|    Jul 20 Fri, 2018 2:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാദിയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഇഷ്ടമുള്ള മതം സ്വീകരിക്കാനും വിവാഹിതയാകാനുമുള്ള ഡോ. ഹാദിയയുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍.ഹാദിയ കേസില്‍ എത്രയും വേഗം നിഷ്പക്ഷ അന്വേഷണം പൂര്‍ത്തിയാക്കി സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു മഹിള അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ഹാദിയക്ക് സ്വതന്ത്രമായി നിലപാടു വ്യക്തമാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും അവരുടെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നു വ്യക്തമാക്കിയ അസോസിയേഷന്‍,  വര്‍ഗീയസംഘര്‍ഷത്തിന് ഇടയാക്കുന്ന രീതിയില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് സ്വന്തം തീരുമാന പ്രകാരം ജീവിക്കാന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ആരുമായും ആശയവിനിമയത്തിനു സാഹചര്യമില്ലാതെയാണു ഹാദിയ വീട്ടുതടങ്കലില്‍ കഴിയുന്നത്. അസോസിയേഷന്‍ നേതാക്കള്‍ക്കു യുവതിയെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചില്ല. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്കു പോലും യുവതിയെ സന്ദര്‍ശിക്കാന്‍ അനുമതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹാദിയയെ പിതാവിന്റെ സംരക്ഷണത്തില്‍ വിട്ട ഹൈക്കോടതി ഉത്തരവ് തികഞ്ഞ യാഥാസ്ഥിതിക മനോഭാവത്തിന്റെ പ്രതിഫലനമാണ്. രക്ഷിതാക്കളുടെ എതിര്‍പ്പ് വിവാഹിതയായ മകളെ തടവിലിടാനുള്ള കാരണമാവുന്നില്ല. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ അവകാശങ്ങളെ നിഷേധിക്കുന്ന നടപടി ന്യായീകരിക്കാനാവില്ല. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുള്‍പ്പെടെ യുവതിയുടെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ഹാദിയയുടെ ഭാഗം പോലും കേള്‍ക്കാതെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് ഉത്തരവിടുകയാണു സുപ്രിം കോടതി ചെയ്തത്. പോലിസിന് നല്‍കിയ മൊഴിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും വിവാഹിതയായതെന്നും വ്യക്തമാണ്. മിശ്രവിവാഹത്തെ എതിര്‍ക്കുന്ന തീവ്ര വലതു സംഘടനകള്‍ സൃഷ്ടിച്ച “ലൗ ജിഹാദ്’ വാദത്തിനു കോടതിവിധികള്‍ സാധുത നല്‍കുന്നതു ദൗര്‍ഭാഗ്യകരമാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ലെയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss