|    Oct 17 Wed, 2018 9:09 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹാദിയയെ ഓര്‍ക്കാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയില്ല: ഐ.എസ്.എം. പ്രസിഡന്റ്

Published : 1st September 2017 | Posted By: mi.ptk

ദുബയ്:  സ്വന്തം വിശ്വാസത്തിന്റെ പേരില്‍ തടവില്‍ കഴിയുന്ന ഹാദിയയെ ഓര്‍ക്കാതെ ഒരു മലയാളി വിശ്വാസിക്കും ഈ വര്‍ഷം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയില്ലെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി പ്രസ്താവിച്ചു. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കികൊണ്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹാദിയ മുറുകെ പിടിച്ചിരിക്കുന്ന വിശാസത്തിന്റെ ഒരു അംശമെങ്കിലും തങ്ങളിലുണ്ടോ എന്ന് ഓരോ വിശ്വാസിയും പരിശോധിക്കേണ്ടതുണ്ട്. ഇസ്ലാം മതം വിശ്വസിച്ചതിന്റെ പേരില്‍ കൂട്ടുകാരികളുടെ സമ്പര്‍ക്കം പോലും അനുവദിക്കാത്തതിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ പൊതു ശത്രുക്കള്‍ക്കെതിരെ മുസ്‌ലിം സമൂഹം ഒത്തൊരുമിച്ചിട്ടില്ലെങ്കില്‍ മ്യാന്‍മാറിലേയും പലസ്ഥീനിലെയും അവസ്ഥയായിരിക്കും നമ്മള്‍ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്‌ലാമിക പ്രബോധനം കുറ്റകൃത്യമായി കരുതി ജനങ്ങളെ തടവിലിടുന്നത് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വിദ്വേഷ പ്രചാരണവും അത് ഏറ്റെടുത്ത അവിവേകികളായ ആള്‍കൂട്ടവുമാണ് മുസ്‌ലിം സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നത്. സയണിസ്റ്റ്  സാമ്രാജ്യത്വ ശക്തികള്‍ മുസ്‌ലിം ലോകം വെട്ടി മുറിക്കാനുള്ള കരുക്കള്‍ നീക്കുകയാണ്. ഫലസ്തീന്‍ ജനതയെ ഭയപ്പെടുത്തി മസ്ജിദുല്‍ അഖ്‌സയെ കീഴ്‌പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ മുടങ്ങുന്ന സാഹചര്യമുണ്ടായി. വിശ്വാസികളെ ആ പള്ളിയിലേക്ക് പ്രവേശിപ്പിക്കാതെ പീഡിപ്പിക്കുന്നു. ഇബ്‌റാഹിം പ്രവാചകന്റെ പാദസ്പര്‍ശമേറ്റ ഫലസ്തീനിന്റെ മോചനത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന്റെ സാന്നിധ്യത്തെ ഭയത്തോടെ കാണുകയും ആ ഭയം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ലക്ഷ്യം ഒന്നാണ്. യൂറോപ്പിലും ഇന്ത്യയിലുമെല്ലാം വംശീയ വാദികള്‍ നിറഞ്ഞാടുകയാണ്. ഭക്ഷണം, വിശ്വാസം, ചിന്ത എന്നീ സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ ആള്‍കൂട്ട ആക്രമണം നടക്കുകയാണ്. ആശയ പ്രചാരണം എന്ന മൗലികാവകാശം ധ്വംസിക്കാന്‍ വര്‍ഗീയ ശക്തികള്‍ അക്രമണം അഴിച്ചുവിടുന്നു. ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവനെ അടിച്ചുകൊല്ലുകയും ചെയ്യുന്നു. ആള്‍കൂട്ടങ്ങളും ചാവേര്‍ സംഘങ്ങളും നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. കൊലക്ക് കൊല, വെട്ടിന് വെട്ട് എന്ന രീതി ആള്‍ക്കൂട്ടങ്ങള്‍ക്ക് ശിക്ഷ നടപ്പിലാക്കാനുള്ള അധികാരമില്ല. വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ മനുഷ്യ സൗഹാര്‍ദ്ദത്തിനും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും തയ്യാറാവണം. വൈവിധ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരോടുള്ള അസഹിഷ്ണുത ആപത്താണ്. വര്‍ഗീയവാദികളും മതതീവ്രവാദികളും അസഹിഷ്ണുത വിതക്കുകയാണ്. ആഗോള തലത്തില്‍ ഭീകര സംഘങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ഈ ഭീകര സംഘങ്ങളെ പുതിയ പേരുകളില്‍ കെട്ടിയിറക്കുന്നത് കരുതിയിരിക്കണം. മതപ്രബോധനം മനുഷ്യര്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും നിലനിര്‍ത്തികൊണ്ടായിരിക്കണം. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ കരുതിയിരിക്കണണെന്ന് മജീദ് സ്വാലാഹി ഉദ്‌ബോധിച്ചു. യു.എ.ഇ യുടെ വിവിധ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ സ്ത്രീകളും കുട്ടികളും അടക്കം വമ്പിച്ച ജനാവലി ഈദ്ഗാഹില്‍ പങ്കെടുത്തു. പരസ്പര സൗഹൃദം പുതുക്കാനും ഈദ് സന്ദേശം കൈമാറാനും അല്‍മനാര്‍ ഈദ് ഗാഹ് വേദിയൊരുക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss