|    Apr 30 Sun, 2017 8:42 am
FLASH NEWS

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ ഉടന്‍ പ്രവേശിപ്പിക്കും

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ദര്‍ഗ സന്ദര്‍ശിക്കാന്‍ വരുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ പ്രാധാന്യം നല്‍കുമെന്ന് മുംബൈയിലെ ഹാജി അലി ദര്‍ഗാ ഭരണസമിതി സുപ്രിംകോടതിയെ അറിയിച്ചു. ഇതിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നാലാഴ്ച വേണമെന്നും ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രഹൂഡ്, എല്‍ നാഗേശ്വരറാവു എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രിംകോടതി ബെഞ്ചിനെ ഭരണസമിതി അറിയിച്ചു.
ദര്‍ഗക്കുള്ളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാന്‍ അനുവദിക്കുമെന്നു കാണിച്ച് ഇന്നലെ ഭരണസമിതിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അധിക സത്യവാങ്മൂലം നല്‍കുകയായിരുന്നു. അതിനായി സമയം വേണമെന്ന ഭരണസമിതിയുടെ ആവശ്യം മൂന്നംഗബെഞ്ച് അംഗീകരിക്കുകയും ചെയ്തു. ദര്‍ഗയില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ ട്രസ്റ്റിന്റെ നടപടിയെ ആഗസ്ത് 26ന് ബോംബെ ഹൈക്കോടതി നിരോധിച്ചിരുന്നു.
പ്രവേശനം ആവശ്യപ്പെട്ടു വിവിധ സ്ത്രീസംഘടനകള്‍ പ്രക്ഷോഭവും നിയമനടപടിയും സ്വീകരിച്ചതോടെയാണ് വിഷയത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിപറഞ്ഞത്.
ഭരണഘടനയുടെ 14, 15, 25 വകുപ്പുകള്‍ പ്രകാരം സ്ത്രീകളെ പൊതുഇടമായ ദര്‍ഗയില്‍ പ്രവേശിക്കുന്നതു വിലക്കാന്‍ ഭരണസമിതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയുടെ മുഖ്യകവാടത്തില്‍ പ്രവേശിക്കാനും സന്ദര്‍ശനം നടത്താനും അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടുകയും സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ പ്രവേശനവിലക്ക് എടുത്തുകളയുകയുമായിരുന്നു.
ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ഭരണസമിതി സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ മാസം 17വരെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിക്കുള്ള സ്‌റ്റേ സുപ്രിംകോടതി നീട്ടിനല്‍കി. ഹരജി പരിഗണിക്കുന്നതിനിടെ വിഷയത്തില്‍ ഭരണസമിതി പുരോഗമന നിലപാട് സ്വീകരിക്കുമെന്നു കരുതുന്നതായും സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. നിങ്ങള്‍ ആരേയും പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ അതു പ്രശ്‌നമില്ല.
എന്നാല്‍, ഒരുവിഭാഗത്തിന് അനുമതി നല്‍കി മറുവിഭാഗത്തെ തടയുന്നതു തെറ്റാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇതേതുടര്‍ന്ന് എല്ലാ വിശുദ്ധ ഗ്രന്ധങ്ങളും ലിംഗസമത്വം പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും വിവാദത്തില്‍ പുരോഗമന നിലപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. ഇതിനു പിന്നാലെയാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഭരണസമിതി അധിക സത്യവാങ്മൂലം നല്‍കിയത്. ഹരജി അടുത്തമാസം വീണ്ടും പരിഗണിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day