|    Oct 17 Wed, 2018 10:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഹാദിയ ഒരു മനുഷ്യസ്ത്രീയാണ്

Published : 25th September 2017 | Posted By: fsq

 

ഡോ. ഹാദിയ എന്ന ഹോമിയോ ബിരുദധാരിണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിന്റെയോ ഇന്ത്യയുടെയോ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെയോ കേട്ടുകേള്‍വിയില്ലാത്ത അവകാശനിഷേധങ്ങള്‍ക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്. ആര് എന്തു ന്യായങ്ങള്‍ പുലമ്പിയാലും എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും ഒരു സ്ത്രീയുടെ മൗലികമായ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതിനും കൂട്ടിലടയ്ക്കുന്നതിനും അതൊന്നും കാരണമല്ല. അഖില

എന്തിനു മതം മാറി ഹാദിയയായി എന്നു നമുക്കു ചോദിക്കാം. എന്തിന് ഷഫിന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരനുമായി വിവാഹം ചെയ്തുവെന്നും ചോദിക്കാം. എന്തിന് സത്യസരണിയില്‍ മതം പഠിക്കാന്‍ പോയി എന്നും ചോദിക്കാം. മിണ്ടാതെ അടങ്ങിയൊതുങ്ങി സ്വന്തം മതത്തില്‍ കഴിഞ്ഞുകൂടിയാല്‍ പോരായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്. മറ്റു ചിലരാവട്ടെ, ഹാദിയക്ക് അനുകൂലമായും പ്രതികൂലമായും നിലകൊള്ളുന്ന വിഭാഗങ്ങളെ ഒരേപോലെ കുറ്റപ്പെടുത്തി സായൂജ്യമടയുന്നു. ഇരുവിഭാഗങ്ങളും മുതലെടുപ്പ് നടത്തുകയാണെന്ന് പറഞ്ഞുവയ്ക്കുന്നു ഇനിയും ചില കൂട്ടര്‍. സംസ്ഥാന ഗവണ്‍മെന്റാവട്ടെ ഹാദിയക്കെതിരേ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സത്യവാങ്മൂലം നല്‍കിയിട്ട് ‘ഞങ്ങളൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ തല മണലില്‍ പൂഴ്ത്തി നിസ്സംഗത നടിക്കുന്നു. ഈ സമയത്തൊക്കെയും ഹാദിയയെന്ന പ്രായപൂര്‍ത്തിയായ, സ്വയം തീരുമാനമെടുക്കാന്‍ ശേഷിയുള്ള നമ്മളെല്ലാവരെയും പോലെ ചിരിക്കാനും ചിന്തിക്കാനും സംസാരിക്കാനും നടക്കാനും ഓടാനും അവകാശമുള്ള 24കാരിയായ വിദ്യാസമ്പന്നയായ സ്ത്രീ കൂട്ടിലടയ്ക്കപ്പെട്ട് കഴിയുന്നതും പീഡനത്തിനു വിധേയയാവുന്നതും അനങ്ങാന്‍ പോലും പോലിസിന്റെ സമ്മതം വേണ്ടിവരുന്നതും എത്രമേല്‍ കഷ്ടമല്ല! ആരും ഏറ്റെടുക്കാതെ നീതിക്കു വേണ്ടി നാടുനീളെ അലഞ്ഞുനടന്നിരുന്ന അഖില എന്ന ഹാദിയക്ക് ഒരു കൂട്ടര്‍ സംരക്ഷണം കൊടുത്തു എന്നതിനാലും മറ്റാരും ഏല്‍ക്കാത്തതിനാല്‍ കേസ് നടത്തിപ്പ് അവര്‍ ഏറ്റെടുത്തുവെന്നതും ചൂണ്ടിക്കാട്ടി തടിയൂരാന്‍ കേരളത്തിലെ ആള്‍ശക്തിയും  സാമ്പത്തിക ശേഷിയുമുള്ള മുസ്‌ലിം സംഘടനകള്‍ക്കും നിഷ്പ്രയാസം സാധിച്ചു. എന്നാല്‍, ഇതൊന്നുമല്ലല്ലോ നാട്ടില്‍ നടക്കുന്ന അസാധാരണവും അപൂര്‍വവുമായ കാര്യങ്ങളെന്ന് തെല്ല് ആലോചിച്ചാല്‍ മനസ്സിലാവും. അങ്ങനെ മനസ്സിലായതുകൊണ്ടാണല്ലോ മൃദുല ഭവാനി, കുഞ്ഞില, നിമി, ജാസ്മിന്‍ തുടങ്ങിയ പെണ്‍കുട്ടികള്‍ തിരുവോണ കിറ്റുമായി ഹാദിയയെ കാണാന്‍ ചെന്നത്. ഹാദിയയുടെ നിലവിളി അവര്‍ നേരിട്ടു കേട്ടു. ‘രക്ഷിക്കണേ’ എന്ന നിലവിളി. ഇവരോട് സംസാരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജനാലയ്ക്കരികില്‍ നിന്ന് ഹാദിയയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതിനും ഇവര്‍ സാക്ഷിയായി. മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്‍ ഹാദിയ അനുഭവിക്കുകയാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. അതിനാല്‍ തന്നെ ജെ ദേവികയും സച്ചിദാനന്ദനും ചൂണ്ടിക്കാട്ടുന്ന കടുത്ത കാരാഗൃഹവാസമാണ് ഹാദിയ നേരിടുന്നത്. സുരക്ഷിതമായ താമസമൊരുക്കാന്‍ കോടതി നിര്‍ദേശിച്ച് രക്ഷിതാക്കളുടെ കൈയില്‍ ഏല്‍പിച്ച പെണ്‍കുട്ടിയെ ഇവ്വിധം നാലു മാസത്തോളം കഠിനമായി ഉപദ്രവിക്കാനും തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കാനും പോലിസും വീട്ടുകാരും ഒരുമിച്ചത് എങ്ങനെയെന്നതും അതിനുള്ള ധൈര്യം ഇവര്‍ക്ക് സംഭാവന ചെയ്തത് ആരെന്നതും കാണാതിരുന്നുകൂടാ. സംഘപരിവാരത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കുടിലബുദ്ധി പിന്നില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെയാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും തെറ്റിദ്ധാരണയ്ക്ക് കോടതി വഴങ്ങുന്ന വിധം കാര്യങ്ങള്‍ എത്തിക്കാനും സാധിച്ചത്. വെറുമൊരു വൈവാഹിക വിഷയത്തില്‍ രാജ്യരക്ഷയുടെ ദുരൂഹത പടര്‍ത്തി മനുഷ്യാവകാശ ലംഘനം നടത്താന്‍ ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു. പക്ഷേ, വിചിത്രമായിട്ടുള്ളത്, ഹാദിയയെ തടഞ്ഞുവയ്ക്കണമെന്നോ സന്ദര്‍ശകരെ തടയണമെന്നോ പുറത്തുപോകാന്‍ പാടില്ലെന്നോ കോടതി പറയുകയുണ്ടായില്ല എന്നതാണ്. പക്ഷേ, കോടതി പറയാതിരുന്നിട്ടും പോലിസ് അങ്ങനെ ചെയ്തു. ഭരണകൂടം അതിനു കൂട്ടുനിന്നു. മതവൈകാരികതയുള്ള വിഷയമെന്ന നിലയ്ക്ക് പ്രശ്‌നത്തില്‍ പരസ്യമായി ഇടപെടാതിരിക്കാനും രഹസ്യമായി പോലിസ് ഭീകരതയെ പിന്തുണയ്ക്കാനും പോലിസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര സ്വാധീനത്തിനു നേരെ കണ്ണടയ്ക്കാനും സംസ്ഥാനം ഭരിക്കുന്ന ഇടതു മതനിരപേക്ഷതയ്ക്ക് സാധിക്കുന്നുവെന്നതാണ് വിസ്മയം. കൃത്യമായും ഈ സത്യാനന്തര (പോസ്റ്റ് ട്രൂത്ത്) കാലത്ത് അദൃശ്യമായ അധോരാജ്യം (ഡീപ് സ്റ്റേറ്റ്) ഭരണം കൈയിലെടുത്തുകഴിഞ്ഞിരിക്കുന്നു എന്നു വ്യക്തം. ഈ അധോരാഷ്ട്രം സിപിഎം കേഡര്‍ ശൃംഖലയെ നോക്കി കൊഞ്ഞനം കുത്തിയിട്ടും സംഘപരിവാരത്തിനെതിരേ നിരന്തരം കുരച്ചുനടക്കുന്ന ഇടതു പ്രത്യയശാസ്ത്രം മൗനത്തിന്റെ വാല്‍മീകത്തിനുള്ളിലെ ഒളിപ്പാര്‍പ്പ് തുടരുകയാണ്. ഡോ. ഹാദിയ കേരളത്തിന്റെയല്ല ഇന്ത്യയുടെത്തന്നെ വിഷയമാണിന്ന്. എല്ലാ പൗരന്മാരും ഒന്നുപോലെ രംഗത്തിറങ്ങേണ്ട സംഭവമാണിത്. ഹാദിയയെ മോചിപ്പിക്കേണ്ടത് മാനുഷികമായ ആവശ്യമാണ്. ഇല്ലെങ്കില്‍ നാം ജനാധിപത്യ മതേതര വിശ്വാസികളാണെന്നും സ്വാതന്ത്ര്യവും ഭരണഘടനയും നിലനിര്‍ത്താന്‍ പോരാടുന്നവരാണെന്നും പറയുന്നതില്‍ അര്‍ഥമില്ല. ഇന്നു ഹാദിയയാണെങ്കില്‍ നാളെ നാം ഓരോരുത്തരുമാണ് ഈ തടവറയില്‍ കിടക്കേണ്ടത്. ജെ ദേവിക പറഞ്ഞതുപോലെ ജുഡീഷ്യല്‍ ഘര്‍വാപസിയുടെ കടന്നുകയറ്റമാണിത്. ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ആസുരമായ തിരിച്ചുവരവാണിത്. ആതിരയെന്ന മറ്റൊരു പെണ്‍കുട്ടിയും ഇഷ്ടമതം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ കോടതി അവളുടെ അവകാശങ്ങള്‍ വകവച്ചുകൊടുത്തുകൊണ്ട് വീട്ടുകാര്‍ക്കൊപ്പം അയച്ചു. എന്നാല്‍, മുസ്‌ലിം മതപഠനത്തിന് അയക്കാനുള്ള കോടതി നിര്‍ദേശത്തിനു വിപരീതമായി അവരെ എറണാകുളത്തെ ഹൈന്ദവ പാഠശാലയിലേക്കാണ് കൊണ്ടുപോയത്. അത് ഏതു നിയമകേന്ദ്രം പറഞ്ഞിട്ടാണെന്നോ പോലിസിന് അതിനുള്ള സ്വാതന്ത്ര്യം ആര് കൊടുത്തുവെന്നോ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല. മാത്രമല്ല, ഘര്‍വാപസിക്കൊടുവില്‍ ആതിരയെ കാമറയ്ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പിതാവ് ഹിന്ദു ഹെല്‍പ്‌ലൈനിന്റെ ഇടപെടല്‍ വ്യക്തമാക്കുകയുണ്ടായി. ഒരാളും അതിനെ ചോദ്യം ചെയ്തില്ല. ആ കുട്ടി എന്തുകൊണ്ട് പരിഭ്രാന്തയായി സംസാരിക്കുന്നുവെന്നു തിരക്കിയില്ല. മാതാപിതാക്കളോടുള്ള സ്‌നേഹത്തെ അഖിലയും ആതിരയും തള്ളിയിട്ടില്ല. എന്നിട്ടും അച്ഛനമ്മമാരുടെ കണ്ണീരിന്റെ പേരില്‍ പെണ്‍കുട്ടികളെ കെട്ടിയിടുകയാണുണ്ടായത്. ആതിരയ്ക്ക് നല്‍കപ്പെട്ട അവകാശത്തിന്റെ ചെറിയൊരു അംശമെങ്കിലും ഹാദിയക്കും നല്‍കേണ്ടതല്ലേ എന്ന ചോദ്യം ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ കേരളത്തില്‍ അലയടിക്കുകയാണ്. ഇവിടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമുണ്ട്. ഇത്ര നാളായിട്ടും വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുകയാണ്. ഇത്തരം സംവിധാനങ്ങളൊക്കെ ആരുടെ ചൊല്‍പ്പടിക്കാണ് നില്‍ക്കുന്നതെന്ന ഉത്കണ്ഠ ശരാശരി മലയാളിയെ അലട്ടുകയാണ്. ഇതുവരെ ഹാദിയയെ സന്ദര്‍ശിക്കാത്തതിനു വനിതാ കമ്മീഷന്‍ പറയുന്ന ന്യായം അന്യായമാണ്. ഉത്തരവാദപ്പെട്ട ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഹാദിയയുടെ വീട്ടില്‍ ചെല്ലാന്‍ ഒരു തടസ്സവുമില്ല എന്നിരിക്കെ ഉരുണ്ടുകളിക്കുകയാണ് വനിതാ കമ്മീഷന്‍. ഇപ്പോള്‍ അവര്‍ ഹാദിയയെ കാണാനുള്ള അനുമതി തേടി സുപ്രിംകോടതിയില്‍ പോവുകയാണത്രേ! ഇതില്‍പരം നാണക്കേട് മലയാളനാടിന് ഇനി വരാനില്ല. ഹാദിയയെ കാണാന്‍ പോലിസ് സഹായം തേടാന്‍ അവകാശമുള്ള വനിതാ കമ്മീഷന്‍ സുപ്രിം കോടതിയില്‍ പോകുന്നത് ദുരുദ്ദേശ്യപരമാണ്. സുപ്രിംകോടതി അനുമതി നിഷേധിച്ചാല്‍ രക്ഷപ്പെട്ടു എന്ന മട്ടിലാണ് ജോസഫൈന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത്. നേരത്തേ സംഘപരിവാരത്തിന് അനുകൂലമായി ഹാദിയ കേസില്‍ സത്യവാങ്മൂലം നല്‍കിയ അഡ്വ.ജനറലിന്റെ ഉപദേശപ്രകാരമാണിത് എന്നുമോര്‍ക്കുക.ചിന്തിക്കുന്ന മനുഷ്യര്‍ക്കൊക്കെ പല തരം അഭിപ്രായങ്ങള്‍ ഉണ്ടാവും. തദനുസൃതമായ വിശ്വാസസംഹിതകളുമുണ്ടാവും. ഒരാള്‍ക്ക് കമ്മ്യൂണിസം നിരീശ്വരവാദിയുമാകാം എന്നപോലെ ഏതു മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അതിനെ വൈകാരികവും പരമ്പരാഗതവുമായ തലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് രാഷ്ട്രീയവും വംശീയവുമായ ചേരുവകളാല്‍ വികൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് ആരായാലും ഭൂഷണമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss