|    Jan 24 Tue, 2017 4:37 am

ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനത്തിന് കോടതി അനുമതി

Published : 27th August 2016 | Posted By: SMR

മുംബൈ: ഹാജി അലി ദര്‍ഗയിലെ മഖ്ബറയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. 2012 മുതല്‍ ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടഞ്ഞ ദര്‍ഗ ട്രസ്റ്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ എന്ന സന്നദ്ധ സംഘടനയിലെ നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ വി എം കനാഡെ, രേവതി മോഹിത് ദരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ദര്‍ഗ ട്രസ്റ്റിന്റെ അപേക്ഷ പരിഗണിച്ച് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനു വിധി നടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതിന് വ്യക്തികളേയോ സംഘങ്ങളെയോ തടയാന്‍ ട്രസ്റ്റിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. പുരുഷന്റെ ഖബറിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന ദര്‍ഗ ട്രസ്റ്റിന്റെ വാദം കോടതി തള്ളി. 2012 വരെ ഖബറിടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം അനിസ്‌ലാമികമാണെന്ന ട്രസ്റ്റിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല.
ഇസ്‌ലാം ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് കാണിച്ച് ഹരജിക്കാരുടെ അഭിഭാഷകന്‍ രാജു മൊറായ് ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യം കോടതി ചൂണ്ടിക്കാട്ടി. നിരോധനം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ക്കെതിരാണെന്നതിന് തെളിവുകളും ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ആരാധനാ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സുപ്രിംകോടതി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. അഭിഭാഷകന്‍ സുഹൈബ് മേമനാണ് ട്രസ്റ്റിന് വേണ്ടി കോടതിയില്‍ വാദിച്ചത്.
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ രണ്‍റാഗിണി ബ്രിഗേഡ് സ്വാഗതം ചെയ്തു. സ്ത്രീശക്തിയുടെ വിജയമാണിതെന്ന് തൃപ്തി ദേശായി പറഞ്ഞു. ദേശായിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം ഞായറാഴ്ച ദര്‍ഗ സന്ദര്‍ശിക്കും. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ അംഗവും സന്നദ്ധ പ്രവര്‍ത്തകയുമായ ബി സി കാത്തൂണും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക