടുപലകയാണ്. ഇവിടെ ഹാദിയ പരാജയപ്പെടുന്ന പക്ഷം ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ഇണയെ തിരഞ്ഞെടുക്കുവാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നെന്നേക്കുമായി നിഷേധിക്കപ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തില്‍ നീതിയുടെ പക്ഷം വിജയിക്കേണ്ടത് അനിവാര്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക