ഹാദിയയുടെ വിവാഹം നിയമപരം
Published : 9th March 2018 | Posted By: kasim kzm
സിദ്ദീഖ് കാപ്പന്
ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച ഡോ. ഹാദിയയുടെ ഷഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഭരണഘടനയുടെ 226ാം വകുപ്പു പ്രകാരമുള്ള ഹേബിയസ് കോര്‍പസ് ഹരജി അനുസരിച്ച് ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന് സുപ്രിംകോടതിയില്‍ നല്കിയ ഹരജി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. ഹരജിയെ തുടര്‍ന്ന് നവംബര്‍ 27ന് ഹാദിയയെ സുപ്രിംകോടതിയില്‍ നേരിട്ടു ഹാജരാക്കുകയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹാദിയയെ കേള്‍ക്കുകയും ചെയ്തിരുന്നു.
രണ്ടു വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും അതില്‍ ഇടപെടാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
കേസില്‍ ഏതെങ്കിലും രീതിയിലുള്ള ക്രിമിനല്‍ വശങ്ങളുണ്ടെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് നിയമവിധേയമായ രീതിയില്‍ അന്വേഷണം തുടരാമെന്നും ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരസമ്മതത്തോടെ ഏര്‍പ്പെട്ട വിവാഹം ഹേബിയസ് കോര്‍പസ് ഹരജിയില്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണ്. വ്യക്തിനിയമങ്ങളും പൊതുനിയമങ്ങളും കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
2017 മെയ് 25നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിട്ടത്. ഇതിനെതിരേ നല്കിയ ഹരജിയിലാണ് എട്ടുമാസത്തിനു ശേഷം സുപ്രിംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. ഇന്നലെ ഇരുവിഭാഗങ്ങളുടെയും എന്‍ഐഎയുടെയും അന്തിമവാദം കേട്ടശേഷം ഉച്ചയ്ക്ക് രണ്ടിന് വിധിയുടെ പ്രധാന ഭാഗം മാത്രമാണ് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് വായിച്ചത്.
226ാം അനുച്ഛേദപ്രകാരം അസാധാരണ സാഹചര്യത്തില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് വാദിച്ചെങ്കിലും രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹത്തിന്റെ കാര്യത്തില്‍ അത് ഉപയോഗപ്പെടുത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു. ഹാദിയയെ വിദേശത്തേക്ക് കടത്തുമെന്ന പിതാവിന്റെ വാദവും കോടതി തള്ളി. അത്തരം സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടാമായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഹാദിയയെ രണ്ടാം ഭാര്യയാക്കി യമനിലേക്ക് കടത്താന്‍ ശ്രമിച്ച ഫസല്‍ മുസ്തഫയും ഷെറിന് ഷഹാനയും വിദേശത്തേക്കു കടന്നെന്ന് എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു. എന്നാല്‍, അത് തടയേണ്ടത് എന്‍ഐഎ ആയിരുന്നുവെന്നാണ് ഇതിന് ചീഫ് ജസ്റ്റിസ് നല്കിയ മറുപടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.