|    Oct 16 Tue, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹാദിയക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കാത്തത് ദൗര്‍ഭാഗ്യകരം : ഇ ടി

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ച ഡോ. ഹാദിയ വൈക്കത്തെ സ്വന്തം വീട്ടില്‍ അനുഭവിക്കുന്ന തടങ്കലി ല്‍ പ്രതിഷേധി—ച്ച് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവന്നതോടെ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയാണ്. ഹാദിയ നേരിടുന്നത് പൗരാവകാശ, മനുഷ്യാവകാശ പ്രശ്‌നങ്ങളാണെന്നു ചൂണ്ടിക്കാട്ടി കവി കെ സച്ചിദാനന്ദന്‍, എഴുത്തുകാരി ഡോ. ജെ ദേവിക, സാമൂഹിക പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഗോപാല്‍ മേനോന്‍, മീരാ വേലായുധന്‍ തുടങ്ങിയവര്‍ രംഗത്തുവരികയുണ്ടായി. ഗുരുതരമായ മനുഷ്യാവകാശലംഘനം നേരിടുന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.  ഇതുസംബന്ധിച്ച് രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട നിവേദനം കമ്മീഷനുകള്‍ക്കു കൈമാറിയിട്ടുണ്ട്. ഹാദിയ വിഷയത്തില്‍ ആശങ്കയുമായി സാമൂഹിക പ്രവര്‍ത്തകരായ ഡോ. ജെ ദേവിക, വര്‍ഷ ബഷീര്‍, മൃദുലാ ഭവാനി എന്നീ വനിതാ പ്രവര്‍ത്തകര്‍ കേരളാ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. ഡോ. ഹാദിയയുടെ പ്രശ്‌നത്തില്‍ ടീസ്ത സെറ്റല്‍വാദ് ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി ദേശീയതലത്തില്‍തന്നെ അനീതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ തീരുമാനം. സമാനതകളില്ലാത്ത നീതിനിഷേധമാണ് ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയ നേരിടുന്നതെന്നും ഈ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം അസാധുവാക്കി കോടതി നടത്തിയ നിരീക്ഷണങ്ങളും വിഷയം ദേശീയ അന്വേഷണ ഏജന്‍സിക്ക് വിട്ട സാഹചര്യവും ഒട്ടേറെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മതംമാറിയെന്ന ഒറ്റ കാരണത്താല്‍ മനുഷ്യാവകാശവും നീതിയും സ്വാതന്ത്ര്യവും നിഷേധിച്ച് യുവതിയെ വീട്ടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്ന സമാനസാഹചര്യം കേട്ടുകേള്‍വി പോലുമില്ല. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പിന്നീട് വേണ്ടെന്നു വയ്ക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നു. പ്രായപൂര്‍ത്തിയായ യുവതിയുടെ കാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കരുതെന്നും സംഗമം ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന സംഗമം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഹാദിയക്ക് എന്തു പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ഒരവസരം നല്‍കാത്ത സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതം മാറിയതെന്ന് അ വര്‍ വ്യക്തമാക്കിയതാണ്. സ്വന്തം ഇഷ്ടത്തിന് മതംമാറുന്നത് രാജ്യത്ത് ആദ്യ സംഭവമല്ല.  മതംമാറ്റം അനാവശ്യ ചര്‍ച്ചയിലേക്ക് വഴിമാറി മതസ്പര്‍ധയുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള യത്‌നമാണ് ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും സമ്മര്‍ദം കാരണമല്ല മതം മാറിയതെന്ന് ഹാദിയയുടെ കാര്യത്തില്‍ വ്യക്തമാണ്. സോളിഡാരിറ്റി വൈസ് പ്രസിഡന്റ്് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. അനാവശ്യ സ്വത്വബോധം സൃഷ്ടിച്ച് ഇസ്‌ലാം മതത്തെ അപരവല്‍ക്കരിക്കാനുള്ള ശ്രമമാണ് സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി പി ജോണ്‍, ബി രാജീവന്‍, ഭാസുരേന്ദ്ര ബാബു, മൗലവി വി പി സുഹൈബ്, കെ എ ഷഫീഖ്, കെ കെ ബാബുരാജ്, യൂസുഫ് ഉമരി, ജുസൈന സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss