|    Dec 16 Sun, 2018 2:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹാദിയ കേസ്്: കോടതി പറയുന്നത്”

Published : 11th April 2018 | Posted By: kasim kzm

ഇ  ജെ  ദേവസ്യ,  പി  കെ  ജാസ്മിന്‍
മഴവില്ലുകള്‍ ദൈവത്തിന്റെ കൈയൊപ്പുകളാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അന്യഥാ ശാന്തമായ പ്രകൃതിയുടെ ദൃഷ്ടാന്തമാണെങ്കിലും, മിന്നലുകള്‍ ക്രൂരതയുടെ ആവിഷ്‌കാരമായാണു കരുതപ്പെടുന്നത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിയമവിരുദ്ധമായി തട്ടിയെടുക്കപ്പെടുമ്പോഴോ അവന്റെ/അവളുടെ തിരഞ്ഞെടുപ്പുകള്‍ ഭരണകൂടത്താല്‍ കഴുത്തുഞെരിക്കപ്പെടുമ്പോഴോ ജീവിതത്തിന്റെ  അടയാളങ്ങളെല്ലാം നശിക്കുകയും ജീവിക്കുകയെന്നാല്‍ വെറും യാന്ത്രിക പ്രക്രിയയാവുകയും ചെയ്യുന്നു. അത് അടിസ്ഥാനപരമായി ക്രൂരതയുടെ ഒരു പ്രകടനം മാത്രമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിന്ദ്യമായി കുഴിച്ചുമൂടുന്നതുപോലെയാണ് അയാളുടെ സ്വത്വത്തെ അംഗീകരിക്കാതിരിക്കുന്നത്. നിയമം ഒരിക്കലും പ്രോല്‍സാഹിപ്പിക്കാത്ത ക്രൂരതയുടെ പ്രതിഫലനമാണത്. പ്രായപൂര്‍ത്തിയായ ഒരു പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഭരണകൂടം, പിതാവിന്റെ ന്യായങ്ങളെ പിന്തുണച്ചുവെന്നുള്ളതാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്. അതാവട്ടെ തന്റെ മകളെ അവള്‍ തിരഞ്ഞെടുത്ത വിശ്വാസത്തില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും അവള്‍ വിവാഹം കഴിച്ച വ്യക്തിയെ അംഗീകരിക്കുകയില്ലെന്നും നിര്‍ബന്ധബുദ്ധിയുള്ള പിതാവ്. ഈ ചിന്തതന്നെ പുരുഷാധിപത്യത്തിന്റെ ആവിഷ്‌കാരമാണ്. സ്ത്രീകള്‍ ജംഗമസ്വത്താണെന്നുള്ള ധാരണയില്‍നിന്നുള്ള സ്വയംവിലയിരുത്തലാണ്. വിശ്വസനീയമല്ലാത്ത വിധിപ്രസ്താവനയുടെ വെളിച്ചത്തില്‍ ഹൈക്കോടതിയും ഏതൊക്കെയോതരത്തിലുള്ള അനുമാനങ്ങളിലായിരുന്നുവെന്ന് പറയേണ്ടിവരുന്നു. ഉന്നത മൂല്യം കണക്കാക്കേണ്ട ഹേബിയസ് കോര്‍പസിന്റെ അടിസ്ഥാന നിയമങ്ങള്‍ പാലിക്കപ്പെടാത്ത വിധിയായതുകൊണ്ടുതന്നെയാണ് ഹൈക്കോടതി വിധി പിശകുകളുടെ ഒരു സങ്കേതമായി മാറുന്നത്.” ഹാദിയ കേസിലെ സുപ്രിംകോടതി വിധിയിലെ ആമുഖ ഖണ്ഡികയാണിത്.
വ്യക്തിസ്വാതന്ത്ര്യമെന്ന പൗരന്റെ വിശുദ്ധാവകാശത്തിന് അടിവരയിടുന്നതാണ് ഹാദിയ കേസിലെ സുപ്രിംകോടതി വിധി. ജനാധിപത്യരാജ്യത്ത് നിയമപോരാട്ടത്തില്‍ ഇരയ്ക്ക് കാവ്യനീതി അകലെയല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ കേസില്‍ സുപ്രിംകോടതി പുറത്തുവിട്ട വിധിയുടെ വിശദ രൂപം. ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് രണ്ടു വിധിപ്രസ്താവമാണ് ഇറക്കിയത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ എം ഖാന്‍വില്‍കറും ചേര്‍ന്നു പുറപ്പെടുവിച്ച വിധിന്യായത്തോടു യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വന്തം നിലയ്ക്കു തയ്യാറാക്കിയ വിധിപ്രസ്താവത്തില്‍ ഹൈക്കോടതി കേസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായാണു വിമര്‍ശിക്കുന്നത്. ഹാദിയയുടെ അന്തസ്സും സ്വാതന്ത്ര്യവും കോടതിയുടെ അവഹേളനത്തിനു വിധേയമായതില്‍ പരമോന്നത നീതിപീഠത്തിനു നാണക്കേടു തോന്നുന്നുവെന്ന് വിധിപ്രസ്താവത്തില്‍ കുറിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, ഷഫിന്‍ ജഹാന്‍ ഹാദിയക്കു യോജിച്ച ഭര്‍ത്താവാണോ എന്ന് അന്വേഷിക്കുംവിധമുള്ള വിധിയിലൂടെ കേരള ഹൈക്കോടതി അധികാരപരിധിക്കു പുറത്തുകടക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തുന്നു. ഹാദിയ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ്. ഇതു പരിഗണിക്കാതെ അവര്‍ ദുര്‍ബലയും ചൂഷണങ്ങള്‍ക്കു വിധേയയാവാന്‍ സാധ്യതയുള്ളവളുമാണെന്നു പറയുകയാണ് ഹൈക്കോടതി ചെയ്തതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിം നിയമപ്രകാരം ഒരു വിവാഹം സാധുവാകാന്‍ വേണ്ട നിബന്ധനകളൊന്നും ഷഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ ആരെ വിവാഹം ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ളത് ഭരണകൂട നിയന്ത്രണത്തിനുള്ളില്‍ വരുന്ന കാര്യമല്ല. ഭരണകൂടങ്ങള്‍ ഇത്തരം സ്വാതന്ത്ര്യങ്ങളില്‍ കൈകടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിധി നിരീക്ഷിക്കുന്നു. ഹാദിയയുടെ ഇഷ്ടം അംഗീകരിക്കാതിരിക്കുക വഴി ഭരണഘടന അവര്‍ക്കു നല്‍കുന്ന അവകാശത്തിനോട് മുഖംതിരിച്ചുനില്‍ക്കുകയാണ് ഹൈക്കോടതി ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും എ എം ഖാന്‍വില്‍കറും പുറപ്പെടുവിച്ച വിധിപ്രസ്താവത്തില്‍ പറയുന്നു. മകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള പിതാവ് അശോകന്റെ അവകാശം ഷഫിന്‍ ജഹാനെ വിവാഹം കഴിക്കാനുള്ള ഹാദിയയുടെ മൗലികാവകാശത്തെ അല്‍പവും പരിമിതപ്പെടുത്തുന്നില്ല. ഭരണഘടനാപരമായ അവകാശം ഭരണഘടനാസ്ഥാപനമായ കോടതി തന്നെ ഇല്ലാതാക്കുന്നതാണ് ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാതിരുന്ന ഹൈക്കോടതി നിലപാട്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചിട്ടുണ്ടെന്നും ഒരാള്‍ക്കും മേലില്‍ ഇത്തരമൊരു അനീതി ഉണ്ടാവാന്‍ പാടില്ലെന്നും സുപ്രിംകോടതി വിധി ഓര്‍മിപ്പിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ലെന്ന കാര്യം ഹൈക്കോടതി പരിഗണിച്ചില്ല. ഹേബിയസ് കോര്‍പസ് ഹരജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൊണ്ടുവന്നത് തീര്‍ത്തും അനാവശ്യമാണ്. പൗരന്റെ അവകാശങ്ങളില്‍ കടന്നുകയറുകയല്ല, മറിച്ച്് അവ സംരക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടതെന്നും വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്. തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോവാന്‍ ഹാദിയക്ക് സ്വാതന്ത്ര്യമുണ്ടെന്ന ഭരണഘടനാവകാശം ഹൈക്കോടതി അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിക്കു പിഴവു സംഭവിച്ചതില്‍ മനോവേദന പ്രകടിപ്പിക്കാനാണു തന്റെ  ശ്രമമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കുന്നുണ്ട്. അച്ഛന്റെ കസ്റ്റഡിയില്‍ ഹാദിയക്ക് നഷ്ടമായ മാസങ്ങള്‍ ഒരിക്കലും തിരിച്ചുനല്‍കാനാവില്ല. വ്യക്തികളുടെ അവകാശങ്ങള്‍ പിതൃകേന്ദ്രിതമായ സാമൂഹിക ഘടനയുടെ അള്‍ത്താരയില്‍ ഹോമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി ഭരണഘടനാപരമായ ബാധ്യത കോടതികള്‍ നിറവേറ്റേണ്ടതുണ്ടെന്നും വിധിന്യായത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പാരന്‍സ് പാട്രിയ സിദ്ധാന്തത്തിന്റെ മറപിടിച്ചാണ് കേരള ഹൈക്കോടതി ഹാദിയയെ പിതാവ് അശോകന്റെ കസ്റ്റഡിയില്‍ വിട്ടത്. പാരന്‍സ് പാട്രിയ ജൂറിസ്ഡിക്ഷന്‍ അനുശാസിക്കുന്നത്, ആവശ്യമായിവരുമ്പോള്‍ ഒരു വ്യക്തിയുടെ രക്ഷാകര്‍തൃത്വം രാഷ്ട്രം ഏറ്റെടുക്കണമെന്നാണ്. വ്യക്തി മൈനറോ മാനസികമായി പ്രാപ്തി കൈവരിച്ചിട്ടില്ലാത്ത അവസ്ഥയിലോ ആയിരിക്കുമ്പോള്‍ മാത്രമാണ് കോടതി പാരന്‍സ് പാട്രിയ സിദ്ധാന്തം അവലംബിക്കേണ്ടത്. അതിനു തന്നെ പരിമിതികളുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
തങ്ങളുടെ വിധിപ്രസ്താവത്തിന് ഉപോദ്ബലകമായി മൂന്ന് ജസ്റ്റിസുമാരും നിരവധി വിധിന്യായങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. പാരന്‍സ് പാട്രിയ ജൂറിസ്ഡിക്ഷനെക്കുറിച്ച് വിശദീകരിക്കുന്നിടത്ത് ആ പ്രയോഗത്തിന്റെ ഉദ്ഭവവും നിര്‍വചനവും നിയമസാംഗത്യവും വിശദമാക്കുന്നുമുണ്ട്. ഹാദിയ കേസിലെ ഹൈക്കോടതി വിധി പ്രധാനമായും പാരന്‍സ് പാട്രിയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയായിരുന്നല്ലോ? ഇതിന്റെ പിന്‍ബലത്തിലാണ് ഹാദിയയെ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി മാതാപിതാക്കളുടെ തടങ്കലിലേക്കയച്ചത്. ഷഫിന്‍ ജഹാന്റെ ‘തീവ്രവാദബന്ധ’വും മറ്റും മേമ്പൊടി ചേര്‍ത്ത് എന്‍ഐഎ അേന്വഷണത്തിന് വഴിതുറന്നതും പ്രസ്തുത ഹൈക്കോടതി വിധിയാണ്. എന്നാല്‍, അക്കാര്യത്തിലും സുപ്രിംകോടതി ഒരു ലക്ഷ്മണരേഖ വരയ്ക്കുന്നുണ്ട്. ഷഫിന്‍ ജഹാനെ കുറിച്ചുള്ള അന്വേഷണം നിയമപരിധി മറികടക്കരുതെന്നും സുപ്രിംകോടതി പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. ഭരണഘടനയുടെ 226ാം അനുച്ഛേദത്തിന്റെ അന്തസ്സത്ത ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് സുപ്രിംകോടതി വിധി. വ്യക്തിയുടെ അവകാശങ്ങളുടെയും സ്വകാര്യതയുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും മേഖലകളിലേക്ക് കോടതികളും ന്യായാധിപന്മാരും കടന്നുകയറരുതെന്നും വിധി ഉണര്‍ത്തുന്നു. അവകാശത്തിന്റെ സാക്ഷാല്‍ക്കാരമാണ് അവകാശം ദാനമായി നല്‍കുന്നതിനേക്കാള്‍ പരമപ്രധാനമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കുന്നുണ്ട്. മൗലികാവകാശങ്ങളുടെ സംരക്ഷകരാണ് ഭരണഘടനാ കോടതികള്‍. കോടതിയുടെ ധര്‍മം അവകാശങ്ങളുടെ മണ്ഡലത്തെ വെട്ടിച്ചുരുക്കുകയല്ല. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ പരിരക്ഷ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതു തന്നെയാണ് ഹാദിയ കേസിലെ സുപ്രിംകോടതി വിധിയുടെ കാതല്‍.                   ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss