|    Oct 22 Sun, 2017 6:41 am
Home   >  Todays Paper  >  page 7  >  

ഹാദിയ കേസ്‌ : വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറണമെന്ന് സുപ്രിംകോടതി

Published : 11th August 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. കേസ് ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനായി കേസിന്റെ വിശദാംശങ്ങള്‍ എന്‍ഐഎ—ക്ക് കൈമാറാന്‍ കേരള പോലിസിനു സുപ്രിംകോടതി നിര്‍ദേശം നല്‍കി.  ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ ഹാദിയയുടെ പിതാവിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസ് സുപ്രിംകോടതി 16നു പരിഗണിക്കാനിരിക്കെയാണ് എന്‍ഐഎക്ക് കേസ് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍  അപ്രതീക്ഷിതമായി ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസ് മുമ്പാകെ ബോധിപ്പിച്ചത്. ഇതേത്തുടര്‍ന്ന് അപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കാനായി സുപ്രിംകോടതി 2 മണിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ കേന്ദ്രത്തിന്റെയോ എന്‍ഐഎയുടെയോ പക്കല്‍ ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ഇല്ലെന്നും അതിനാല്‍ കേസ് എന്‍ഐഎക്കോ സിബിഐ കൈമാറണമെന്നുമായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് അന്വേഷണത്തിനുള്ള അനുമതി തേടി എന്‍ഐഎയുടെ പേരില്‍ അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് എന്‍ഐഎക്കും കേരള സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. ഈ കേസ് നിലവില്‍ കേരള പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദയവു ചെയ്ത് ആഗസ്ത് 16 വരെ കാത്തിരിക്കണമെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ബോധിപ്പിച്ചു.  അതേസമയം. സുപ്രിംകോടതി എന്തിനാണ് കേരള പോലിസിനെ സംശയിക്കുന്നതെന്നും ഇത് നിലവില്‍ കേരള പോലിസ് അന്വേഷണം നടത്തുന്നുണ്ടെന്നുമുള്ള ഹാരിസ് ബീരാന്റെ ചോദ്യത്തിന്, കേരള പോലിസിനെ ഞങ്ങള്‍ സംശയിക്കുന്നില്ലെന്നും അന്വേഷണത്തിനായി ഞങ്ങള്‍ എന്‍ഐഎയോട് ആവശ്യപ്പെടുന്നില്ലെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് അവരുമായി പങ്കുവയ്ക്കുന്നതെന്നുമാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതിനെ എതിര്‍ക്കാന്‍ നിങ്ങള്‍ക്ക് ന്യായമില്ലെന്നും എന്‍ഐഎയെ നിങ്ങള്‍ സംശയിക്കുന്നുണ്ടോ എന്നും ഹരജിക്കാരനോട് കോടതി ആരാഞ്ഞു.ഈ കേസില്‍ ചില മാധ്യമങ്ങള്‍ ലൗജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഗൂഢാര്‍ഥമുള്ള വാചാടോപമാണെന്നും കോടതി അത്തരത്തിലുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കില്ലെന്നും സോഷ്യല്‍ മീഡിയ പോലുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന അത്തരം ഗൂഢപ്രയോഗങ്ങളിലൂടെ തങ്ങള്‍ പോകുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക